യുക്രൈന് ഭീഷണിയുമായി പുടിന്‍; ബലപ്രയോഗത്തിലൂടെ ലക്ഷ്യം നേടിയെടുക്കും: ട്രംപ്-സെലെന്‍സ്‌കി കൂടിക്കാഴ്ച ഉടന്‍
മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധം നാലാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും ഇരു ഭരണകൂടങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ തുടരുന്നു. യുക്രൈനെ കുറ്റപ്പെടുത്തിയും ഭീഷണി മുഴക്കിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ രംഗത്തു വന്നു. യുദ്ധം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അവസാനിപ്പിക്കാന്‍ യുക്രൈന്‍ ഭരണകൂടം താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പുടിന്‍ കുറ്റപ്പെടുത്തി. ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ യുക്രൈന്‍ തയാറായില്ലെങ്കില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ ബലം പ്രയോഗിച്ചുള്ള സൈനിക നടപടിയിലൂടെ നേടിയെടുക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് ആണ് ശനിയാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റഷ്യന്‍ സൈനിക കമാന്‍ഡ് പോസ്റ്റുകളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു പുടിന്റെ ഈ പ്രസ്താവന. വിവിധ സൈനിക വിഭാഗങ്ങളുടെ കമാന്‍ഡര്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുദ്ധത്തില്‍ റഷ്യന്‍ സൈന്യം നിര്‍ണായക മുന്നേറ്റം നടത്തുന്നതായി കമാന്‍ഡര്‍മാര്‍ പുടിനെ ധരിപ്പിച്ചു. ഡൊണറ്റ്സ്‌ക് മേഖലയിലെ മൈര്‍നോഹ്രാഡ്, റോഡിന്‍സ്‌കെ, ആര്‍ട്ടെമിവ്ക എന്നീ പട്ടണങ്ങളും സപോരിജിയയിലെ ഹുലൈപോള്‍, സ്റ്റെപ്‌നോഹിര്‍സ്‌ക് എന്നിവയും റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി കമാന്‍ഡര്‍മാര്‍ അവകാശപ്പെട്ടു.

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് വ്ളാഡിമിര്‍ പുടിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ടുവച്ച 20 പോയിന്റ് നിര്‍ദേശങ്ങള്‍ക്ക് സെലെന്‍സ്‌കി വഴങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022-ലാണ് റഷ്യ യുക്രൈനില്‍ പൂര്‍ണ തോതിലുള്ള അധിനിവേശം തുടങ്ങിയത്. മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് യുക്രൈനില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താന്‍ റഷ്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. എങ്കിലും യുക്രൈന്‍ ഇതുവരെ റഷ്യയ്ക്കു കീഴടങ്ങിയിട്ടില്ല. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്.
അതേസമയം, റഷ്യയുടെ അവകാശവാദങ്ങള്‍ തള്ളി സെലെന്‍സ്‌കി രംഗത്തെത്തി. യുക്രൈന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ റഷ്യ യുദ്ധം തുടരാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും പുടിന്‍ യുദ്ധപ്രിയനാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ യുക്രൈനിലുടനീളം റഷ്യ നടത്തിയ വന്‍തോതിലുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഇതിന് തെളിവാണെന്നും സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. പുടിനെ കഴിഞ്ഞ ദിവസം സെലെന്‍സ്‌കി 'യുദ്ധത്തിന്റെ മനുഷ്യന്‍' എന്ന് വിശേഷിപ്പിച്ചത് ആരോപണ പ്രത്യാരോപണങ്ങളുടെ മൂര്‍ച്ച കൂട്ടിയിരുന്നു. രാത്രി മുഴുവന്‍ നീണ്ടുനിന്ന ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് ഇരു രാഷ്ട്രത്തലവന്മാരും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയത്.
ഒരു വശത്ത് സൈനിക മുന്നേറ്റങ്ങള്‍ ശക്തമാകുമ്പോള്‍ മറുവശത്ത് സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ മങ്ങുകയാണ്. റഷ്യയുടെ പുതിയ നീക്കങ്ങളും യുക്രൈനിലെ പ്രധാന പട്ടണങ്ങള്‍ പിടിച്ചെടുത്തതായുള്ള അവകാശവാദങ്ങളും വരും ദിവസങ്ങളില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയാണ് നല്‍കുന്നത്.












Click it and Unblock the Notifications