ഖത്തര്‍, കുവൈത്ത് മുഖം തിരിച്ചു; അമേരിക്കന്‍ സൈന്യം പാടുപെടും... പശ്ചിമേഷ്യ മാത്രമല്ല, മൊത്തം തകരും
ദുബായ്: ഇറാന്റെ എംബസി ആക്രമിച്ച ഇസ്രായേല്‍ നടപടി ലോകത്ത് യുദ്ധഭീതി വിതച്ചിരിക്കുകയാണ്. ഏത് സമയവും തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇറാന്റെ ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കിയ അമേരിക്ക കൂടുതല്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ തീരുമാനിച്ചു. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് അമേരിക്കയും ഇടപെട്ടാല്‍ ആഘാതം കനക്കുമെന്ന് ഇറാനും വാക് പോര് നടത്തുകയാണ്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിലേക്കും ഇസ്രായേലിലേക്കും പോകരുത് എന്നാണ് നിര്‍ദേശം. ഹരിയാനയില്‍ നിന്നടക്കം നിരവധി ഇന്ത്യക്കാര്‍ അടുത്തിടെ ജോലി തേടി ഇസ്രായേലില്‍ എത്തിയിരുന്നു. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചിത്രം മാറുമ്പോള്‍ ലോകം ആശങ്കയുടെ മുള്‍മുനയിലാണ്. ഈ വേളയിലാണ് ഖത്തറും കുവൈത്തും അമേരിക്കയോട് മുഖം തിരിച്ചു എന്ന വാര്‍ത്ത.

ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വിമാനത്താവളങ്ങളോ വ്യോമ പരിധിയോ ഉപയോഗിക്കരുത് എന്ന് ഖത്തറും കുവൈത്തും അമേരിക്കയെ അറിയിച്ചു എന്നാണ് വാര്‍ത്ത. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ മലേഷ്യയിലേയും ബ്രിട്ടനിലെയും ചില മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. വാര്‍ത്ത ശരിയാണെങ്കില്‍ അമേരിക്കക്ക് വലിയ തിരിച്ചടിയാകുമിത്.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് കുവൈത്തും ഖത്തറും. രണ്ടിടത്തും അമേരിക്കക്ക് സൈനിക താവളങ്ങളുണ്ട്. നേരത്തെ അഫ്ഗാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ വേളയില്‍ ഈ സൈനിക താവളങ്ങള്‍ അമേരിക്ക ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇറാനെതിരെ സമാനമായ നീക്കം നടത്താന്‍ അനുവദിക്കില്ല എന്നാണ് കുവൈത്തും ഖത്തറും നിലപാട് എടുത്തിരിക്കുന്നതത്രെ.
കുവൈത്തിലെ അലി അല്‍ സലിം വ്യോമ താവളത്തിലും ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിലും അമേരിക്കന്‍ സൈനികര്‍ ക്യാംപ് ചെയ്യുന്നുണ്ട്. കൂടാതെ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ നാവിക സൈനികരെ മേഖലയില്‍ വിന്യസിക്കാനും അമേരിക്ക തീരുമാനിച്ചു. ഇവര്‍ എവിടെ നിലയുറപ്പിക്കുമെന്നതാണ് അമേരിക്കയുടെ മുന്നിലുള്ള ചോദ്യം. യുദ്ധം തുടങ്ങിയാല്‍ പശ്ചിമേഷ്യ മാത്രമല്ല, ആഗോള സാമ്പത്തിക രംഗം പൂര്‍ണമായും തകരുമെന്ന ആശങ്കയും വ്യാപകമാണ്.
അറബ് ലോകത്തെ പ്രധാന സൈനിക ശക്തിയാണ് ഇറാന്‍. ഇറാനെ പിന്തുണയ്ക്കുന്ന ഷിയാ സായുധ സംഘങ്ങള്‍ പശ്ചിമേഷ്യയില്‍ വ്യാപകമായുണ്ട്. അതുകൊണ്ടുതന്നെ ഇറാനെതിരായ ആക്രമണത്തിന് അമേരിക്കക്ക് സൗകര്യം ഒരുക്കുന്നത് തങ്ങളുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ മനസിലാക്കുന്നു. രണ്ട് പക്ഷവും പിടിക്കേണ്ട എന്ന നിലപാടിലേക്കാണ് ഗള്‍ഫ് രാജ്യങ്ങള്‍ എത്തുന്നത്. യുദ്ധം ഒഴിവാക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.
ഇസ്രായേലുമായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നയതന്ത്ര ബന്ധമുണ്ടായിരുന്നില്ല. 2020ലാണ് യുഎഇയും ബഹ്‌റൈനും ബന്ധം സ്ഥാപിച്ചത്. സൗദിയുമായി ബന്ധം സ്ഥാപിക്കുമെന്ന വാര്‍ത്തകളും വന്നിരുന്നു. അതിനിടെയാണ് എല്ലാം തകിടംമറിച്ച് കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ മിന്നലാക്രമണമുണ്ടായത്. ഇതോടെ പശ്ചിമേഷ്യയിലെ ചിത്രം മാറി. ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്‍ എംബസി ആക്രമിച്ച ഇസ്രായേല്‍ സൈന്യം മുതിര്‍ന്ന സൈനിക കമാന്റര്‍ മുഹമ്മദ് റസാ സഹിദിയെ കൊലപ്പെടുത്തിയതാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications