ഖത്തര്‍ വാതകം പ്രതീക്ഷിച്ചിട്ടു കാര്യമില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ ഗള്‍ഫ് വിടുന്നു, വീണ്ടും തിരിച്ചടി
പശ്ചിമേഷ്യയിലെ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. ക്രൂഡ് ഓയില്‍, പ്രകൃതി വാതക ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ് ജിസിസി രാജ്യങ്ങള്‍. ദീര്‍ഘകാല കരാറുകള്‍ പ്രകാരമുള്ള വാതകം നല്‍കാന്‍ തല്‍ക്കാലത്തേക്കെങ്കിലും സാധിച്ചേക്കില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ഖത്തറിനെയും അമേരിക്കയെയും ആശ്രയിച്ചിരുന്ന യൂറോപ്പ് പുതിയ ഇടം കണ്ടെത്തുകയാണ്.
നേരത്തെ റഷ്യയില്‍ നിന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രകൃതി വാതകം വാങ്ങിയിരുന്നത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കി. പകരം അമേരിക്ക, ഖത്തര്‍ എന്നീ രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ഹോര്‍മുസ് അടച്ചതിനാല്‍ ഖത്തര്‍ വാതക ഉല്‍പ്പാദനം താല്‍ക്കാലികമായി കുറയ്ച്ചിരിക്കുകയാണ്. ഇതാണ് യൂറോപ്പിനെ മാറ്റി ചിന്തിപ്പിക്കുന്നത്.

വാതകത്തിന് വേണ്ടി ആഫ്രിക്കന്‍ രാജ്യങ്ങളെ ആശ്രയിക്കാനാണ് യൂറോപ്പിന്റെ തീരുമാനം. സെനഗല്‍, നൈജീരിയ, ഗിനിയ, കോംഗോ എന്നീ രാജ്യങ്ങളിലാണ് യൂറോപ്പിന്റെ ശ്രദ്ധ. അടുത്ത മാസം പാരിസില്‍ ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തി നിക്ഷേപ സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നുള്ള വാതകം വാങ്ങുന്നതിന് കരാറുണ്ടാക്കുകയാണ് പ്രധാന ലക്ഷ്യം.
റഷ്യയില്‍ നിന്ന് പൈപ്പ് ലൈന്‍ വഴിയാണ് യൂറോപ്പിലേക്ക് വാതകം എത്തിക്കൊണ്ടിരുന്നത്. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഇത് നിര്‍ത്തിയപ്പോള്‍ പശ്ചിമേഷ്യയെയും അമേരിക്കയെയും യൂറോപ്പ് ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മറ്റു വഴികളും തേടി. ഇവര്‍ നേരത്തെ ആഫ്രിക്കയിലെത്തിയിട്ടുണ്ട്. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിക്ഷേപ സംഗമത്തോടെ ഈ വഴി സ്വീകരിച്ചേക്കും.
ആഫ്രിക്കയില്‍ തിളങ്ങുന്നത് ഇവര്‍
നൈജീരിയ ആണ് ആഫ്രിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി കയറ്റുമതി ചെയ്യുന്ന രാജ്യം. തെക്കന്‍ യൂറോപ്പിലേക്കാണ് പ്രധാനമായും നൈജീരിയയില്‍ നിന്നുള്ള വാതകം കയറ്റുമതി ചെയ്യുന്നത്. പോര്‍ച്ചുഗല്‍ ഇറക്കുമതി ചെയ്യുന്ന പകുതി വാതകവും നൈജീരിയയില്‍ നിന്നാണ്. സ്‌പെയിനും ഇപ്പോള്‍ നൈജീരിയയെ കൂടുതല്‍ ആശ്രയിക്കുന്നുണ്ട്.
പുതിയ സാഹചര്യത്തില്‍ വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നൈജീരിയ. ഇക്വട്ടോറിയല്‍ ഗിനിയ വാതക കയറ്റുമതി വര്‍ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വൈകാതെ 30 ലക്ഷം ടണ്‍ വാതകം കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന പദ്ധതി കോംഗോ തുടങ്ങിയിട്ടുണ്ട്. അതേസമയം, സെനഗല്‍-മൗറിത്താനിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പുതിയ വാതക മേഖല വികസിപ്പിച്ചിട്ടുണ്ട്.
ആഫ്രിക്കയില്‍ നിന്നുള്ള ചരക്കുകള്‍ യൂറോപ്പിലേക്ക് എത്തിക്കുന്നത് താരതമ്യേന എളുപ്പമാണ് എന്നതാണ് മറ്റൊരു നേട്ടം. പാരിസ് നിക്ഷേപ സംഗമം യൂറോപ്പിനും ആഫ്രിക്കക്കും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. പ്രത്യേകിച്ചും ഖത്തറിന്. ജാഫൂറയില്‍ നിന്ന് വാതക ഖനനം ആരംഭിച്ച സൗദിക്കും മുന്നറിയിപ്പാണ് യൂറോപ്പിന്റെ നീക്കം.












Click it and Unblock the Notifications