ഖത്തര്‍ സൈനികര്‍ അമേരിക്കയില്‍ തമ്പടിക്കും; തുര്‍ക്കിക്ക് പിന്നാലെ, ഇത് വേറിട്ട നീക്കം, പുതിയ കരാര്‍
ദോഹ: പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. അല്‍ ഉദൈദ് താവളത്തില്‍ 10000ത്തില്‍ അധികം യുഎസ് സൈനികരാണുള്ളത്. കഴിഞ്ഞ ജൂണില്‍ ഇറാന്‍ ആക്രമണം നടത്തിയത് ഈ താവളത്തിലാണ്. പശ്ചിമേഷ്യയിലെ എല്ലാ യുഎസ് നീക്കങ്ങളും നിയന്ത്രിക്കുന്നത് അല്‍ ഉദൈദ് താവളത്തിലെ സൈനികാണ്.
എന്നാല്‍ ഇപ്പോള്‍ ഖത്തര്‍ പുതിയ കരാര്‍ ഒപ്പുവച്ചിരിക്കുകയാണ്. അമേരിക്കയില്‍ ഖത്തര്‍ സൈനികര്‍ക്ക് ക്യാമ്പ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ കരാര്‍. അമേരിക്കയിലെ വ്യോമ താവളത്തില്‍ ഖത്തറിന് പ്രത്യേക സൗകര്യം ഒരുക്കും. ഇവിടേക്ക് ഖത്തറിന്റെ എഫ്-15 യുദ്ധവിമാനങ്ങള്‍ എത്തിക്കും. അടുത്ത പത്ത് വര്‍ഷം ഈ താവളം ഖത്തറിന്റെ നിയന്ത്രണത്തിലാകും. ഖത്തറിന് സൗകര്യം ഒരുക്കിയതില്‍ ട്രംപിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തും ഖത്തര്‍ പ്രതിരോധ മന്ത്രി ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാനും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തെ വ്യോമ താവളത്തില്‍ ഖത്തര്‍ സൈന്യത്തിനും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നതാണ് കരാര്‍. പെന്റഗണില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ കരാര്‍ ഒപ്പുവച്ചത്.
അമേരിക്കന്‍ വ്യോമസേനയ്ക്ക് ഇവിടെയുള്ള മലയോര മേഖലയില്‍ കൂറ്റന്‍ സൈനിക താവളമുണ്ട്. പ്രത്യേക കേന്ദ്രം സ്ഥാപിച്ച് ഖത്തറിന്റെ എഫ്-15 യുദ്ധ വിമാനങ്ങള്‍ ഇവിടേക്ക് എത്തിക്കും. കൂടെ ഖത്തര്‍ സൈനികരുമെത്തും. ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കും. കൂടാതെ അമേരിക്കയുടെയും ഖത്തറിന്റെയും പൊതുവായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഈ സൈനികര്‍ പ്രവര്‍ത്തിക്കും.
പുതിയ തൊഴില്‍ അവസരങ്ങള്‍
അമേരിക്കന്‍ പൗരന്മാര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ് ഖത്തറുമായുള്ള കരാര്‍. താവളത്തില്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന്റെ നടത്തിപ്പും അറ്റക്കുറ്റ പണികളുമെല്ലാം അടുത്ത് പത്ത് വര്‍ഷത്തേക്ക് ഖത്തര്‍ നടത്തും. ഇതാണ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ വഴിയൊരുക്കുക. ഖത്തറുമായി മാത്രമല്ല ഇത്തരം കരാര്‍ അമേരിക്കക്കുള്ളത്.
തുര്‍ക്കി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുമായും ഇതിന് മുമ്പ് അമേരിക്ക സമാന കരാറില്‍ ഒപ്പുവച്ചിരുന്നു. തുര്‍ക്കി നാറ്റോ സൈനിക സഖ്യത്തില അംഗരാജ്യമാണ്. ഖത്തറിനെ പ്രധാന നാറ്റോ ഇതര സഖ്യരാജ്യമായി അമേരിക്ക 2022ല്‍ പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് നല്‍കല്‍ കൂടിയാണ് സൈനിക കേന്ദ്രം.
അതേസമയം, ഖത്തറിന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെതിരെ അമേരിക്കയില്‍ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ഖത്തര്‍ ഹമാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായം നല്‍കുന്നവരാണ് എന്ന് ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഇവര്‍ വിമര്‍ശിക്കുന്നു. നേരത്തെ ഖത്തര്‍ ഭരണകൂടം ഡൊണാള്‍ഡ് ട്രംപിന് ആഡംബര വിമാനം നല്‍കിയതും വലിയ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications