Qatar crisis : ഖത്തര്‍ വീണാല്‍ സംഭവിക്കുക നിശബ്ദ കൂട്ടക്കൊല; ആശങ്കയോടെ ഒരു മുനമ്പ്, പാതി ഇരുട്ടില്‍!
ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ സൗദിയും യുഎഇയും ബഹ്‌റൈനും പറഞ്ഞ ഒരുകാര്യം. ഹമാസിനെയും മുസ്ലിം ബ്രദര്‍ഹുഡിനെയും ഖത്തര്‍ പിന്തുണയ്ക്കാറുണ്ട്.
ദോഹ: ഖത്തര്‍ പ്രതിസന്ധി ലോകം ആശങ്കയോടെ കാണുമ്പോള്‍ ഭീതി നിറഞ്ഞ ഒരു ഭൂപ്രദേശമുണ്ട്. വര്‍ഷങ്ങളായി ഇസ്രായേലിന്റെ ഉപരോധത്തിന്റെയും മിസൈല്‍ ആക്രമണത്തിന്റെയും നിഴലില്‍ കഴിയുന്ന ഒരു മുനമ്പ്. പലസ്തീനിലെ ഗാസ.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ആക്രമണം ഗാസയില്‍ നിന്നുണ്ടാകുമെന്ന ആശങ്കയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. ആക്രമണ സാധ്യതയുണ്ടെന്ന് അവര്‍ക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ടത്രെ. അതിനാല്‍ കടുത്ത മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയാണ് ഇസ്രായേല്‍.

പലസ്തീനിലെ ഹമാസ്
നിലവില്‍ പലസ്തീനിലെ ഗാസ ഭരിക്കുന്നത് ഹമാസ് ആണ്. മറ്റൊരു ഭൂപ്രദേശമായ വെസ്റ്റ് ബാങ്ക് ഫതഹും ഭരിക്കുന്നു. ഫതഹിന് സ്വാധീനമുള്ള പലസ്തീന്‍ അതോറിറ്റിക്കാണ് അധികാരം. അതോറിറ്റിയുടെ പ്രസിഡന്റാണ് ഫതഹ് നേതാവായ മഹ്മൂദ് അബ്ബാസ്.

അബ്ബാസിനെ കൂട്ടുപിടിച്ച്
അബ്ബാസിനെ കൂട്ടുപിടിച്ചാണ് ഗാസക്കെതിരേ ഇസ്രായേല്‍ എപ്പോഴും നടപടി സ്വീകരിക്കുക. ഖത്തറിന്റെ പൂര്‍ണ പിന്തുണ ഗാസക്കുണ്ട്. 2006ല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസ തകര്‍ന്നപ്പോള്‍ സഹായത്തിന് എത്തിയത് ഖത്തര്‍ അമീറായിരുന്നു.

വൈദ്യുതി വിതരണം കുറച്ചു
ഇപ്പോള്‍ പുതിയ സാഹചര്യത്തില്‍ ഇസ്രായേലിനെതിരേ ഹമാസ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. തുടര്‍ന്നാണ് അവര്‍ പ്രതികാര നടപടി ആരംഭിച്ചത്. ഗാസയിലേക്കുള്ള വൈദ്യുതി വിതരണം കുറയ്ക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു.

അവശ്യവസ്തുക്കള്‍ എത്താറില്ല
ഇസ്രായേലിന്റെ ഉപരോധം മൂലം ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ എത്താറില്ല. വൈദ്യുതി ഇല്ലാത്തതിനാല്‍ ഇവിടുത്തെ ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമല്ല. ശസ്ത്രക്രിയകള്‍ പോലും ദിവസങ്ങളോളം മാറ്റിവയ്ക്കാറുണ്ട്. ദിവസത്തില്‍ ഏതാനും മണിക്കൂര്‍ മാത്രമേ വൈദ്യുതി എത്താറുള്ളു.

20 ലക്ഷത്തോളം പേര്‍
മാത്രമല്ല, ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനും മറ്റും ഇസ്രായേല്‍ ഗാസക്കെതിരേ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 365 കിലോമീറ്റര്‍ സ്‌ക്വയറില്‍ 20 ലക്ഷത്തോളം പേരാണ് ഗാസയില്‍ വസിക്കുന്നത്. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഈ മേഖലയിലാണ് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്താറ്.

ശുദ്ധജലം കിട്ടാനില്ല
ശുദ്ധജലം കിട്ടാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഗാസയില്‍ വ്യാപകമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇസ്രായേല്‍ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അത് ഈ പ്രദേശത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

ഗാസയെ പിന്തുണയ്ക്കുന്നത് ഖത്തര്‍
ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ സൗദിയും യുഎഇയും ബഹ്‌റൈനും പറഞ്ഞ ഒരുകാര്യം. ഹമാസിനെയും മുസ്ലിം ബ്രദര്‍ഹുഡിനെയും ഖത്തര്‍ പിന്തുണയ്ക്കാറുണ്ട്. ഗാസയില്‍ ഖത്തര്‍ നിരവധി പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

പദ്ധതികളെല്ലാം നിലയ്ക്കുമോ
പുതിയ പശ്ചാത്തലത്തില്‍ ഈ പദ്ധതികളെല്ലാം നിലയ്ക്കുമോ എന്ന ആശങ്കയാണ് ഗാസ നിവാസികള്‍ക്ക്. അങ്ങനെ സംഭവിച്ചാല്‍, ഇസ്രായേല്‍ ഉപരോധം ശക്തമായാല്‍ പതിയെ നടക്കുന്ന ഒരു കൂട്ടക്കൊലക്കായിരിക്കും ഗാസ സാക്ഷിയാവുക.

മുമ്പ് സഹായിച്ചവര്‍ കൈവിട്ടു
ഈജിപ്ത് ഹമാസിനെ സഹായിച്ചിരുന്നു. പട്ടാള അട്ടിമറിക്ക് ശേഷം സിസി അധികാരത്തിലെത്തിയതോടെ അത് നിലച്ചു. തുര്‍ക്കിയായിരുന്നു ഹമാസിനെ സഹായിച്ചിരുന്ന മറ്റൊരു രാജ്യം. പക്ഷേ അവര്‍ ഇസ്രായേലുമായി അടുത്തിടെ സമാധാന കരാറുണ്ടാക്കിയിട്ടുണ്ട്. അതോടെ തുര്‍ക്കി ഗാസയെ അവഗണിച്ച മട്ടാണ്.

ഖത്തറിനെ തളര്‍ത്തുമോ
സിറിയന്‍ വിഷയത്തില്‍ ഷിയാ-സുന്നി വിവാദം രൂക്ഷമായതോടെ ഇറാനും വേണ്ടത്ര ഗാസയിലേക്ക് ശ്രദ്ധിക്കുന്നില്ല. അവസാന അത്താണിയാണ് ഖത്തര്‍. അവര്‍ക്കെതിരായ നടപടി ഖത്തറിനെ തളര്‍ത്തുമോ എന്നാണ് ഹമാസിന്റെ ആശങ്ക. നിരവധി ഹമാസ് നേതാക്കള്‍ക്ക് അഭയം നല്‍കിയതും ഖത്തറാണ്.












Click it and Unblock the Notifications