ഖത്തറിന്റെ നിര്‍ണായക പ്രഖ്യാപനം; പങ്കെടുക്കുന്നത് ഈ നാല് രാജ്യങ്ങള്‍, ഉടക്കിട്ട് ഇസ്രായേല്‍
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക ചര്‍ച്ച സ്വിറ്റ്‌സര്‍ലാന്റില്‍ തുടങ്ങി. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നാല് രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് പെഷസ്‌കിയാനും തമ്മില്‍ ഒപ്പിട്ട 14 ഇന ധാരണയില്‍ തുടര്‍ ചര്‍ച്ചയാണ് പുരോഗമിക്കുന്നത്.
അമേരിക്ക, ഇറാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ നേരിട്ട് ചര്‍ച്ച നടത്തുന്നു എന്നത് ഇതിന്റെ പ്രത്യേകതാണ്. മധ്യസ്ഥത വഹിക്കുന്നത് ഖത്തറും പാകിസ്താനുമാണ്. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് നേരത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജെഡി വാന്‍സുമായി ചര്‍ച്ച നടത്തിയിരുന്നു. ഖത്തര്‍ പ്രതിനിധികള്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായും ചര്‍ച്ച നടത്തി. അതിന് ശേഷമാണ് നാല് പ്രതിനിധികളും പങ്കെടുക്കുന്ന ചര്‍ച്ച തുടങ്ങിയത്.

അതേസമയം, 14 ഇന കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ഹോര്‍മുസ് പാത വീണ്ടും അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. ഇസ്രായേല്‍ സൈന്യം ലബ്‌നാനില്‍ ആക്രമണം തുടരുന്നതാണ് ഇറാന്റെ നടപടിക്ക് കാരണം. ഇതിനിടെയാണ് സ്വിറ്റ്‌സര്‍ലാന്റില്‍ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. ലബ്‌നാനിലെ ഹിസ്ബുല്ലയെ ആക്രമിക്കുന്നതിന് തങ്ങളുടെ സൈന്യത്തിന് നിയന്ത്രണം ഇല്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കറ്റ്‌സ് പറഞ്ഞു.
അന്തിമ സമാധാന കരാര്‍ തയ്യാറാക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഖത്തര്‍ അറിയിച്ചു. നേരത്തെ ഒപ്പുവച്ച ധാരണകള്‍ കൂടി ഉള്‍ക്കൊള്ളുന്ന അന്തിമ കരാറാണ് നിലവില്‍ വരിക. ലബ്‌നാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ സ്വിറ്റ്‌സര്‍ലാന്റില്‍ പ്രധാന ചര്‍ച്ചയാകും. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുകൊടുക്കുന്ന കാര്യവും ചര്‍ച്ചയാകും.
ഇറാന്റെ എണ്ണ വില്‍പ്പന നടത്തിയത് വഴി ലഭിച്ച 600 കോടി ഡോളര്‍ ഖത്തറിലെ കേന്ദ്ര ബാങ്കിലാണുള്ളത്. ദക്ഷിണ കൊറിയ വിട്ടുകൊടുത്ത ഈ തുക ഇറാന് അവകാശപ്പെട്ടതാണ്. എന്നാല്‍ അമേരിക്കയുടെ നിര്‍ദേശ പ്രകാരം ഖത്തര്‍ ഇതുവരെ പണം കൈമാറിയിട്ടില്ല. ഇത് വിട്ടുകൊടുക്കാമെന്ന് വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ അമേരിക്ക സമ്മതിച്ചിരുന്നു. അത് ഇറാന് കിട്ടുമെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് പെഷസ്‌കിയാന്‍ പറഞ്ഞു.
അതേസമയം, ഈജിപ്തിലെ കെയ്‌റോയില്‍ മറ്റൊരു യോഗം നടക്കുന്നുണ്ട്. പാകിസ്താന്‍, സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് യോഗം ചേരുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രമാണ് പ്രധാന ചര്‍ച്ചാ വിഷയം. പലസ്തീനിലും ലബ്‌നാനിലും ഇസ്രായേല്‍ ആക്രമണം തുടരുന്നതാണ് എല്ലാ സമാധാന ശ്രമങ്ങള്‍ക്കും തടസമായി നില്‍ക്കുന്നത്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനുസില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.














Click it and Unblock the Notifications