
ബ്രസീല്‍ ജയിച്ച സ്റ്റേഡിയം ഖത്തര്‍ ആദ്യം പൊളിക്കും; 974ന് പിന്നിലെ രഹസ്യങ്ങള്‍!! മുഴുവന്‍ കണ്ടെയ്നര്‍
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അത്ഭുതങ്ങള്‍ കാഴ്ചവച്ചാണ് അവസാനത്തിലേക്ക് കടക്കുന്നത്. എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ലോക കായിക മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരുന്നത്. ഇതില്‍ ഒന്ന് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച ബ്രസീല്‍ ജയിച്ച 974 സ്റ്റേഡിയം ആണ് പൊളിക്കുന്നത്.
ദിവസങ്ങള്‍ക്കകം അപ്രത്യക്ഷമാകാന്‍ പോകുന്ന ഈ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ഖത്തര്‍ ഭരണകൂടവും ഫിഫയും പുറത്തുവിട്ടു. 974 ഷിപ്പിങ് കണ്ടെയ്നറുകളാണ് ഈ സ്റ്റേഡിയം നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പശ്ചിമേഷ്യയിലെ ആദ്യ ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിനാണ് ഖത്തര്‍ ആതിഥേയത്വം വഹിച്ചത്. കോടികള്‍ ചെലവിട്ട് ഖത്തര്‍ സൗകര്യങ്ങള്‍ ഒരുക്കിയത് ലോക നേതാക്കളുടെ പ്രശംസയ്ക്ക് പിടിച്ചുപറ്റാന്‍ കാരണമായിരുന്നു. പുനരുപയോഗത്തിന് സാധ്യമാകുന്ന വിധത്തിലാണ് ഒരു സ്റ്റേഡിയം ഖത്തര്‍ നിര്‍മിച്ചത്. കൂടാതെ ഏഴ് പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.

ദോഹയില്‍ നിര്‍മിച്ച 'സ്റ്റേഡിയം 974' എന്ന സ്റ്റേഡിയം പൊളിച്ചുനീക്കാന്‍ പോകുകയാണ്. അതുല്യമായ ആശയം അടിസ്ഥാനമാക്കിയാണ് ഈ സ്റ്റേഡിയം നിര്‍മിച്ചത്. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. 974 സ്റ്റേഡിയം എന്ന് പേരിടാന്‍ ഒരു കാരണം ഈ സ്റ്റേഡിയം നിര്‍മിക്കാന്‍ അത്രയും കണ്ടെയ്നറുകള്‍ ഉപയോഗിച്ചു എന്നതാണ്.

ഖത്തറിന്റെ അന്താരാഷ്ട്ര ഡെയ്ലിങ് കോഡ് നമ്പര്‍ കൂടിയാണ് 974. ഈ സ്റ്റേഡിയം മാത്രമാണ് ഖത്തര്‍ ശീതീകരിക്കാതിരുന്നത്. ഇവിടെ 974 ഫാനുകളാണ് സ്ഥാപിച്ചിരുന്നത്. ശീതീകരിച്ചിട്ടില്ല എന്ന കാരണത്താല്‍ ഇവിടെ വൈകീട്ടാണ് മല്‍സരങ്ങള്‍ നടന്നിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ബ്രസീല്‍-ദക്ഷിണ കൊറിയ മല്‍സരം ഈ സ്റ്റേഡിയത്തിലായിരുന്നു.

പൊളിക്കാന്‍ പോകുന്ന സ്റ്റേഡിയത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ ഫിഫയും ഖത്തര്‍ ഭരണകൂടവും പരസ്യമാക്കി. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന 974 കണ്ടെയ്നറുകളാണ് സ്റ്റേഡിയത്തിലുള്ളത് എന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്നു. 44089 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഈ സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്. ഖത്തറില്‍ ആദ്യമായി പൊളിക്കാന്‍ പോകുന്ന സ്റ്റേഡിയവും ഇതുതന്നെയാണ്.

974 സ്റ്റേഡിയത്തില്‍ ഏഴ് മല്‍സരങ്ങളാണ് പദ്ധതിയിട്ടിരുന്നത്. ഏഴാമത്തെ മല്‍സരം കഴിഞ്ഞ ദിവസം നടന്നു. ബ്രസീലും ദക്ഷിണ കൊറിയയും തമ്മിലുള്ള അവസാന മല്‍സരത്തില്‍ ബ്രസീലിനായിരുന്നു ജയം. ഇതോടെ ബ്രസീല്‍ ക്വാര്‍ട്ടര്‍ യോഗ്യത നേടി. ദോഹയിലെ തീരത്തോട് ചേര്‍ന്ന പ്രദേശത്താണ് ഈ സ്റ്റേഡിയം. വൈകീട്ട് നല്ല തണുത്ത കാറ്റ് ലഭിക്കുന്ന സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ ശീതീകരിച്ചിരുന്നില്ല.
യുഎഇയില്‍ 'നിറഞ്ഞൊഴുകി' ഇന്ത്യന്‍ ചായ!! സിഐഎസ്സിന് തൊട്ടുപിന്നില്‍... ഇറാന്, ഇറാഖ് വീണു

ദോഹയിലെ അബു അബൗദില്‍ നിര്‍മിച്ച ഈ താല്‍ക്കാലിക സ്റ്റേഡിയത്തിന്റെ വീഡിയോ ഫിഫ കഴിഞ്ഞ ദിവസം പൂര്‍ണ രൂപത്തില്‍ പുറത്തുവിട്ടു. കൂടാതെ ഏഴ് സ്റ്റേഡിയങ്ങള്‍ കൂടി ഖത്തര്‍ ഒരുക്കിയിരുന്നു. അവയെല്ലാം വിശാലമായ സൗകര്യത്തോടെയാണ്. പത്ത് വര്‍ഷത്തോളം സമയമെടുത്താണ് ഖത്തര്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്കുള്ള പശ്ചാത്തലം ഒരുക്കിയത്.