ഗള്‍ഫ് പ്രതിസന്ധി തീരില്ല; വിട്ടുവീഴ്ച്ചക്കില്ലെന്ന് ഖത്തര്‍, ആശങ്കയോടെ പ്രവാസികള്‍!!
ഖത്തറിന്റെ അതിര്‍ത്തി സൗദി അടച്ചിട്ടിട്ടുണ്ട്. ആയിരത്തോളം ചരക്ക് വണ്ടികളാണ് അതിര്‍ത്തിയില്‍ കിടക്കുന്നത്. ഇത് ഇരുരാജ്യങ്ങളിലും കച്ചവടം ചെയ്യുന്ന പ്രവാസികളെയും ആശങ്കയിലാക്കുന്ന നടപടിയാണ്.
റിയാദ്: ഗള്‍ഫ് പ്രതിസന്ധിയില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ടെങ്കിലും ഖത്തര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. ഖത്തറുമായി പ്രശ്‌നപരിഹാരത്തിന് സൗദി മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തര്‍ തയ്യാറായിട്ടില്ല.
വ്യാപാര മേഖലയിലും പ്രതിസന്ധി നേരിടുമെന്ന ആശങ്കയിലാണ് ഗള്‍ഫിലെ പ്രവാസികള്‍. നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കച്ചവടം നടത്തുന്നുണ്ട്. പ്രതിസന്ധി തുടര്‍ന്നാണ് ഇത് കച്ചവടങ്ങളെ ബാധിക്കുമെന്നാണ് പ്രവാസികളുടെ ഭയം.

കുവൈത്ത് അമീറിന്റെ ഇടപെടല്‍
കുവൈത്ത് അമീര്‍ സൗദിയിലെത്തി നടത്തിയ ചര്‍ച്ചയില്‍ സൗദി ഭരണകൂടം ചില ഉപാധികള്‍ വച്ചിട്ടുണ്ട്. ഇത് പാലിക്കുകയാണെങ്കില്‍ ഖത്തറുമായി ഐക്യപ്പെട്ടുപോകാമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. എന്നാല്‍ തങ്ങള്‍ തെറ്റൊന്നും ചെയ്യുന്നില്ലെന്നാണ് ഖത്തറിന്റെ വാദം.

അനുഭാവ പൂര്‍വം
കുവൈത്ത് അമീറിന്റെ സമവായ ശ്രമങ്ങളോട് സൗദിയും യുഎഇയും ബഹ്‌റൈനും അനുഭാവ പൂര്‍വമായ നിലപാടാണ് എടുത്തത്. ഖത്തര്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്ന് ബോധിപ്പിക്കേണ്ടത് അവര്‍ തന്നെയാണെന്നാണ് യുഎഇ പ്രതികരിച്ചത്.

മുന്നോട്ട് പോകാന്‍ കഴിയില്ല
ഉപാധികള്‍ അംഗീകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സൗദിയുടെയും യുഎഇയുടെയും നിലപാട്. നിലവില്‍ തീവ്രവാദികളോട് സ്വീകരിക്കുന്ന മൃദുസമീപനം ഖത്തര്‍ അവസാനിപ്പിക്കണം. അതിന് കൃത്യമായ പ്രവര്‍ത്തന പദ്ധതി ഖത്തര്‍ സമര്‍പ്പിക്കണമെന്നും യുഎഇ ആവശ്യപ്പെടുന്നു.

ഖത്തര്‍ വിട്ടുനില്‍ക്കുക
ഗള്‍ഫിന്റെ സുരക്ഷക്ക് ഭംഗം വരുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നു ഖത്തര്‍ വിട്ടുനില്‍ക്കുക, അയല്‍രാജ്യങ്ങള്‍ക്ക് ദോഷകരമായ പെരുമാറ്റങ്ങള്‍ ഉപേക്ഷിക്കുക, വ്യാജ മാധ്യമ പ്രചാരണങ്ങള്‍ തടയുക തുടങ്ങി നിരവധി കാര്യങ്ങളിലാണ് ഖത്തറിന്റെ ഉറപ്പ് ലഭിക്കേണ്ടത്.

ടെലിഫോണ്‍ നയതന്ത്രം
കുവൈത്ത് അമീര്‍ ഗള്‍ഫ് പ്രതിസന്ധി ഉടലെടുത്തപ്പോള്‍ തന്നെ സൗദി, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി സമവായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് ടെലിഫോണിലൂടെയാണ് ആദ്യ ചര്‍ച്ചകള്‍ നടത്തിയത്.

തുര്‍ക്കിയും സമാധാന വഴിയില്‍
പിന്നീട് അദ്ദേഹം നേരിട്ട് സൗദിയിലെത്തി നേതൃത്വങ്ങളെ കണ്ടു. ചര്‍ച്ചയ്ക്ക് ശേഷം ഉടന്‍ തിരിച്ചുപോരുകയും ചെയ്തു. തുര്‍ക്കിയും സമാനമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഖത്തറിനെ തള്ളിപ്പറഞ്ഞില്ല
ഖത്തറിനെ തള്ളിപ്പറയാന്‍ കുവൈത്തും ഒമാനും തയ്യാറായിട്ടില്ല. തുര്‍ക്കി ഖത്തറിനെ പിണക്കില്ലെന്ന് വ്യക്തമക്കിയിട്ടുണ്ട്. ഖത്തര്‍ തങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ പിന്തുണച്ചവരാണെന്നും ഇപ്പോള്‍ അവരെ കൈവിടുന്നത് ശരിയല്ലെന്നുമാണ് തുര്‍ക്കി പ്രസിഡന്റ് അങ്കാറയില്‍ പറഞ്ഞത്.

ആഗോളതലത്തില്‍ പ്രതിഫലിക്കും
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളുമായും എര്‍ദോഗാന്‍ ഫോണില്‍ ബന്ധപ്പെട്ടു. മേഖലയില്‍ അസ്ഥിരത നിലനില്‍ക്കുന്നത് ആഗോളതലത്തില്‍ പ്രതിഫലിക്കുമെന്ന് തുര്‍ക്കി ഓര്‍മിപ്പിച്ചു. മറ്റു പല രാജ്യങ്ങളും ഈ വിഷയത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

പ്രകോപനം വ്യക്തമാക്കണം
എന്നാല്‍ തങ്ങള്‍ക്കെതിരേ പെട്ടെന്നുണ്ടായ പ്രകോപനം വ്യക്തമാക്കണമെന്നാണ് ഖത്തറിന്റെ ആവശ്യം. മികച്ച ബന്ധമാണ് ഖത്തറും അയല്‍ രാജ്യങ്ങളും തമ്മില്‍. അതാണിപ്പോള്‍ വളരെ പെട്ടെന്ന് ഇല്ലാതായത്. തങ്ങള്‍ക്കെതിരായ തെളിവുകള്‍ കൈമാറണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

പരിഹാരത്തിന് സാധ്യത
ഉര്‍ദുഗാന്റെയും കുവൈത്തിന്റെയും സമവായ ശ്രമത്തിലാണ് പരിഹാരത്തിന് സാധ്യത. പക്ഷേ സൗദിയും യുഎഇയും ഉപാധികള്‍ അംഗീകരിക്കണമെന്നും ഖത്തര്‍ തെറ്റൊന്നും ചെയ്തില്ലെന്നും ഉറച്ച നിലപാട് എടുക്കുന്നതോടെ പ്രതിസന്ധി ഉടന്‍ തീരില്ലെന്നാണ് വ്യക്തമാകുന്നത്.

അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നു
ഖത്തറിന്റെ അതിര്‍ത്തി സൗദി അടച്ചിട്ടിട്ടുണ്ട്. ആയിരത്തോളം ചരക്ക് വണ്ടികളാണ് അതിര്‍ത്തിയില്‍ കിടക്കുന്നത്. ഇത് ഇരുരാജ്യങ്ങളിലും കച്ചവടം ചെയ്യുന്ന പ്രവാസികളെയും ആശങ്കയിലാക്കുന്ന നടപടിയാണ്. പഴം, പച്ചക്കറി സാധനങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ കേടുവന്ന് ലക്ഷങ്ങള്‍ നഷ്ടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

തുര്‍ക്കിക്ക് നല്ല ബന്ധം
ഗള്‍ഫ് രാജ്യങ്ങളുമായി തുര്‍ക്കിക്ക് നല്ല ബന്ധമാണുള്ളത്. ഇതുപയോഗപ്പെടുത്തിയാണ് എര്‍ദോഗാന്റെ നീക്കങ്ങള്‍. നയതന്ത്ര തലത്തിലും മറ്റും തുര്‍ക്കി ഗള്‍ഫ് നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹീം കലിന്‍ പറഞ്ഞു.

തുര്‍ക്കിയുടെ സുഹൃത്തുക്കള്‍
ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ തുര്‍ക്കിയുടെ സുഹൃത്തുക്കളാണെന്നും അവര്‍ പരസ്പരം കലഹിക്കാന്‍ പാടില്ലെന്നും കലിന്‍ പറഞ്ഞു. പരിശുദ്ധ റമദാന്‍ മാസത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് പ്രശ്‌നത്തില്‍ നിന്നു എല്ലാവരും വിട്ടുനില്‍ക്കണമെന്നാണ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടതെന്ന് വക്താവ് അറിയിച്ചു.

കുവൈത്തിന്റെ മുന്നറിയിപ്പ്
കുവൈത്തും പ്രശ്‌ന പരിഹാരത്തിന് മുന്നിലുണ്ട്. ഖത്തറുമയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഗള്‍ഫ് മേഖല മൊത്തം തകരുമെന്ന് കുവൈത്ത് എല്ലാ കക്ഷികള്‍ക്കും മുന്നറിയിപ്പ് നല്‍കി. സൗദി-ഖത്തര്‍ നേതാക്കളുമായി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സംസാരിച്ചു.

സമദൂര നിലപാട്
കുവൈത്ത് എപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ സമദൂര നിലപാടുകളാണ് എടുക്കാറ്. മുമ്പും അത് മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇത്തവണ കുവൈത്ത് അമീര്‍ നടത്തുന്ന നീക്കങ്ങളില്‍ അറബ് ലോകത്തിന് പ്രതീക്ഷയുണ്ട്. ചൊവ്വാഴ്ച വൈകി സൗദിയിലേക്ക് കുവൈത്ത് പ്രതിനിധികള്‍ എത്തും.

2014ല്‍ സംഭവിച്ചത്
2014ല്‍ ഖത്തറിനെതിരേ നീക്കങ്ങള്‍ ശക്തമായപ്പോള്‍ കുവൈത്ത് അമീറിന്റെ ഇടപെടലാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. അന്ന് കുവൈത്ത് സ്വീകരിച്ചത് സമദൂര നിലപാടാണ്. സൗദി കിരീടാവകാശിയെയും ഖത്തര്‍ അമീറിനെയും പരസ്പരം ഹസ്തദാനം ചെയ്യിച്ചാണ് കുവൈത്ത് അമീര്‍ അന്ന് പ്രശ്‌നം പരിഹരിച്ചത്.

കുവൈത്തിനൊപ്പം ഒമാനും
കുവൈത്തിനൊപ്പം ഒമാനും മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ ഇതുവരെ പ്രത്യക്ഷത്തില്‍ ഇടപെട്ടിട്ടില്ലെങ്കിലും കുവൈത്ത് നേതാക്കളുമായി സംസാരിച്ച് പ്രശ്‌നപരിഹാരത്തിന് വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ആശങ്കയുടെ വാര്‍ത്തകള്‍
അതേസമയം, ഖത്തറിനെതിരേ സൗദിയും മറ്റ് ജിസിസി രാജ്യങ്ങളും നടപടി തുടങ്ങിയതോടെ സൗദി വിരുദ്ധ ശക്തികള്‍ ഐക്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സൗദിക്കെതിരേ എന്നും അറബ് ലോകത്ത് നിലകൊള്ളുന്ന രാജ്യമാണ് ഇറാന്‍. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദിയുടെ ശ്രമം ഇറാന് പിന്നാലെ സാമ്പത്തികമായി തുര്‍ക്കിയും മുതലെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications