ഖത്തര്‍ വീണ്ടുമൊരുങ്ങി; യുഎസും ഈജിപ്തും കൂടെ... യുദ്ധം അവസാനിക്കാന്‍ പദ്ധതി തയ്യാര്‍
കെയ്‌റോ: 100 ദിവസം പിന്നിട്ട ഗാസയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി. ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, പലസ്തീന്‍ രാജ്യം രൂപീകരിക്കാന്‍ സാഹചര്യമൊരുക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.
ഇസ്രായേലും ഹമാസും പദ്ധതി അംഗീകരിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതി പൂര്‍ണമായി നടപ്പാക്കുന്നതിന് 90 ദിവസം വേണ്ടി വരും. ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ സൈനികരെയും പൗരന്മാരെയും വിട്ടയക്കുക, ഇസ്രായേല്‍ ജയിലിലുള്ള പലസ്തീന്‍കാരെ മോചിപ്പിക്കുക തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാണ്.

ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈനികര്‍ പൂര്‍ണമായും പിന്മാറും. ഗാസയില്‍ പലസ്തീന്‍കാര്‍ക്ക് യാത്രാ സ്വാതന്ത്ര്യം നല്‍കും. ഗാസയ്ക്ക് മുകളില്‍ നിരീക്ഷണ ഡ്രോണുകള്‍ പറക്കുന്നത് അവസാനിപ്പിക്കും, ഗാസയിലേക്കുള്ള സഹായ വസ്തുക്കള്‍ എത്തുന്നത് ഇരട്ടിയാക്കും- എന്നിവയെല്ലാം മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയുടെ ആദ്യഘട്ടമാണ്.
ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ സൈനികരെ വിട്ടയക്കുക, പലസ്തീകാരെ ഇസ്രായേല്‍ വിട്ടയക്കുക എന്നതാണ് രണ്ടാംഘട്ടം. ഗാസ അതിര്‍ത്തിയില്‍ നിന്ന് ഇസ്രായേല്‍ സൈനികരെ പിന്‍വലിക്കുക എന്നത് മൂന്നാംഘട്ടത്തിലാണ് വരിക. ഈ വേളയിലാകും ഹമാസ് തടവിലുള്ള അവസാന വ്യക്തിയെ കൈമാറുക. മൂന്ന് ഘട്ടങ്ങളായിട്ടാണ് യുദ്ധം അവസാനിപ്പിക്കുന്ന പദ്ധതി നടപ്പാക്കുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥിരം വെടിനിര്‍ത്തല്‍, സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍ ബന്ധം സ്ഥാപിക്കല്‍, പലസ്തീന്‍ രാജ്യം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികളിലേക്ക് കടക്കല്‍ എന്നിവയെല്ലാം പിന്നീടാകുമെന്ന് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പലസ്തീന്‍ രാജ്യം രൂപീകരിക്കുന്നതിനെതിരായ നിലപാട് ഇസ്രായേല്‍ മയപ്പെടുത്തുമോ എന്ന കാര്യം അവ്യക്തമാണ്.
സ്ഥരിം വെടിനിര്‍ത്തലിന് പകരം രണ്ടാഴ്ച വെടിനിര്‍ത്താമെന്ന നിര്‍ദേശമാണ് ഇസ്രായേല്‍ മുന്നോട്ട് വെക്കുന്നതത്രെ. വെടിനിര്‍ത്തല്‍ സംബന്ധിച്ച കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ കെയ്‌റോയില്‍ വിശദമായ ചര്‍ച്ച നടക്കുമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
പുതിയ പദ്ധതിയില്‍ ഹമാസിന്റെ നിലപാട് എന്ത് എന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടിലില്ല. ഹമാസിന്റെ മുതിര്‍ന്ന നേതാക്കളായ ഇസ്മാഈല്‍ ഹനിയ്യ, യഹ്‌യ സിന്‍വാര്‍ എന്നിവരുടെ ഭാവി എന്ത് എന്നതും അവ്യക്തമാണ്. ഗാസയില്‍ നിന്ന് ഹമാസിനെ പുറത്താക്കണമെന്ന ഇസ്രായേല്‍ ആവശ്യം അംഗീകരിക്കുമോ എന്ന ചോദ്യത്തിനും ഉത്തരം ലഭ്യമല്ല. യുഎസ് പ്രതിനിധി ഈ ആഴ്ച ഈജിപ്തും ഖത്തറും സന്ദര്‍ശിക്കുമ്പോള്‍ വിശദമായ ചര്‍ച്ച നടക്കും.












Click it and Unblock the Notifications