ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം
ഖത്തറിന് പിന്നാലെ കുവൈത്തും വിസ കാലാവധിയില്‍ ഇളവ് പ്രഖ്യാപിച്ചു. സന്ദര്‍ശക വിസകള്‍ക്ക് ഒരു മാസത്തെ സ്വയമേവയുള്ള കാലാവധി നീട്ടലും നിലവില്‍ രാജ്യത്തിന് പുറത്തുള്ള താമസക്കാര്‍ക്ക് മൂന്ന് മാസത്തെ അധിക അവധിയുമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഗള്‍ഫ് മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം.
മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യോമപാതയെ ബാധിക്കുകയും, വ്യോമഗതാഗത നിയന്ത്രണങ്ങളും വിമാന സര്‍വീസുകളിലെ തടസ്സങ്ങളും നിരവധി താമസക്കാര്‍ക്ക് സമയപരിധിക്കുള്ളില്‍ കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നത് ദുഷ്‌കരമാക്കുകയും ചെയ്തിരുന്നു.

മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ഈ കാലയളവില്‍ കാലാവധി കഴിഞ്ഞതോ കഴിയുന്നതോ ആയ എല്ലാ സന്ദര്‍ശക, എന്‍ട്രി വിസകളും ഫെബ്രുവരി 28 ശനിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് സ്വയമേവ പുതുക്കും. ഇത് ഇലക്ട്രോണിക് സംവിധാനം വഴി പൂര്‍ത്തിയാക്കുന്നതിനാല്‍, റെസിഡന്‍സി കാര്യ വകുപ്പുകളെ നേരിട്ട് സമീപിക്കേണ്ടതില്ല. ബന്ധപ്പെട്ട എല്ലാ ഫീസുകളും പിഴ പൂര്‍ണമായി ഒഴിവാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ വിദേശത്തായിരിക്കുകയും കുവൈറ്റിന് പുറത്ത് താമസിക്കാന്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിരിക്കുകയും ചെയ്തവര്‍ക്ക് മൂന്ന് മാസം വിദേശത്ത് തുടരാനുള്ള അനുമതിയും ഇലക്ട്രോണിക് സംവിധാനം വഴി സ്വയമേവ ലഭിക്കും. ഇതിനും നേരിട്ടുള്ള അപേക്ഷ ആവശ്യമില്ല, ഫീസുകള്‍ ഒഴിവാക്കും.
കുവൈറ്റില്‍ പ്രവാസികള്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തങ്ങാനും റെസിഡന്‍സി സ്റ്റാറ്റസ് നിലനിര്‍ത്താനും 'സാഹേല്‍' ആപ്പ് വഴിയോ റെസിഡന്‍സി കാര്യ വകുപ്പുകള്‍ വഴിയോ 'ആബ്‌സെന്‍സ് പെര്‍മിറ്റ്' നല്‍കുന്നുണ്ട്.
സാഹചര്യങ്ങള്‍ വിലയിരുത്തി ഈ സമയപരിധികള്‍ വീണ്ടും നീട്ടാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പുതിയ വിവരങ്ങള്‍ക്കായി താമസക്കാര്‍ ഔദ്യോഗിക വിവരസ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
ഖത്തറിന്റെ അറിയിപ്പ് ഇങ്ങനെ
ഖത്തര്‍ എല്ലാത്തരം എന്‍ട്രി വിസകള്‍ക്കും ഒരു മാസത്തെ കാലാവധി നീട്ടി. 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ഉടന്‍ കഴിയാനിരിക്കുന്നതോ ആയ വിസകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി ഓട്ടോമാറ്റിക്കായി കാലാവധി ദീര്‍ഘിപ്പിക്കും. ഇതിന് ഫീസ് ഈടാക്കില്ല, ബന്ധപ്പെട്ട വകുപ്പുകള്‍ സന്ദര്‍ശിക്കുകയോ അധിക അപേക്ഷകള്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല.
ഫെബ്രുവരി 28-ന് മുമ്പ് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള വിസ ഉടമകള്‍ ആദ്യം ഓവര്‍സ്റ്റേ പിഴകള്‍ അടച്ചുതീര്‍ക്കണം. പിഴ അടച്ചതിന് ശേഷം മാത്രമേ കാലാവധി നീട്ടുന്നതിനും ഫീസൊഴിവാക്കുന്നതിനുമുള്ള ആനുകൂല്യം ഈ നിശ്ചിത തീയതി മുതല്‍ ലഭ്യമാകൂ.
താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിയമപരമായ സ്ഥിരത ഉറപ്പാക്കുന്നതിന് സാഹചര്യം നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ജനല്‍ഭാഗങ്ങളിലും തുറന്ന ഇടങ്ങളിലും നില്‍ക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications