മെസ്സി, ആ ബിഷ്ത് എനിക്ക് തരൂ... 10 ലക്ഷം ഡോളര്‍ തരാം; ഖത്തര്‍ അമീര്‍ ധരിപ്പിച്ച വസ്ത്രത്തിന് ആവശ്യം
ദോഹ/മസ്‌കത്ത്: ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ചൂടിയ അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ധരിപ്പിച്ച മേലങ്കി നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. പരമ്പരാഗത അറബ് വസ്ത്രം ധരിച്ചുകൊണ്ടാണ് മെസ്സി ലോകകപ്പ് ഏറ്റുവാങ്ങിയത്. കറുത്ത നീളന്‍ വസ്ത്രം വന്‍ വിജയം നേടുന്നവര്‍ക്ക് സമ്മാനിച്ചിരുന്നു എന്നതാണ് അറേബ്യയിലെ ചരിത്രം.
ആ നടപടിയാണ് ഖത്തര്‍ അമീറില്‍ നിന്നുമുണ്ടായത്. ഇതിനെതിരെ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഖത്തര്‍ അമീര്‍ മെസ്സിയെ ധരിപ്പിച്ച ബിഷ്ത് വില കൊടുത്തു വാങ്ങാന്‍ തയ്യാറായി രംഗത്തുവന്നിരിക്കുകയാണ് ഒമാന്‍ രാജകുടുംബാംഗം. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒമാന്‍ പാര്‍ലമെന്റംഗവും രാജകുടുംബാംഗവുമായ അഹമ്മദ് അല്‍ ബര്‍വാനിയാണ് മെസ്സിയെ ധരിപ്പിച്ച ബിഷ്ത് ആവശ്യപ്പെട്ടത്. മെസ്സിക്ക് 10 ലക്ഷം ഡോളര്‍ നല്‍കി ബിഷ്ത് സ്വന്തമാക്കാനാണ് അദ്ദേഹം താല്‍പ്പര്യപ്പെടുന്നത്. 41കാരനായ ബര്‍വാനി ട്വിറ്ററിലാണ് തന്റെ ആവശ്യം ഉന്നയിച്ചത്. നിമിഷ നേരം കൊണ്ട് ഇത് വൈറലാകുകയും ചെയ്തു.

മെസ്സി 10 ലക്ഷം ഡോളര്‍ കൊണ്ട് തൃപ്തിപ്പെടുന്നില്ലെങ്കില്‍ കൂടുതല്‍ നല്‍കാനും താന്‍ ഒരുക്കമാണെന്ന് ബര്‍വാനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ മെസ്സിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ മല്‍സരത്തില്‍ കിരീടം ചൂടിയ അര്‍ജന്റീനയെ ഒമാന്‍ ഭരണകൂടത്തിന് വേണ്ടി ഞാന്‍ അഭിനന്ദിക്കുന്നു എന്ന് ബര്‍വാനി പറഞ്ഞു.

പ്രൗഢിയുടെയും മകവിന്റെയും പ്രതീകമാണ് ബിഷ്ത്. അതിങ്ങ് തന്നേക്കൂ. ഞാന്‍ നിങ്ങള്‍ക്ക് പത്തം ലക്ഷം ഡോളര്‍ തരാം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി മെസ്സിയെ ബിഷ്ത് ധരിപ്പിക്കുന്ന വേളയില്‍ ഞാന്‍ ദോഹയിലെ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. മികച്ച വ്യക്തികളെ എങ്ങനെ ആദരിക്കണമെന്ന് ലോകത്തെ കാണിക്കുകയായിരുന്നു ഖത്തര്‍ അമീര്‍ എന്നും ബര്‍വാനി പറയുന്നു.

ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ഒട്ടേറെ കാര്യങ്ങള്‍ ലോകത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. പലസ്തീന്‍കാരെ മറക്കരുതെന്ന് ഓര്‍മിപ്പിച്ചു, അറബികള്‍ ഒന്നാണ് എന്ന് ഓര്‍മിപ്പിച്ചു... അതെല്ലാം അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. ഏതെങ്കിലും ഒന്നില്‍ ഒതുക്കാവുന്നതല്ല, ഒട്ടേറെ കാര്യങ്ങളുടെ പ്രതീകമാണ് ബിഷ്ത് എന്നും ബര്‍വാനി മാധ്യമങ്ങളോട് പറഞ്ഞു.

മെസ്സി അണിഞ്ഞ ബിഷ്ത് അറബ് രാജ്യത്ത് തന്നെ എത്തിക്കുക എന്നതാണ് ബര്‍വാനിയുടെ ഒരു ലക്ഷ്യം. മെസ്സിക് ബിഷ്ത് സൂക്ഷിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല. എനിക്ക് തന്നാല്‍ ഞാന്‍ പണം തരാം. നിത്യ സ്മാരകമായി സൂക്ഷിക്കുകയും ചെയ്യാം. അറബികളെ ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിച്ച ലോകകപ്പ് ഫുട്‌ബോളാണ് ഖത്തറില്‍ നടന്നതെന്നും ബര്‍വാനി പറഞ്ഞു.

അറബികളെ പുതിയ രീതിയില്‍ ചിന്തിക്കാന്‍ ഖത്തര്‍ ലോകകപ്പ് പഠിപ്പിച്ചു. മൊറോക്കോ നേടിയ പോലെയുള്ള നേട്ടങ്ങള്‍ കൊയ്യാന്‍ എല്ലാ രാജ്യങ്ങള്‍ക്കും സാധിക്കുമെന്ന ധൈര്യം നല്‍കുകയും ചെയ്തു. മെസ്സിയെ ബിഷ്ത് ധരിപ്പിച്ചത് അദ്ദേഹത്തിനുള്ള ആദരമായിട്ടാണ്. മെസ്സി തനിക്ക് കൈമാറിയാല്‍ ഒരിക്കലും അത് ധരിക്കില്ല. ജീവിതത്തില്‍ അസാധ്യമായത് ഒന്നുമില്ല എന്ന് ഓര്‍മിപ്പിക്കുന്ന വസ്തുവായി സൂക്ഷിക്കും. ധീരന്മാര്‍ക്ക് ആവേശം പകരാന്‍ അത് പ്രദര്‍ശിപ്പിക്കുമെന്നും ബര്‍വാനി അറബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.












Click it and Unblock the Notifications