സ്വര്‍ണത്തില്‍ നിന്ന് കണ്ണെടുക്കാതെ ഖത്തര്‍; ഞെട്ടിച്ചത് മറ്റൊരു രാജ്യം... വില കുതിച്ചുയരും
ദുബായ്: വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഭാവിയില്‍ നേട്ടമാകുമെന്ന് പ്രതീക്ഷിച്ച്
ഗോള്‍ഡ് കോയിന്‍ വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. ആവശ്യക്കാര്‍ ഏറി വരുന്നതാണ് സ്വര്‍ണത്തിന് വില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. എന്നാല്‍ മേല്‍പ്പറഞ്ഞവര്‍ മാത്രം വാങ്ങുന്നത് കൊണ്ടല്ല ഈ വില വര്‍ധന. വലിയ അളവില്‍ സ്വര്‍ണം വാങ്ങുന്നത് രാജ്യങ്ങളാണ്.
ഓരോ രാജ്യങ്ങളും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സ്വര്‍ണം വാങ്ങുന്നത് പതിവാണ്. ആവശ്യംവരുന്ന പ്രതിസന്ധി വേളയില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന് കാരണം. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രാജ്യം ചൈനയാണ്. അടുത്ത കാലത്ത് വാങ്ങുന്ന അളവില്‍ ചൈന നേരിയ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര ബാങ്കുകള്‍ വഴിയാണ് ഓരോ രാജ്യങ്ങളും സ്വര്‍ണം വാങ്ങി സൂക്ഷിക്കുക. ഇന്ത്യ വാങ്ങുന്ന സ്വര്‍ണത്തില്‍ അല്‍പ്പം വിദേശത്താണ് സൂക്ഷിക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രാജ്യങ്ങളിലൊന്ന് സിംഗപ്പൂര്‍ ആണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം ജൂലൈ മാസത്തിലും സിംഗപ്പൂര്‍ തന്നെയാണ് കൂടുതല്‍ വാങ്ങിയത്. രണ്ട് ടണ്‍ സ്വര്‍ണം ജൂലൈയില്‍ ഇവര്‍ വാങ്ങി.
ഈ വര്‍ഷം സിംഗപ്പൂര്‍ കേന്ദ്ര ബാങ്ക് വാങ്ങിയത് 73.6 ടണ്‍ സ്വര്‍ണമാണ്. സിംഗപ്പൂര്‍ ഈ രംഗത്ത് സജീവമാണെങ്കിലും ചൈനയ്ക്ക് പിന്നിലാണ് അവരുടെ സ്ഥാനം എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം സിംഗപ്പൂരിന്റെ സ്വര്‍ണ ശേഖരം 48 ശതമാനം അധികമായി എന്ന് കൗണ്‍സിലിലെ മാര്‍ക്കറ്റ് അനലിസ്റ്റ് ക്രിസ്റ്റണ്‍ ഗോപോളിനെ ഉദ്ധരിച്ച് കിറ്റ്‌കോ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വര്‍ണം വാങ്ങുന്നതില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഗള്‍ഫ് രാജ്യമായ ഖത്തര്‍. ജൂലൈയില്‍ മൂന്ന് ടണ്‍ സ്വര്‍ണമാണ് ഖത്തര്‍ വാങ്ങിയത്. ഈ വര്‍ഷം അവരുടെ സംഭരണത്തിന്റെ അഞ്ച് ശതമാനത്തോളം സ്വര്‍ണം ഖത്തര്‍ വാങ്ങിയെന്നും ഗോപോള്‍ പറയുന്നു. അതേസമയം, ലിബിയയാണ് സ്വര്‍ണം വാങ്ങുന്നതില്‍ അഭൂതപൂര്‍വമായ വര്‍ധനവ് വരുത്തിയിരിക്കുന്നത്.
ഐഎംഎഫ് കണക്ക് പ്രകാരം ജൂണില്‍ മാത്രം ലിബിയ 30 ടണ്‍ സ്വര്‍ണം വാങ്ങി. 2022 ഡിസംബറില്‍ നിന്നും 26 ശതമാനം വര്‍ധനവാണ് ലിബിയ വരുത്തിയിരിക്കുന്നത്. 1956ന് ശേഷം ഇത്രയും ഉയര്‍ന്ന അളവില്‍ ലിബിയ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ആദ്യമാണ്. എണ്ണ സമ്പന്നമായ ലിബിയ എണ്ണ വിപണിയില്‍ കൂടുതലായി ഇടപെടാന്‍ ശ്രമിക്കുന്നു എന്നും വാര്‍ത്തകളുണ്ട്. രാഷ്ട്രീയ അസ്ഥിരതയാണ് ഈ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി.
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് തുടര്‍ന്നാല്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയില്ല. ദൈനദിന വിലയില്‍ ചാഞ്ചാട്ടം സ്വാഭാവികം. സ്വര്‍ണ നിക്ഷേപം ഒരിക്കലും നഷ്ടമാകില്ല എന്നതിലേക്ക് ഇതെല്ലാം വിരല്‍ ചൂണ്ടുന്നു. ഓരോ വര്‍ഷവും സ്വര്‍ണത്തിന് വില കൂടുകയല്ലാതെ കുറവ് പ്രതീക്ഷിക്കേണ്ട എന്ന് സാരം. കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില പവന് 44160 രൂപയാണ്.












Click it and Unblock the Notifications