ഖത്തര്‍ അടവ് മാറ്റി; ഗോവയില്‍ വന്‍ പ്രഖ്യാപനത്തിന് സാധ്യത... ഒപ്പം യുഎഇയും, വിലക്കുറവില്‍ വാതകം
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍. എല്‍എന്‍ജി ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് ഖത്തറിന്റെ തീരുമാനം. അവര്‍ക്ക് വലിയ വിപണി ആവശ്യവുമാണ്. ഇന്ത്യയാകട്ടെ ലോകത്തെ പ്രധാന വിപണിയാണ്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള എല്‍എന്‍ജി കരാര്‍ 2028ല്‍ അവസാനിക്കും. ഈ സാഹചര്യത്തില്‍ സുപ്രധാന പ്രഖ്യാപനത്തിന് വഴിയൊരുങ്ങുകയാണ്. ഗോവയില്‍ ഇന്ത്യ എനര്‍ജി വീക്ക് നടക്കുന്നുണ്ട്. ലോകത്തെ പ്രധാന എണ്ണ-വാതക കമ്പനികളുടെയും രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്ത്യയുമായുള്ള കരാര്‍ തേടി യുഎഇ, ബ്രിട്ടീഷ് പ്രതിനിധികളും എത്തും.

ഇന്ത്യയിലേക്ക് പ്രകൃതി വാതകം കയറ്റി അയക്കുന്നത് ഇരട്ടിയാക്കാനാണ് ഖത്തറിന്റെ പദ്ധതി. ഇന്ത്യയാകട്ടെ വാതക ഇറക്കുമതി കൂട്ടാനും ആലോചിക്കുന്നു. ഗെയില്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, പെട്രോനെറ്റ് എല്‍എല്‍ജി ലിമിറ്റഡ് എന്നീ പൊതുമേഖലാ കമ്പനികളുടെ പ്രതിനിധികളുമായുള്ള ഖത്തറിന്റെയും യുഎഇയുടെയും ചര്‍ച്ച ഗോവയില്‍ നടക്കും.
ഖത്തറും പെട്രോനെറ്റും തമ്മിലുള്ള വാതക കരാര്‍ 2028ല്‍ അവസാനിക്കും. 20 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടണമെന്ന് ഖത്തര്‍ ആഗ്രഹിക്കുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് വാതകം നല്‍കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ആദ്യം ബലംപിടിച്ചിരുന്ന ഖത്തര്‍ പുതിയ സാഹചര്യത്തില്‍ അതിന് തയ്യാറാകുമെന്നാണ് വിവരം. കാരണം ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ തീരുമാനിച്ച ഖത്തറിന് ഇന്ത്യ പോലുള്ള വിപണി ആവശ്യമാണ്.
ഇറാന്‍-ഖത്തര്‍ അതിര്‍ത്തി മേഖലകളില്‍ വലിയ വാതക ശേഖരമുണ്ട്. ഇവിടെ നിന്നുള്ള ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ ഖത്തര്‍ തീരുമാനിച്ചുകഴിഞ്ഞു. 2027 ആകുമ്പോഴേക്കും കയറ്റുമതി മൂന്നില്‍ രണ്ടാക്കി ഉയര്‍ത്താനാണ് ഖത്തര്‍ ലക്ഷ്യം. ഇതുവരെ പകുതി മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുമ്പോള്‍ പുതിയ ഉപഭോക്താവ് ആവശ്യമാണ്. മാത്രമല്ല, നേരത്തെയുള്ള ഉപഭോക്താക്കള്‍ നിലനില്‍ക്കുകയും വേണം.
ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് വില കുറച്ച് വാതകം നല്‍കാന്‍ പോകുന്നത്. ഇന്ത്യ കഴിഞ്ഞ വര്‍ഷം 6.7 ശതമാനം വാതകമാണ് ഇറക്കുമതി ചെയ്തത്. 2030 ആകുമ്പോഴേക്കും ഇറക്കുമതി 15 ശതമാനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കല്‍ക്കരി, എണ്ണ പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കുറയ്ക്കാനും ഇന്ത്യ ആലോചിക്കുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറുമായുള്ള കരാര്‍ 20 വര്‍ഷത്തേക്ക് കൂടി നീട്ടുന്നത്.
വില കുറയ്ക്കണമെന്ന് മാത്രമാണ് ഇന്ത്യയുടെ നിബന്ധന. ഇതിന് ഖത്തര്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കമ്പനികള്‍ കരുതുന്നു. 21 ദശലക്ഷം ടണ്‍ വാതകമാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇറക്കിയത്. 2030ല്‍ 40 മില്യണ്‍ ടണ്‍ ആക്കാനാണ് തീരുമാനം. ആഭ്യന്തരമായുള്ള ഉല്‍പ്പാദനം കുറവായതിനാല്‍ ഖത്തര്‍, റഷ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ആശ്രയം. യുഎഇയുടെ അഡ്‌നോക്, ബ്രിട്ടീഷ് കമ്പനിയായ ഷെല്‍ എന്നീ കമ്പനികളും ഇന്ത്യയുമായി ദീര്‍ഘകാല കരാറിന് ഒരുങ്ങുകയാണ്.












Click it and Unblock the Notifications