ഖത്തർ ഇന്ത്യയില്‍ കച്ചവടം കൊഴുപ്പിക്കുന്നു: ക്യുഎഎ വഴി റിലയന്‍സിലേക്ക് എത്തും 8278 കോടി രൂപ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ വന്‍ നിക്ഷേപവുമായി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിലാണ് ഖത്തറിന്റെ നിക്ഷേപം. 8,278 കോടി രൂപയാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നതെന്നാണ് റിലയന്‍സ് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഖത്തറില്‍ നിന്നും എത്തുന്ന ഫണ്ട് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന്റെ ഏകദേശം ഒരു ശതമാനത്തോളം ഓഹരിക്ക് തുല്യമായി വരും. ഇത് ആദ്യമായല്ല തങ്ങളുടെ ഓഹരികള്‍ വിദേശ കമ്പനികള്‍ക്കാണ് റിലയന്‍സ് റീട്ടെയില്‍ വില്‍ക്കുന്നത്. 2020-ൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് വിവിധ ആഗോള നിക്ഷേപകർക്ക് ഓഹരി വിറ്റ് 47,265 കോടി രൂപ സമാഹരിച്ചിരുന്നു.

ബിസിനസിന്റെ വളർച്ചയും വിപുലീകരണവും റീട്ടെയിൽ രംഗത്തെ ഭീമനായ കമ്പനിയുടെ മൂല്യത്തെ ഏകദേശം ഇരട്ടിയാക്കിയിട്ടുണ്ട്. പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാഷൻ ലൈഫ്‌സ്‌റ്റൈൽ, ഫാർമസ്യൂട്ടിക്കൽ , ഫാഷൻ എന്നിവയിലുടനീളമുള്ള 18,500-ലധികം സ്റ്റോറുകളും ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായിട്ടാണ് റിലയന്‍സ് റീട്ടെയിലിന്റെ പ്രവർത്തനം.
ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ റീട്ടെയിൽ ബിസിനസ്സ് സ്ഥാപനം കൂടിയാണ് റിലയൻസ് റീട്ടെയിൽ. 'റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സിനെ ലോകോത്തര സ്ഥാപനമായി വികസിപ്പിച്ചുകൊണ്ട് ഖത്തർ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ആഗോള അനുഭവത്തിൽ നിന്നും മൂല്യ സൃഷ്ടിയുടെ ശക്തമായ ട്രാക്ക് റെക്കോർഡില്‍ നിന്നും പ്രയോജനം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു.
റിലയൻസ് റീട്ടെയിലിൽ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ ത്തർ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഫണ്ട് ശ്രമിക്കുന്നതായി കഴിഞ്ഞ മാസം വാർത്തകൾ പുറത്തുവന്നിരുന്നു. "ഞങ്ങൾ ഇന്ത്യയിൽ വളരുന്നതും വൈവിധ്യമാർന്നതുമായ നിക്ഷേപങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ചേരുന്ന ശക്തമായ കാഴ്ചപ്പാടും ശ്രദ്ധേയമായ വളർച്ചാ പാതയും ഉള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിനായി കാത്തിരിക്കുകയാണ്," ക്യുഐഎ സിഇഒ മൻസൂർ ഇബ്രാഹിം അൽ മഹ്മൂദ് വ്യക്തമാക്കി.
നേരത്തെ അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.7 ശതമാനം ഓഹരിഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വാങ്ങിയിരുന്നു. 3920 കോടി രൂപ മുടക്കിയായിരുന്നു ഖത്തറിന്റെ അന്നത്തെ നിക്ഷേപം. 2020ലാണ് ഇതിന് മുമ്പ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അദാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള അദാനി ഇലക്ട്രിസിറ്റിയുടെ 25 ശതമാനം ഓഹരിയാണ് അന്ന് വാങ്ങിയത്.
അതേസമയം, ഇന്‍ഫ്രസ്‌ട്രെക്ചര്‍ ഇന്‍വെസ്റ്റുമെന്റ് ട്രെസ്റ്റ് (ഇന്‍വിറ്റ്) വഴി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് 3,048 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. റീട്ടെയില്‍ ബിസിനസിന്റെ വെയര്‍ഹൗസിങ്, ലോജിസ്റ്റിക്‌സ് ആസ്തികള്‍ വഴിയാണ് പണം സമാഹരിക്കുന്നത്. ഇതിനായി കമ്പനി ഇന്റലിജന്‍സ് സപ്ലെചെയിന്‍ ഇന്‍ഫ്രസ്ടക്ചര്‍ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
റിലയന്‍സ് റീട്ടെയില്‍ ട്രസ്റ്റിന്റെ 25 ശതമാനം ഓഹരികള്‍ ഒഴികേയുള്ളവയായിരിക്കും നിക്ഷേപകർക്ക് കൈമാറുക. വെയര്‍ഹൗസിനായി 1.277 കോടി ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം ആകെ വേണ്ടിവരും. ചരക്ക് നീക്കത്തിനുളള അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും 4,261 കോടി രൂപ മുടക്കി ഏറ്റെടുക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications