ഖത്തര്‍ ജനസംഖ്യയില്‍ വന്‍ വര്‍ധനവ്; എന്നിട്ടും മലപ്പുറത്തോളം വരില്ല... വിവാഹം കുറഞ്ഞു
ദോഹ: ഖത്തറിലെ ജനസംഖ്യയില്‍ വന്‍ വര്‍ധനവ്. മാര്‍ച്ച് മാസത്തെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഖത്തറില്‍ വിവാഹവും വിവാഹ മോചനവും കുറഞ്ഞിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനസംഖ്യ വര്‍ധിച്ചു എന്നൊക്കെ പറയുമ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ മനസിലാക്കരുത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യങ്ങളാണ് ചൈനയും ഇന്ത്യയുമെല്ലാം.
കേരളത്തിന്റെ അത്ര പോലും ജനങ്ങള്‍ ഖത്തറിലില്ല എന്ന വസ്തുത ആദ്യം മനസിലാക്കണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ ഏകദേശം 42 ലക്ഷമാണ് കണക്ക്. പ്രവാസികളെ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇതിനേക്കാള്‍ വരും. എന്നാല്‍ ഖത്തറിലെ ജനസംഖ്യയുടെ വാര്‍ഷിക കണക്ക് 27 ലക്ഷത്തില്‍ താഴെയാണ്. മാര്‍ച്ച് മാസത്തെ കണക്ക് പ്രകാരം 30 ലക്ഷം കടന്നിട്ടുണ്ട്.

30 ലക്ഷം ജനങ്ങള്‍ എന്നൊക്കെ പറയുന്നത് ഖത്തറിലെ ഏറ്റവും ഉയര്‍ന്ന കണക്കുകളിലൊന്നാണ്. പ്ലാനിങ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം ഖത്തറിലെ മൊത്തം ജനങ്ങള്‍ 3005069 ആണ്. മാര്‍ച്ച് മാസം അവസാനിക്കുമ്പോഴുള്ള കണക്കാണിത്. ഇതില്‍ 842199 പേരാണ് സ്ത്രീകള്‍. പുരുഷന്‍മാരേക്കാള്‍ വളരെ കുറവാണ് സ്ത്രീകള്‍.
2022 മാര്‍ച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മാര്‍ച്ചിലെ ജനംസഖ്യയില്‍ 6.3 ശതമാനം വര്‍ധവാണുണ്ടായിട്ടുള്ളത്. ഖത്തറില്‍ താമസിക്കുന്ന മൊത്തം ജനങ്ങളുടെ കണക്കാണ് പുറത്തുവിട്ടിട്ടുള്ളത്. ഖത്തര്‍ പൗരന്മാരും ജോലിക്കെത്തിയ വിദേശികളും ടൂറിസ്റ്റുകളുമായ എല്ലാ പ്രായത്തിലുള്ളവരും ഇതില്‍പ്പെടും. അതേസമയം, ഇപ്പോള്‍ ഖത്തറിലില്ലാത്ത പൗരന്മാരും താമസ അനുമതിയുള്ള വിദേശികളും ഇതില്‍പ്പെടില്ല.
മേല്‍പ്പറഞ്ഞ 30 ലക്ഷം പേരും ഇനിയുള്ള കാലം ഖത്തറിലുണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല. കാരണം ഇതില്‍ 25 ലക്ഷത്തിലധികം വിദേശികളാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ജനസംഖ്യയില്‍ ഓരോ മാസവും വ്യതിയാനം വരും. ഇതിന് മുമ്പ് ഖത്തറിലെ ജനസംഖ്യ 30 ലക്ഷം കടന്നത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. അന്ന് 3020080 വരെ എത്തി.

അതേസമയം, കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവന്ന ചില വിവരങ്ങള്‍ ഖത്തറിലെ ജനനം, മരണം, വിവാഹം എന്നിവ കൂടി വിശദീകരിക്കുന്നതായിരുന്നു. ഫെബ്രുവരിയില്‍ ഖത്തറില്‍ ജനിച്ചത് 2055 കുട്ടികളാണ്. ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 5.6 ശതമാനം കുറവാണിത്. 213 മരണം റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയിലേക്കാള്‍ 9.7 ശതമാനം കുറവാണ് മരണ നിരക്ക്.
മാത്രമല്ല, വിവാഹം, വിവാഹ മോചനം എന്നിവയുടെ കാര്യത്തിലും ഫെബ്രുവരിയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹം 8.6 ശതമാനം കുറഞ്ഞു. വിവാഹ മോചനം 17.2 ശതമാനം കുറഞ്ഞു. ഫെബ്രുവരിയില്‍ 310 വിവാഹങ്ങളാണ് ഖത്തറില്‍ നടന്നത്. 106 വിവാഹ മോചനങ്ങളുമുണ്ടായി. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിസിസി രാജ്യങ്ങളില്‍ ജനസംഖ്യ പൊതുവെ കുറവാണ്.
സൗദി അറേബ്യയിലെ ജനസംഖ്യ 3.6 കോടിയാണ്. 95 ലക്ഷമാണ് യുഎഇയിലെ ജനംസഖ്യ. ഇതില്‍ 25 ശതമാനത്തോളം ഇന്ത്യക്കാരാണ് എന്നതും എടുത്തുപറയേണ്ടതാണ്. 44.5 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. 10 ലക്ഷത്തോളം വരും ഇന്ത്യക്കാര്‍. 15 ലക്ഷത്തില്‍ താഴെയാണ് ബഹ്‌റൈനിലെ ജനസംഖ്യ. ഒമാനിലെ ജനസംഖ്യ 45 ലക്ഷമാണ്. ഇതില്‍ ഒമ്പത് ലക്ഷത്തോളം ഇന്ത്യക്കാരാണ്.












Click it and Unblock the Notifications