ഖത്തര്‍ ശ്രമം ഫലം കാണുന്നു; 34 ഇസ്രായേല്‍ ബന്ദികള്‍ക്ക് പകരം 1000 പലസ്തീന്‍ തടവുകാരെ വിട്ടയക്കും
ദോഹ: ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാനുള്ള ഖത്തിന്റെ ശ്രമം ഫലം കാണുന്നു. ഹമാസ് നേതാക്കളുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ചര്‍ച്ച നടത്തിയതോടെയാണ് നടപടികള്‍ വേഗത്തിലായത്. ഇസ്രായേലില്‍ നിന്നുള്ള മൊസാദ് തലവന്‍ ഉള്‍പ്പെടെ ദോഹയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
15 മാസമായി തുടരുന്ന യുദ്ധത്തിന് പരിഹാരം കാണാന്‍ നേരത്തെ ഖത്തര്‍ നടത്തിയ ശ്രമം ഫലം കണ്ടിരുന്നില്ല. മുതിര്‍ന്ന ഹമാസ് നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുക്കാനിരിക്കെ, ഇസ്രായേല്‍ കടുംപിടിത്തം അവസാനിപ്പിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അതിങ്ങനെയാണ്...

വെടിനിര്‍ത്തലിന്റെ ആദ്യ ദിനത്തില്‍ ഹമാസ് മൂന്ന് ഇസ്രായേലുകാരെ വിട്ടയക്കും. തൊട്ടുപിന്നാലെ പലസ്തീനിലെ ജനവാസ മേഖലയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറാന്‍ തുടങ്ങും. ശേഷം ഹമാസ് നാല് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിക്കും. തെക്കന്‍ ഗസയില്‍ കഴിയുന്ന പലസ്തീന്‍കാര്‍ക്ക് വടക്കന്‍ ഗസയിലേക്ക് വരാന്‍ ഇസ്രായേല്‍ സൈന്യം അനുമതി നല്‍കും.
തീരദേശ റോഡ് വഴി കാല്‍നടയായി മാത്രമേ വടക്കന്‍ ഗാസയിലേക്ക് വരാന്‍ അനുമതി നല്‍കൂ എന്ന് ഇസ്രായേല്‍ മധ്യസ്ഥ സംഘത്തെ അറിയിച്ചിട്ടുണ്ടത്രെ. സലാഹുദ്ദീന്‍ റോഡിലെ ചെക്ക്‌പോയിന്റ് വഴിയാണ് വാഹനങ്ങള്‍ കടത്തിവിടുക. ഖത്തറിന്റെയും ഈജിപ്തിന്റെയും സുരക്ഷാ സംഘം എക്‌സ്‌റേ ഉപകരണം വച്ച് വാഹനങ്ങള്‍ പരിശോധിക്കും.
പലസ്തീനിലെ ഫിലാഡല്‍ഫി ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം തുടരും. കിഴക്കന്‍-വടക്കന്‍ അതിര്‍ത്തികളില്‍ 800 മീറ്റര്‍ സുരക്ഷിത മേഖലയായി നിലനിര്‍ത്തും. വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം 42 ദിവസം നീളുന്നതാകും. ഇക്കാലയളവില്‍ 1000 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് വിട്ടയക്കും. 15 വര്‍ഷത്തില്‍ അധികമായി ജയിലില്‍ കഴിയുന്ന 190 പേരും ഇതില്‍പ്പെടും. പകരമായി 34 ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയക്കും.
വെടിനിര്‍ത്തല്‍ ആരംഭിച്ച് 16ാംദിവസം ചര്‍ച്ചകളുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കും. ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പൂര്‍ണമായി പിന്മാറണം എന്നാണ് ഹമാസിന്റെ നിലപാട്. ഇത് ഭാഗമായി മാത്രമേ ഇസ്രായേല്‍ അംഗീകരിച്ചിട്ടുള്ളൂ. ആദ്യഘട്ട തടവുകാരുടെ മോചനത്തില്‍ വനിതകളെയും വൃദ്ധരെയും കുട്ടികളെയും പരിഗണിക്കുമെന്ന് ഹമാസ് ദോഹയിലെ മധ്യസ്ഥരെ അറിയിച്ചിണ്ട്.
അതേസയം, ഗാസയുടെ ഭരണം ഇനി ആര്‍ക്ക് എന്ന കാര്യത്തില്‍ അവ്യക്ത തുടരുകയാണ്. ഹമാസ് സൈന്യത്തിന് ഭരണം കൈമാറരുത് എന്നാണ് ഇസ്രായേല്‍ വാദിക്കുന്നത്. യുഎസ്, യുഎഇ, യൂറോപ്പ് പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. പലസ്തീന്‍ അതോറിറ്റിക്കും അധികാരം കൈമാറരുത് എന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ അന്തര്‍ദേശീയ സമാധാന സംഘം ഗാസ ഭരിക്കാന്‍ നിയോഗിക്കപ്പെടുമോ എന്നാണ് അറിയേണ്ടത്. ഇതില്‍ ഏതൊക്കെ രാജ്യങ്ങളുടെ പ്രതിനിധികളുണ്ടാകുമെന്നും വ്യക്തമല്ല.












Click it and Unblock the Notifications