ഖത്തറിന്റെ തന്ത്രപരമായ നീക്കം; പാകിസ്താന്‍ പിടിയിലൊതുങ്ങുമോ? റൂസ്‌വെല്‍റ്റ് ഹോട്ടല്‍ വില്‍ക്കില്ല
ദോഹ/ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ് പാകിസ്താന്‍. രക്ഷ തേടി അയല്‍രാജ്യങ്ങളെ സമീപിച്ചു. ഗള്‍ഫ് രാജ്യങ്ങളെയും കണ്ടു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം, തന്ത്ര പ്രധാന മേഖലകള്‍ പാകിസ്താന്‍ വില്‍ക്കുന്നു എന്നാണ്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം ഖത്തറില്‍ നടത്തിയ ചര്‍ച്ചയില്‍ സുപ്രധാനമായ തീരുമാനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. പലതും പാകിസ്താന്‍ അംഗീകരിച്ചു. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായി സഹകരിച്ച് നീങ്ങാന്‍ ഖത്തര്‍ തയ്യാറായിട്ടുണ്ട്. ഖത്തറിന്റെ തന്ത്രപരമായ നീക്കം മറ്റു രാജ്യങ്ങള്‍ നിരീക്ഷിക്കുകയാണ്. തൊട്ടുപിന്നാലെ സൗദി അറേബ്യയും യുഎഇയും രംഗത്തുവരികയും ചെയ്തു....

പാകിസ്താനിലെ വിമാനത്താവളങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാകിസ്താന്‍ ധനമന്ത്രി മിഫ്താഹ് ഇസ്മാഈല്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്ലാമാബാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളങ്ങള്‍ പാട്ടത്തിന് എടുക്കാനാണ് ഖത്തര്‍ താല്‍പ്പര്യപ്പെട്ടതത്രെ.

വിമാനത്താവളങ്ങള്‍ മാത്രമല്ല, പാകിസ്താനിലെ തുറമുഖങ്ങള്‍, എല്‍എന്‍ജി നിലയങ്ങള്‍, സൗരോര്‍ജ നിലയങ്ങള്‍ എന്നിവയില്‍ നിക്ഷേപം ഇറക്കാന്‍ ഖത്തര്‍ താല്‍പ്പര്യം അറിയിച്ചുവെന്നും മന്ത്രി മിഫ്താഹ് പറയുന്നു. കൂടാതെ പാകിസ്താന്‍ ഓഹരി വിപണിയില്‍ കോടികളുടെ നിക്ഷേപത്തിനും ഖത്തര്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ ന്യൂയോര്‍ക്കിലെ റൂസ്‌വെല്‍റ്റ് ഹോട്ടലും പാകിസ്താന്റെ അന്താരാഷ്ട്ര വിമാന കമ്പനിയും വില്‍ക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ മന്ത്രി നിഷേധിച്ചു.

വിമാനത്താവളങ്ങളും തുറമുഖങ്ങളും ഊര്‍ജ നിലയങ്ങളും ഖത്തറിന് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ പാകിസ്താന്റെ രൂപം മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രതിസന്ധിയില്‍ നില്‍ക്കുന്ന പാകിസ്താനില്‍ ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തര്‍ നിക്ഷേപം ഇറക്കുന്നതിലൂടെ ഓഹരി വിപണിയില്‍ നേട്ടമുണ്ടാകും. ലോകത്തെ പ്രധാന ചരക്കുപാതകള്‍ പാകിസ്താനുമായി ബന്ധപ്പെട്ടതാണ് എന്നതും എടുത്തുപറയേണ്ടതാണ്.

ചൈനയും പാകിസ്താനും സംയുക്തമായി ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ ഒരു ചരക്കുപാത നിര്‍മിക്കുന്നുണ്ട്. ഇതിനുള്ള സാമ്പത്തിക സഹായം ചൈനയുടെ വകയാണ്. സ്ഥലമേറ്റെടുപ്പ് പാകിസ്താനും. ജനങ്ങള്‍ പാതയ്ക്ക് എതിരാണ്. എല്ലാ പ്രതിഷേധങ്ങളും അവഗണിച്ചാണ് പാകിസ്താന്റെയും ചൈനയുടെയും നീക്കം. ഈ പാത ചെന്നെത്തുന്നത് കറാച്ചി തുറമുഖത്തേക്കാണ്.

പാകിസ്താനിലെ തുറമുഖങ്ങള്‍ പാട്ടത്തിനെടുക്കാന്‍ ഖത്തര്‍ ആലോചിക്കുന്നത് ഈ ഘട്ടത്തില്‍ സുപ്രധാന നീക്കമാകും. അതുകൊണ്ടുതന്നെ ഖത്തറിന്റെ നീക്കം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല, തൊട്ടടുത്ത രാജ്യമായ അഫ്ഗാനിലെ വിമാന താവളങ്ങള്‍ നിയന്ത്രിക്കുന്നതിലും ഖത്തറിന് മുഖ്യ റോളുണ്ട്.

ഖത്തര്‍ പാകിസ്താനില്‍ നിക്ഷേപിക്കാന്‍ തയ്യാറായതിന് പിന്നാലെ യുഎഇയും സൗദിയും സമാനമായ നീക്കം നടത്തുന്നുണ്ട്. 100 കോടി ഡോളര്‍ പാകിസ്താനില്‍ നിക്ഷേപിക്കാനാണ് സൗദിയുടെ തീരുമാനം. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഈ തീരുമാനമുണ്ടായത്. 300 കോടി ഡോളറാണ് ഖത്തര്‍ പാകിസ്താനില്‍ നിക്ഷേപിക്കുക.

പാകിസ്താനിലെ ഗ്യാസ്, ധനകാര്യ, ലോജിസ്റ്റിക് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ യുഎഇ തയ്യാറായതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൂന്ന് ഗള്‍ഫ് രാജ്യങ്ങളാണ് പാകിസ്താന്റെ സഹായത്തിന് എത്തിയിരിക്കുന്നത്. പാകിസ്താനെ കൂടെ നിര്‍ത്താനാണ് സൗദിയുടെയും യുഎഇയുടെയും ശ്രദ്ധ. ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാണിതെന്ന് അല്‍ മോണിറ്റര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ പറയുന്നു.












Click it and Unblock the Notifications