ഇന്ത്യന്‍ കടല്‍ വിഭവങ്ങള്‍ ഇനി ഒഴുകും!! നിയന്ത്രണം എടുത്തുമാറ്റി ഖത്തര്‍... ചൈനയും മയപ്പെടും
ചൈനയും ഇന്ത്യന്‍ കടല്‍വിഭവങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഖത്തറിന് പിന്നാലെ സുപ്രധാന തീരുമാനം ചൈനയും എടുക്കുമെന്നാണ് പ്രതീക്ഷ

ദോഹ: ഇന്ത്യ-ഖത്തര്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഖത്തറിന്റെ പുതിയ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള കടല്‍ വിഭവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഖത്തര്‍ നീക്കി. ഇനി ഇന്ത്യയില്‍ നിന്ന് കടല്‍ വിഭവങ്ങള്‍ ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വിലക്കില്ല. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര വാണിജ്യ മന്ത്രാലയവും ഖത്തറിലെ ഇന്ത്യന്‍ എംബസിയും നിരന്തരം ശ്രമിച്ചുവരവെയാണ് ഖത്തര്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനം.
എന്തുകൊണ്ടാണ് ഇന്ത്യന്‍ കടല്‍ വിഭവങ്ങള്‍ക്ക് ഖത്തര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്, ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച വിശദീകരണം ഇങ്ങനെ...

എന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്
ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യ വിഭവങ്ങള്‍ക്ക് ഖത്തര്‍ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. നിരോധനം താല്‍ക്കാലികമാണ് എന്ന് അന്നുതന്നെ ഖത്തര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇക്കാര്യം ശരിവെക്കുന്നതാണ് ഖത്തറിന്റെ പുതിയ തീരുമാനം.

നിരോധനത്തിന് കാരണം
ഇന്ത്യയില്‍ നിന്ന് ഇറുക്കുമതി ചെയ്ത ചില കടല്‍ വിഭവങ്ങളില്‍ വിബ്രിയോ കോളറയുടെ അംശം കണ്ടെത്തി എന്നായിരുന്നു ഖത്തര്‍ അറിയിച്ചത്. തുടര്‍ന്നായിരുന്നു നിരോധനം. ഇത് സംബന്ധിച്ച വിശദമായ പരിശോധനകള്‍ക്ക് ഖത്തറില്‍ സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത് എന്ന് ഖത്തര്‍ ഇന്ത്യയെ അറിയിച്ചിരുന്നു.

ബന്ധത്തിന് കരുത്ത് പകരും
ഖത്തര്‍ ഏര്‍പ്പെടുത്തിയ നിരോധനം എടുത്തുമാറ്റാന്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രാലയവും ഖത്തറിലെ ഇന്ത്യന്‍ എംബസിയും നിരന്തരം ശ്രമിച്ചുവരികയായിരുന്നു. ഇതിന്റെ ഫലമാണ് ഖത്തറിന്റെ പുതിയ തീരുമാനം. ഇനി ഇന്ത്യയില്‍ നിന്നുള്ള കടല്‍ വിഭവങ്ങള്‍ ഖത്തറിലേക്ക് കയറ്റുമതി ചെയ്യാം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ കൂടുതല്‍ കരുത്ത് പകരുന്നതാണ് ഖത്തറിന്റെ തീരുമാനം.

ചൈനയും നിരോധിച്ചു
ഖത്തര്‍ മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള കടല്‍ വിഭവങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ചൈനയും നിരോധിച്ചിരുന്നു. ഖത്തറിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയും സമാനമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇത് സംബന്ധിച്ച് മറൈന്‍ പ്രൊഡക്ട്‌സ് എക്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഡിവി സ്വാമി പ്രത്യാശ പ്രകടിപ്പിച്ചു.

ചൈനയുടെ നടപടി ഇങ്ങനെ
ഇന്ത്യ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ ചൈന 99 ഇന്ത്യന്‍ കടല്‍വിഭവ ഉല്‍പ്പാദന യൂണിറ്റുകള്‍ക്കുള്ള താല്‍ക്കാലിക നിരോധനം നീക്കിയിരുന്നു. നാല് ദിവസം മുമ്പാണ് ചൈന ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ നിരോധനം പൂര്‍ണമായി നീക്കിയിട്ടില്ല. മൊത്തം 110 ഉല്‍പ്പാദന യൂണിറ്റുകള്‍ക്കാണ് ചൈന നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. 2020 ഡിസംബറിലാണ് ചൈന നിരോധനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications