ഖത്തര്‍, യുഎഇ ഭയക്കുന്നു; കൈവിടുമോ എന്ന് സൗദിക്കും കുവൈത്തിനും ആശങ്ക, കാരണം ഇതാണ്
ദുബായ്: ഇറാനെതിരായ ഇസ്രായേല്‍ ആക്രമണം പശ്ചിമേഷ്യയില്‍ മാത്രമല്ല, ലോകം മൊത്തം ആശങ്കയുടെ നിഴല്‍ വീഴ്ത്തിരിക്കുകയാണ്. ലോക സഞ്ചാര, ചരക്കു പാതയുടെ വലിയൊരു ഭാഗം പശ്ചിമേഷ്യയിലൂടെയാണ് എന്നതു തന്നെ കാരണം. ഹോര്‍മുസ് കടലിടുക്ക് വഴിയും ചെങ്കടല്‍ വഴിയുമാണ് കടല്‍ ചരക്കുനീക്കം. സംഘര്‍ഷം രൂക്ഷമായാല്‍ മിക്ക രാജ്യങ്ങളും വ്യോമ പാത അടയ്ക്കുകയും ചെയ്യും.
ഇതോടെ മറ്റു രാജ്യങ്ങളില്‍ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്കും ഗതാഗതത്തിനും ചെലവ് ഏറും. മാത്രമല്ല, വിമാന സര്‍വീസ് അസാധ്യമായാല്‍ പ്രവാസികളുടെ യാത്ര തടയപ്പെടും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് എല്ലാ രാജ്യങ്ങളും ഇസ്രായേലിനെയും ഇറാനെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ തങ്ങള്‍ യുദ്ധത്തിനില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ അമേരിക്ക എടുത്തത്. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇപ്പോള്‍ ട്രംപ് പറയുന്നു. അമേരിക്കക്ക് പശ്ചിമേഷ്യയില്‍ വ്യാപിച്ചുകിടക്കുന്ന സൈനിക കേന്ദ്രങ്ങളുണ്ട്. അവയെ കുറിച്ച് അറിയാം...

ഇസ്രായേല്‍ ശക്തമായ പ്രഹരമാണ് ഇറാന് ഏല്‍പ്പിച്ചത്. മുതിര്‍ന്ന സൈനികരെ കൊലപ്പെടുത്തുകയും ആണവ ശാസ്ത്രജ്ഞരെ വധിക്കുകയും ചെയ്തു. തെഹ്‌റാനിലും മഷ്ഹദിലും ഉള്‍പ്പെടെ ഇറാനിലെ പ്രമുഖ നഗരങ്ങളെല്ലാം ആക്രമിച്ചു. തിരിച്ചടിയായി ഇറാന്‍ മിസൈല്‍ വര്‍ഷിച്ച് ഇസ്രായേലില്‍ ആഞ്ഞടിച്ചു. ഇരുഭാഗത്തും നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിലെ ബങ്കര്‍ ജീവിതം ജനങ്ങളെ കൂടുതല്‍ ഞെരുക്കുകയാണ്.
ഇതിനിടെയാണ് അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിക്കുമോ എന്ന ആശങ്ക പരന്നിരിക്കുന്നത്. ഇസ്രായേലിന് പ്രത്യക്ഷത്തിലുള്ള പിന്തുണ ഇതുവരെ അമേരിക്ക നല്‍കിയിട്ടില്ല. എന്നാല്‍ ഇസ്രായേലിന്റെ ഓരോ നീക്കവും അമേരിക്കയുടെ അറിവോടെയാണ്. ഇറാന്റെ മിസൈല്‍ തടയുന്നതില്‍ അമേരിക്കന്‍ സൈനികരുടെ സഹായം ഇസ്രായേലിന് ലഭിച്ചു എന്നും പറയപ്പെടുന്നു.
യുഎസ് സൈന്യമുള്ളത് ഇവിടെയാണ്
അമേരിക്ക പ്രത്യക്ഷത്തില്‍ ഇടപെടല്‍ നടത്തിയാല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ എന്നീ ജിസിസി രാജ്യങ്ങളില്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളുണ്ട്. കൂടാതെ, ഇറാഖ്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലും അമേരിക്കന്‍ സൈനിക സാന്നിധ്യമുണ്ട്. എല്ലാം ഇറാന്‍ സൈന്യത്തിന് തൊട്ടടുത്തുള്ള സ്ഥലങ്ങളാണ്. ആക്രമിക്കാന്‍ എളുപ്പവുമാണ്.
ഇസ്രായേലിനെ ആക്രമിക്കാന്‍ തൊടുത്തുവിടുന്ന ഇറാന്റെ മിസൈലുകള്‍ ഇറാഖ്, ജോര്‍ദാന്‍ കടന്നുവേണം ഇസ്രായേലില്‍ എത്താന്‍. അല്ലെങ്കില്‍ സിറിയ ജോര്‍ദാന്‍ കടന്നു ചെല്ലണം. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇറാന് ഇതിനേക്കാള്‍ എളുപ്പമാണ്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി സംസാരിച്ച യുഎസ് പ്രസിഡന്റ് ട്രംപ്, ഇറാനെ ഇസ്രായേലുമായി സമാധാന കരാറിലെത്തിക്കാന്‍ ശ്രമിക്കണം എന്ന് അഭ്യര്‍ഥിച്ചു എന്നാണ് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തത്. അതായത്, അമേരിക്കക്ക് ആശങ്ക ബാക്കിയാണ് എന്ന് അര്‍ഥം.
അമേരിക്ക മുന്‍കൂട്ടി കണ്ടു, ഒഴിപ്പിച്ചു
യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പശ്ചിമേഷ്യയിലെ പല രാജ്യങ്ങളില്‍ നിന്നും അമേരിക്ക എംബസി ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും പിന്‍വലിച്ചിരുന്നു. പശ്ചിമേഷ്യയിലെ സാഹചര്യം മാറാന്‍ പോകുകയാണെന്നും സൈനികരോട് സജ്ജരായിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇറാന്റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കത്തിനുള്ള സാധ്യത അമേരിക്ക കാണുന്നുണ്ട്. പശ്ചിമേഷ്യയിലെ 19 ഇടങ്ങളിലായി 50000ത്തോളം സൈനികര്‍ അമേരിക്കക്കുണ്ട്. മേഖലയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് സൈനികരെ വിന്യസിച്ചത് എന്നാണ് അമേരിക്ക പറയുന്നത്.
ഖത്തറിലെ അല്‍ ഉദൈദ് താവളത്തിലാണ് കൂടുതല്‍ യുഎസ് സൈനികരുള്ളത്. ഇവിടെ 10000ത്തില്‍ അധികം പേരുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജലസുരക്ഷക്ക് വേണ്ടി സൈനികരെ നിര്‍ത്തിയിട്ടുള്ളത് ബഹ്‌റൈനിലാണ്. സൈനിക ചരക്കു കടത്തിന് ചുക്കാന്‍ പിടിക്കുന്നത് കുവൈത്തിലെ അലി അല്‍ സലിം എയര്‍ ബേസിലാണ്. യുഎഇയിലെ അല്‍ ദഫ്ര എയര്‍ബേസില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ തമ്പടിച്ചിട്ടുണ്ട്.
സൗദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലും യുഎസ് സൈനികരുണ്ട്. ഇറാഖിലും സിറിയയിലും നിരവധി യുഎസ് സൈനിക താവളങ്ങളുണ്ട്. കൂടെ ജോര്‍ദാനിലെ മുവഫഖ് സാല്‍ത്തി വ്യോമ താവളത്തിലും യുഎസ് സൈനികരുണ്ട്. യുഎസ് സൈന്യം ക്യാമ്പ് ചെയ്യുന്ന രാജ്യങ്ങള്‍ക്കും ആശങ്കയുള്ള ദിനങ്ങളാണിത്. കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്കയിലാണ് എല്ലാവരും. സൗദിയും ഖത്തറും യുഎഇയുമെല്ലാം രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നത് ഇതുകൊണ്ടുകൂടിയാണ്.












Click it and Unblock the Notifications