അടുത്തത് ഖത്തര്‍, പിന്നെ സൗദി അറേബ്യ; 2038ല്‍ ഗുജറാത്തില്‍ എത്തുമോ ഏഷ്യന്‍ ഗെയിംസ്?
ജപ്പാന്‍ ഏഷ്യന്‍ ഗെയിംസ് അവസാനിക്കെ ഏഷ്യന്‍ കായിക താരങ്ങള്‍ ഇനി സംഗമിക്കുക ഖത്തറില്‍. 2030ലെ ഗെയിംസിന് വേദിയൊരുക്കുക ഖത്തറാണ്. 2034ല്‍ സൗദി അറേബ്യയും. ഏഷ്യന്‍ ഗെയിംസ് മുമ്പും നടത്തി പരിചയമുള്ള രാജ്യമാണ് ഖത്തര്‍. അത്യാധുനിക സ്റ്റേഡിയങ്ങള്‍ നേരത്തെ ഖത്തര്‍ ഒരുക്കിയിരുന്നു. ഇനി ചില മിനുക്കു പണികള്‍ വേണ്ടി വരും.
ഗള്‍ഫ് മേഖലയില്‍ അന്തര്‍ദേശീയ കായിക മേളകള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കി ലോകരാജ്യങ്ങളെ ആകര്‍ഷിക്കാനാണ് ഖത്തറിന്റെയും സൗദിയുടെയും തീരുമാനം. ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് നടത്തി മികച്ച അഭിപ്രായം നേടിയിട്ടുണ്ട് ഖത്തര്‍. വൈകാതെ സൗദി അറേബ്യയും ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ ഒരുങ്ങുകയാണ്. അതേസമയം, ഇന്ത്യ ഏഷ്യന്‍ ഗെയിംസിന് വേദിയാകാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

2038ലെ ഏഷ്യന്‍ ഗെയിംസ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടത്താനാണ് ഇന്ത്യയുടെ ആലോചന. വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍, മലേഷ്യ, മംഗോളിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇതേ ഗെയിംസിന് വേദിയാകാന്‍ ഒരുങ്ങുന്നുണ്ട്. ഇവരുമായി കിട പിടിക്കുന്ന വേദികള്‍ ഒരുക്കിയാല്‍ ഇന്ത്യയിലേക്ക് ഏഷ്യന്‍ ഗെയിംസ് വരും. 2028ലാണ് ഏത് രാജ്യത്താണ് വേദി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവ്, വീര്‍ സവര്‍ക്കര്‍ കായിക സമുച്ചയം എന്നിവ പ്രധാന കേന്ദ്രമാക്കാനാണ് ഇന്ത്യയുടെ നീക്കം. 2036ലെ ഒളിംപിക്‌സിന് വേദിയാകാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഗുജറാത്തില്‍ ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് സിറ്റി നിര്‍മിക്കുന്നതു വഴി ഉഗ്രന്‍ വേദി ഒരുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഒളിംപിക്‌സ് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒസിഎ) യാണ് വേദി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. മറ്റു അഞ്ച് ഏഷ്യന്‍ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസ് വേദി പിടിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിന് 2030ലും ഒളിംപിക്‌സിന് 2036ലും വേദിയാകുന്ന അഹമ്മദാബാദിന് 2038ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാനും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications
