ഉപരോധം ആറാം മാസത്തിലേക്ക്; ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഖത്തര്‍ ഒന്നാമത്
ഉപരോധം ആറാം മാസത്തിലേക്ക്; ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഖത്തര്‍ ഒന്നാമത്
ദോഹ: ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണവുമായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ആറാം മാസത്തിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.

ഭക്ഷ്യസുരക്ഷാ സൂചികയില്‍ ലോകത്ത് ഒന്നാമത്
സൗദിയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്തിരുന്ന ഭക്ഷ്യപദാര്‍ഥങ്ങള്‍ ഉപരോധം കാരണം ഇറാന്‍, തുര്‍ക്കി പോലുള്ള രാജ്യങ്ങളില്‍ നിന്ന് വാങ്ങേണ്ടിവന്നുവെങ്കിലും അത് രാജ്യത്തിന്റെ ഭക്ഷ്യമേഖലയെ തെല്ലും ബാധിച്ചിട്ടില്ല. അതിനു തെളിവാണ് 2017ലെ ആഗോള ഭക്ഷ്യ സുരക്ഷാ സൂചികയിലൊന്നില്‍ ഖത്തറിന് ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞുവെന്നത്. അമേരിക്കന്‍ സ്ഥാപനമായ ഡുപോണ്ടും ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റും ചേര്‍ന്ന് തയ്യാറാക്കിയ സൂചികകള്‍ പ്രകാരമാണ് ഖത്തര്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.

വിലക്കുറവില്‍ ഖത്തര്‍ മുന്നില്‍
ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ പഠനവിധേയമാക്കി 113 രാജ്യങ്ങളില്‍ നിന്ന് ഖത്തറിനെ മികച്ച നിലയിലെത്തിച്ചത് അതിന്റെ വിലക്കുറവാണ്. അഫോഡബിലിറ്റി ഇന്‍ഡെക്‌സില്‍ 93.3 പോയിന്റാണ് ഖത്തറിന് ലഭിച്ചത്. സിംഗപ്പൂര്‍ (91.3), അമേരിക്ക (85.9), യു.എ.ഇ (84.9) എന്നീ രാജ്യങ്ങളാണ് ഖത്തറിന് പിറകിലുള്ളത്. ആളുകള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങുവാനുള്ള ശേഷിയെ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കുന്നത്. അതിനു പുറമെ, വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിലും ഉപഭോക്തൃ അനുകൂല നടപടികള്‍ കൈക്കൊള്ളുന്നതിലും ഖത്തര്‍ കൈവരിച്ച നേട്ടങ്ങളും ഇതിനു കാരണമായി.

ആഗോള തലത്തില്‍ 29ാമത്
വിലക്കുറവിനു പുറമെ, ഭക്ഷണസാധനങ്ങളുടെ ലഭ്യത, ഗുണനിലവാരം, സുരക്ഷിതത്വം തുടങ്ങിയ മറ്റ് സൂചികകള്‍ കൂടി പരിഗണിക്കുമ്പോള്‍ ലോകത്ത് 29ാം സ്ഥാനത്താണ് ഖത്തര്‍. 74.1 പോയിന്റുമായി ജി.സി.സിയില്‍ ഒന്നാം സ്ഥാനം ഖത്തറിനു തന്നെ. കുവൈത്ത് (73.7), ഒമാന്‍ (73.7), യു.എ.ഇ (68.6) എന്നിവയാണ് ഖത്തറിലുള്ള പിറകിലുള്ള ജി.സി.സിയിലെ മറ്റു രാജ്യങ്ങള്‍.

ജനങ്ങള്‍ ഭരണകൂടത്തോടൊപ്പം
ഉപരോധം അഞ്ച് മാസം പിന്നിടുമ്പോഴും ഖത്തര്‍ ഭരണാധികാരികള്‍ക്കെതിരായ ഒരു വികാരവും രാജ്യത്ത് പ്രകടല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പ്രവാസികള്‍ക്കാവട്ടെ, സ്വദേശികളുമായി മുമ്പെങ്ങുമില്ലാത്ത വിധമുള്ള ആത്മബന്ധം സൃഷ്ടിക്കാന്‍ ഉപരോധം അവസരം നല്‍കി. ഉപരോധത്തിന്റെ തുടക്കത്തില്‍ ഭക്ഷണ സാധനങ്ങളുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തിരുന്നുവെങ്കിലും അതൊരു പ്രയാസമായി ഖത്തര്‍ ജനത കണ്ടില്ല. ഉപരോധമെന്ന വെല്ലുവിളി നേരിടാന്‍ ഖത്തര്‍ കൈക്കൊണ്ട ആത്മാര്‍ഥമായ ശ്രമങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുകയായിരുന്നു ഖത്തര്‍ ജനത.

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍
ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉപരോധ രാജ്യങ്ങളുമായി തുറന്ന ചര്‍ച്ചയ്ക്ക് ഖത്തര്‍ തയ്യാറാണെന്ന് പലവുരു അറിയിച്ചിട്ടുണ്ടെങ്കിലും മറുഭാഗത്ത് നിന്ന് അതിനുവേണ്ടിയുള്ള കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, അല്‍ ജസീറ അടച്ചുപൂട്ടുക തുടങ്ങിയ 13 നിബന്ധനകളാണ് ഉപരോധ രാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം അടിയറ വെച്ചുള്ള ഒരു നീക്കുപോക്കിനും തങ്ങള്‍ ഒരുക്കമല്ല നിലപാടാണ് ഖത്തറിന്.












Click it and Unblock the Notifications