ഖത്തര്‍ എണ്ണ പര്യവേക്ഷണത്തിന്; റഷ്യ പാതിവഴിയില്‍ നിര്‍ത്തിയ സിറിയന്‍ ദൗത്യം, കൂടെ അമേരിക്ക
ദമസ്‌കസ്: സിറിയയില്‍ പുതിയ ക്രൂഡ് ഓയില്‍, പ്രകൃതി വാതക പര്യവേക്ഷണത്തിന് തുടക്കമാകുന്നു. അമേരിക്കന്‍ കമ്പനിയും ഖത്തര്‍ കമ്പനിയും ഇക്കാര്യത്തില്‍ ധാരണയിലെത്തി. എത്രത്തോളം ക്രൂഡ് ഓയില്‍ സിറിയയുടെ തീരദേശത്തുണ്ട് എന്നാണ് പരിശോധിക്കുക. സിറിയയുടെ പെട്രോളിയം കമ്പനിയും പര്യവേക്ഷണത്തില്‍ ഭാഗമാകും.
കാലഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഊര്‍ജ കമ്പനിയായ ഷെവ്‌റോണ്‍, ഖത്തര്‍ ഊര്‍ജ ഖനന കമ്പനിയായ യുസിസി ഹോള്‍ഡിങ് എന്നിവരാണ് സിറിയയിലെ എണ്ണ സമ്പത്ത് സംബന്ധിച്ച് പരിശോധിക്കുന്നത്. സിറിയ അതിര്‍ത്തി പങ്കിടുന്ന ഇസ്രായേലിന്റെയും ഈജിപ്തിന്റെയും പ്രദേശങ്ങളില്‍ വലിയ തോതിലുള്ള വാതക ഖനനം നടക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് സിറിയയിലും ഗവേഷണം. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ വലിയ വാതക നിക്ഷേപമുണ്ട് എന്നാണ് വിശ്വസിക്കുന്നത്. എത്രത്തോളമുണ്ട് എന്ന് മനസിലാക്കാന്‍ വിശദമായ പരിശോധന ആവശ്യമാണ്. ഈ ദൗത്യമാണ് അമേരിക്കയുടെയും ഖത്തറിന്റെയും കമ്പനികള്‍ നടത്താന്‍ പോകുന്നത്. ഇസ്രായേലില്‍ നിലവില്‍ വാതക ഖനനം അമേരിക്കന്‍ കമ്പനിയായ ഷെവ്‌റോണ്‍ ആണ് നടത്തുന്നത്.
ഇസ്രായേലിലെ ഏറ്റവും വലിയ വാതക മേഖലയാണ് ലെവിയാത്തന്‍. ഇവിടെ ഖനനത്തിന് ചുക്കാന്‍ പിടിക്കുന്നത് ഷെവ്‌റോണ്‍ ആണ്. സിറിയയില്‍ കൂടി ഈ കമ്പനിക്ക് എണ്ണയും വാതകവും കണ്ടെത്താന്‍ സാധിച്ചാല്‍ നേട്ടമാകുമെന്ന് വിലയിരുത്തുന്നു. അതേസമയം, റഷ്യ മുമ്പ് അവസാനിപ്പിച്ച പര്യവേക്ഷണമാണ് ഖത്തറും അമേരിക്കയും നടത്താന്‍ പോകുന്നത് എന്നതും എടുത്തു പറയണം.
എന്തുകൊണ്ട് റഷ്യ പിന്മാറി?
റഷ്യയിലെ കമ്പനിയായ സോയൂസ്‌നെഫ്റ്റഗസ് 2013ല്‍ സിറിയയിലെ സര്‍ക്കാരുമായി കരാറുണ്ടാക്കയിരുന്നു. എന്നാല്‍ പദ്ധതി പാതിവഴിയില്‍ അവര്‍ ഉപേക്ഷിച്ചു. സിറിയയില്‍ ആഭ്യന്തര യുദ്ധം ശക്തമായതോടെയാണ് 2015ല്‍ പദ്ധതി ഒഴിവാക്കി കമ്പനി മടങ്ങിയത്. 12 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം 2024 അവസാനത്തിലാണ് നിലച്ചത്.
പ്രസിഡന്റ് ബശ്ശാറുല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്തതോടെയാണ് ആഭ്യന്തര യുദ്ധം നിലച്ചത്. പിന്നീട് അഹമ്മദ് അല്‍ ഷറാ സിറിയയുടെ പ്രസിഡന്റായി ചുമതലയേറ്റു. അദ്ദേഹം സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളോട് സിറിയയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗം കൂടിയാണ് പുതിയ ഖനന പദ്ധതി.
സിറിയയിലെ പ്രധാന എണ്ണ മേഖലയ അല്‍ ഉമര്‍ ഫീല്‍ഡ് ആണ്. എന്നാല്‍ കടല്‍ മേഖലയില്‍ സിറിയയില്‍ എണ്ണ ഖനനം സാധ്യമായിട്ടില്ല. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഖത്തര്‍ കമ്പനിയായ പവന്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങിന്റെ ഒരു യൂണിറ്റ് ആണ് യുസിസി ഹോള്‍ഡിങ്. സിറിയയില്‍ വാതകവും എണ്ണയും ഖനനം ചെയ്യാന്‍ സാധിച്ചാല്‍ പശ്ചിമേഷ്യയ്ക്ക് മറ്റൊരു ഉത്തേജനമാകും.


Click it and Unblock the Notifications