നിത അംബാനിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഖത്തര്‍ രാജകുമാരി; ലണ്ടനിലെ ഈ ചിത്രത്തിനു പിന്നിലെ കഥ ഇതാണ്
റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനിയുടെ വിശേഷങ്ങള്‍ എല്ലാം വാര്‍ത്തകളില്‍ എപ്പോഴും ഇടം പിടിക്കാറുണ്ട്. ലോക വേദികളിലെല്ലാം ഇന്ത്യയുടെ സാംസ്‌കാരിക സാന്നിധ്യമായാണ് നിതാ അംബാനി എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. ആ വേദികളില്‍ നിത ധരിക്കുന്ന സാരികളും ആഭരണങ്ങളും രാജ്യാന്തര മാധ്യമങ്ങളുടെ പോലും ശ്രദ്ധ കവരാറുണ്ട്. എവിടെയും തന്റെ കയ്യൊപ്പ് പതിപ്പിച്ചാണ് നിതാ അംബാനി മടങ്ങുന്നത്. ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഉടമ കൂടിയാണ് അവര്‍.
ഇപ്പോഴിതാ, ലോകത്തിലെ മൂന്ന് ശക്തരായ സ്ത്രീകള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഖത്തര്‍ അമീറിന്റെ സഹോദരിയും രാജകുമാരിയുമായ അല്‍ മയസ ബിന്‍ത് ഹമദ് അല്‍ താനി, നിത അംബാനി, ഇഷ അംബാനി എന്നിവര്‍ ഒരുമിച്ച് പുഞ്ചിരിച്ച് നില്‍ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. അടുത്തിടെ ലണ്ടനില്‍ നടന്ന ഒരു വലിയ പരിപാടിയില്‍ നിന്നുള്ള ചിത്രമാണിത്.

Image credit: Instagram/@almayassabnthamad
ബ്രിട്ടീഷ് മ്യൂസിയത്തിലെ പിങ്ക് ബോള്‍ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നിത അംബാനിയും ഇഷയും അവിടെ എത്തിയത്. ഇന്ത്യന്‍ സംസ്‌കാരവും പൈതൃകവും ഒക്കെ ആഘോഷിക്കുന്നത് ആയിരുന്നു നിതയുടെയും ഇഷയുടെയും വസ്ത്രധാരണം. തിളങ്ങുന്ന മനോഹരമായ കാഞ്ചീപുരം സാരി ഉടുത്താണ് നിത അവിടെ എത്തിയത്. ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം ഖത്തര്‍ രാജകുമാരി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചത്.
സര്‍ഗാത്മകതയും പൈതൃകവും ആഘോഷിക്കുന്ന ഈ ഉത്സവ അന്തരീക്ഷത്തില്‍, കലാ-സാംസ്‌കാരിക രംഗത്തെ ഉന്നതരെ ഒരുമിച്ച് കൊണ്ടു വന്ന ബ്രിട്ടീഷ് മ്യൂസിയത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനും ആര്‍ക്കിടെക്റ്റ് ലിന രൂപകല്‍പ്പന ചെയ്ത പുതിയ പവലിയനെ പിന്തുണയ്ക്കാനും കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് രാജകുമാരി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഒരു മില്യണിലേറെ ഫോളോവേഴ്‌സാണ് ഖത്തര്‍ രാജകുമാരിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
അംബാനി കുടുംബത്തിനും ഖത്തര്‍ രാജകുമാരിക്കും പുറമേ, ലോകമെമ്പാടുമുള്ള 800-ലധികം പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുത്തത്. ബ്രീട്ടിഷ് രാജകുമാരി ഡയാനയുടെ മരുമകള്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. ബ്രിട്ടീഷ് മ്യൂസിയം ഡയറക്ടര്‍ നിക്കോളാസ് കലിനനൊപ്പം ഇഷ അംബാനിയും പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
ഖത്തര്‍ രാജകുമാരി അല്‍ മയസ ബിന്‍ത് ഹമദ് അല്‍ താനി ഖത്തറിലെ വിദ്യാഭ്യാസ, കലാ മേഖലയിലെ അറിയപ്പെടുന്ന സാന്നിധ്യമാണ്. കലയെ വളര്‍ത്താന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് രാജകുമാരിക്കു കീഴില്‍ നടക്കുന്നത്. ഖത്തര്‍ മ്യൂസിയങ്ങളുടെ ചെയര്‍പേഴ്സണായും അവര്‍ സേവനമനുഷ്ഠിക്കുന്നു.












Click it and Unblock the Notifications