സൗദിയുടെ ഉപരോധം പൊട്ടിക്കാന്‍ ഖത്തര്‍; പുതിയ പാത, 75 ലക്ഷം കണ്ടയ്‌നറുകള്‍!! ഇറാനും സ്വാഗതം
കൂടാതെ യൂറോപ്പില്‍ നിന്നും ഉദ്ഘാടനത്തിന് പ്രതിനിധികള്‍ വന്നു. അതിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ഇറാന്‍ പ്രതിനിധിയുടെ സാന്നിധ്യമാണ്.
Recommended Video

ദോഹ: സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിനെതിരേ ഉപരോധം ചുമത്തിയിട്ട് മൂന്ന് മാസം തികഞ്ഞു. കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഉപരോധ പ്രഖ്യാപനം. എന്നാല്‍ ഇതുവരെ ഖത്തറിനെ വരുതിയിലാക്കാന്‍ സൗദി സഖ്യത്തിന് സാധിച്ചിട്ടില്ല. ഖത്തറിന്റെ ചോരാത്തതും തീരാത്തതുമായ ആസ്തി തന്നെയാണ് അതിന് പ്രധാന കാരണം.
ആരുടെ മുന്നിലും തലയെടുപ്പോടെ കാര്യം പറയാന്‍ ഈ കൊച്ചുരാജ്യത്തിന് ഇപ്പോഴും സാധിക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ സൗഹൃദം വെടിഞ്ഞപ്പോള്‍ ഖത്തര്‍ പുതിയ സാമ്പത്തിക മാര്‍ഗങ്ങള്‍ തേടുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ദോഹയിലെ ഹമദ് തുറമുഖം വികസിപ്പിച്ചിരിക്കുന്നത്. കോടികള്‍ ഖത്തറിലേക്ക് എത്തുന്നതിന് വഴിയൊരുക്കുന്നതാണ് തുറമുഖം. വിശദീകരിക്കാം...

28.5 കിലോമീറ്റര്‍ ചുറ്റളവ്
28.5 കിലോമീറ്റര്‍ ചുറ്റളവിലാണ് ദോഹ തുറമുഖം വികസിപ്പിക്കുന്നത്. ഇതിന്റെ ചെലവാകട്ടെ 7400 കോടി ഡോളറും. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ചെലവാണിത്.

ശൈഖ് തമീമും കൂട്ടരും
നേരത്തെ തുറമുഖം പ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി രാജ്യത്തിന് സമര്‍പ്പിച്ചത്. അമീര്‍ ശൈഖ് തമീമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങിനെത്തി. അതിലുമുണ്ടായിരുന്നു പ്രത്യേകത.

ഖത്തറിന്റെ വിഷന്‍ 2030
സൗദിയെ പോലെ തന്നെ വിഷന്‍ 2030 എന്ന സ്വപ്‌ന പദ്ധതി ഖത്തറിനുമുണ്ട്. പദ്ധതിയുടെ പ്രയാണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഹമദ് തുറമുഖം.

ജലമാര്‍ഗം ഖത്തറിനെ തുണക്കും
സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഈ വേളയില്‍ ഖത്തര്‍ പ്രധാനമായും ആശ്രയിച്ചത് ജലമാര്‍ഗമായിരുന്നു. ഖത്തറിന് പുറത്തേക്ക് കടക്കാനുള്ള എളുപ്പവഴിയും അതുതന്നെ.

17 ലക്ഷം ടണ്‍ ശേഷി
വര്‍ഷത്തില്‍ 17 ലക്ഷം ടണ്‍ ശേഷിയുള്ള ജനറല്‍ കാര്‍ഗോ ടെര്‍മിനല്‍ തുറമുഖത്ത് സജ്ജമായിട്ടുണ്ട്. കൂടാതെ പത്ത് ലക്ഷം ടണ്‍ ശേഷിയുള്ള ധാന്യശാലയും ഒരുക്കിയിട്ടുണ്ട്.

അഞ്ച് ലക്ഷം കാറുകള്‍
അഞ്ച് ലക്ഷം കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള പ്രത്യേക കേന്ദ്രവും ഇവിടെ ഒരുക്കുന്നു. ഒരു വര്‍ഷം 75 ലക്ഷം കണ്ടയ്‌നറുകള്‍ എത്തുന്നതിനുള്ള ശേഷിയുള്ള മൂന്ന് ടെര്‍മിനലും തുറമുഖത്ത് ഒരുക്കുന്നുണ്ട്.

രാജ്യം ഭദ്രമാക്കുന്ന ഭരണാധികാരി
2021നകം ഈ തുറമുഖം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. നിലവില്‍ ദോഹ തുറമുഖത്ത് 20 ലക്ഷം കണ്ടയ്‌നറുകളെ ഉള്‍ക്കൊള്ളാനാകും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് തുറമുഖമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അത്യാധുനിക സൗകര്യങ്ങള്‍
അത്യാധുനിക സൗകര്യങ്ങളോടെയാണ് തുറമുഖം സജ്ജമായിരിക്കുന്നതെന്ന് മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തി അറിയിച്ചു. തീരസേനയുടെ ഒരു കേന്ദ്രവും ഇവിടെയുണ്ടാകും.

കന്നുകാലികള്‍ക്ക് കേന്ദ്രം
110 മീറ്റര്‍ ഉയരത്തിലുള്ള നിരീക്ഷണ കേന്ദ്രവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കന്നുകാലികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ശാലയും ഇതോടൊപ്പമുണ്ട്. വന്‍ ആഘോഷമായിട്ടാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

കുവൈത്തും ഒമാനും
ഉദ്ഘാടനച്ചടങ്ങില്‍ എത്തിയ വിശിഷ്ട അഥിതികളിലുമുണ്ട് പ്രത്യേകത. തെറ്റി നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആരെയും ക്ഷണിച്ചിട്ടില്ല. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന കുവൈത്തും ഒമാനും പ്രതിനിധികളെ അയച്ചു.

ഇറാന്‍ പ്രതിനിധിയായി മന്ത്രി
കൂടാതെ യൂറോപ്പില്‍ നിന്നും ഉദ്ഘാടനത്തിന് പ്രതിനിധികള്‍ വന്നു. അതിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ഇറാന്‍ പ്രതിനിധിയുടെ സാന്നിധ്യമാണ്. ഇറാന്‍ ഗതാഗത മന്ത്രി അബ്ബാസ് അഖൗന്ദിയാണ് ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചത്.

4000 കോടി ഡോളര്‍
ഖത്തറിന്റെ ആസ്തി ആരെയും അമ്പരപ്പിക്കുന്നതാണ്. 4000 കോടി ഡോളറിന്റെ കരുതല്‍ ധനം പണമായി ഖത്തറിന്റെ കൈവശമുണ്ട്. അതിന് പുറമെ സ്വര്‍ണ ശേഖരവും.

വിനിയോഗിക്കാത്ത നിധി
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് 30000 കോടി ഡോളറിന്റെ കരുതല്‍ ധനമാണുള്ളത്. ഇതെല്ലാം ഏത് സമയവും എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കുന്നതാണ്. ഉപരോധം മൂന്ന് മാസം പിന്നിട്ടിട്ടും ഖത്തര്‍ ഇതുവരെ ഈ പണം ഉപയോഗിച്ചിട്ടില്ല.












Click it and Unblock the Notifications