ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാര്‍; നിലപാടറിയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. റോയിറ്റേഴ്‌സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറും കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള നില വഷളായിരുന്നു. മേയ് 10 ന് ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ സൈനിക നടപടികളും നിര്‍ത്തലാക്കാന്‍ ധാരണയായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി മുന്നോട്ട് വന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22 ന് നടന്ന ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഇതിനുള്ള പ്രതികാരമെന്നോണം മേയ് 7 ന്, ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി, പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് സ്ഥലങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതോടെ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുകയും ഇന്ത്യ ശക്തമായ ചെറുത്തുനില്‍പ്പും പ്രത്യാക്രമണവും നടത്തുകയും ചെയ്തു.
മൂന്ന് ദിവസത്തോളം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം മേയ് 10 ന് സൈനിക നടപടി അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഉഭയകക്ഷി ധാരണയിലെത്തി. അതുവരെ ഇന്ത്യയും പാകിസ്ഥാനും ഡ്രോണുകള്‍, മിസൈലുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് തീവ്രമായ സായുധ ഏറ്റുമുട്ടലിനാണ് നേതൃത്വം നല്‍കിയത്. ഇന്ത്യയുടെ ആക്രമണത്തിലെ പാകിസ്ഥാനിലെ നൂറോളം ഭീകരവാദികളും 40 ഓളം സൈനികരും കൊല്ലപ്പെട്ടു എന്നാണ് സൈന്യം പറയുന്നത്.
അതേസമയം ഭീകരവാദത്തെ നേരിടാനും അവരുടെ രാജ്യത്തെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ അടച്ചുപൂട്ടാനും ഇന്ത്യ പാകിസ്ഥാനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. 'പാകിസ്ഥാനുമായുള്ള ചര്‍ച്ച ഭീകരതയെക്കുറിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമുക്ക് കൈമാറേണ്ട തീവ്രവാദികളുടെ ഒരു പട്ടിക പാകിസ്ഥാനിലുണ്ട്.
അവര്‍ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ അടച്ചുപൂട്ടണം. എന്തുചെയ്യണമെന്ന് അവര്‍ക്കറിയാം. തീവ്രവാദത്തിനെതിരെ എന്തുചെയ്യണമെന്ന് അവരുമായി ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. സാധ്യമായ ചര്‍ച്ചകളാണ് അവ,' ജയ്ശങ്കര്‍ പറഞ്ഞു. 1960 ലെ സിന്ധു നദീജല കരാര്‍ പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരത വിശ്വസനീയമായും പിന്‍വലിക്കാനാവാത്ത വിധം അവസാനിപ്പിക്കുന്നതുവരെ നിര്‍ത്തിവെക്കുമെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications