പ്രധാനമന്ത്രിക്കെതിരായ പരാമർശം; മന്ത്രിമാർക്കെതിരെ മുൻ മാലിദ്വീപ് പ്രസിഡന്റ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ വിമർശനങ്ങളിൽ സർക്കാരിനെതിരെ മുൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്. സർക്കാർ നയത്തിന് ചേരുന്ന പ്രതികരണമല്ല മന്ത്രിമാർ നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാന സഖ്യകക്ഷിയായ രാജ്യത്തിന്റെ നേതാവിന് നേരെ മാലദ്വീപ് സർക്കാർ ഉദ്യോഗസ്ഥയായ മറിയം ഷിയൂന നടത്തിയ ഭാഷ അങ്ങേയറ്റം മോശമാണ്. മുഹമ്മദ് മുയിസു സർക്കാർ ഇത്തരം പ്രതികരണങ്ങളിൽ നിന്ന് മാറി നിൽക്കുകയും സർക്കാർ നിലപാടല്ല ഇതെന്ന് വ്യക്തമാക്കുകയും വേണം,' നഷീദ് എക്‌സിൽ കുറിച്ചു. ഇതിന് പിന്നാലെ മന്ത്രിയുടെ പരാമർശം സർക്കാരിന്റെ നിലപാടല്ലെന്ന് വ്യക്തമാക്കി മാലിദ്വീപ് ഭരണകുടം പ്രസ്താവനയിറക്കി. മന്ത്രിയുടേത് തികച്ചും വ്യക്തിപരമായ പരാമർശമാണെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

മാലദ്വീപും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള ബന്ധത്തെ തടസപ്പെടുത്തുന്ന രീതിയിലായിരിക്കരുത് ആവിഷ്കാര സ്വാതന്ത്ര്യം നേതാക്കൾ വിനിയോഗിക്കേണ്ടത്, ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ലയെന്നും പ്രസ്താവനയിൽ സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ ഇന്ത്യയും മലിദ്വീപിനോട് അതൃപ്തി അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സ്നോർകെല്ലിങ് ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലക്ഷദ്വീപിന്റേത് മാസ്മരിക ഭംഗിയാണെന്നും സഞ്ചാരികൾ തങ്ങളുടെ പട്ടികയിൽ ലക്ഷദ്വീപിനെക്കൂടി ഉൾപ്പെടുത്തണമെന്നും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മോദി കുറിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രി മറിയം ഷിയുന ഉൾപ്പെടെയുള്ളവർ മോദിക്കെതിരെ രംഗത്തെത്തിയത്. നരേന്ദ്ര മോദിയെ 'കോമാളി'യെന്നും 'ഇസ്രായേലിന്റെ പാവ'യെന്നും വിളിച്ചായിരുന്നു ഷിയുനയുടെ പരിഹാസം.
അതേസമയം ഷിയുനയെ കൂടാതെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദും മോദിയുടെ സന്ദർശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ സന്ദർശനം മാലദ്വീപിനെ ലക്ഷ്യം വച്ചുള്ളതാണ് എന്നായിരുന്നു മാജിദ് കറിച്ചത്. മോദിയുടെ സന്ദർശനം മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്നും മാജിദ് കുറിച്ചു. അതേസമയം മന്ത്രിമാരുടെ പ്രതിഇന്ത്യയിൽ നിന്നും മാലിദ്വീപിൽ നിന്നുമടക്കം കടുത്ത വിമർശനങ്ങളാണ് പലരും ഉയർത്തിയത്. മന്ത്രിയുടെ അന്തസിന് ചേരുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും ഷിയുനയുടെ പരാമർശം നിരവധിയാളുകളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നുമായിരുന്ന പലരുടേയും ട്വീറ്റുകൾ. 'മാലദ്വീപിനെ ബഹിഷ്കരിക്കുക' എന്ന ആഹ്വാനവും ചിലർ നടത്തി. മാലദ്വീപിൽ അവധി ആഘോഷിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും നിരവധിപ്പേർ അറിയിച്ചു.












Click it and Unblock the Notifications