ഇന്ത്യക്കാർക്ക് ആശ്വാസ വാർത്ത ഉടൻ; എച്ച്1ബി വിസ നടപടികളിൽ ഇളവ് വരുത്താൻ യുഎസ്?
വാഷിംഗ്ടൺ: വിദഗ്ദ ഇന്ത്യൻ തൊഴിലാളികൾക്കുള്ള വിസ നിയമങ്ങളിൽ ഇളവ് വരുത്താൻ യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് സുപ്രധാന തീരുമാനത്തിന് യുഎസ് ഒരുങ്ങുന്നത്. പുതിയ തീരുമാനത്തോടെ എച്ച്1ബി വിസയിലുള്ള ഇന്ത്യക്കാർക്കും മറ്റ് വിദേശ തൊഴിലാളികൾക്കും വിദേശത്തേക്ക് പോകാതെ തന്നെ വിസ പുതുക്കാൻ അവസരമൊരുങ്ങും.
തുടക്കത്തിൽ പൈലറ്റ് പ്രൊജക്ട് ആയിട്ടായിരിക്കും നടപ്പാക്കുക. വരും വർഷങ്ങളിൽ വിപുലീകരിക്കും. പതിനായിരക്കണക്കിന് വിദേശ ടെക് ജീവനക്കാർക്ക് തീരുമാനം സഹായകമായേക്കും. അതേസമയം പൈലറ്റ് പ്രോഗ്രാമിൽ എൽ-1 വിസയുള്ള ചില തൊഴിലാളികളേയും ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ തീരുമാനം എന്ന് നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വൈറ്റ് ഹൗസും ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അമേരിക്കയിലേക്കുള്ള എച്ച്1ബി വിസ നേടുന്നവരിലധികവും ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ. 2022 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 442,000 എച്ച്1ബി വിസകളിൽ 73 ശതമാനവും ഇന്ത്യക്കാർക്കായിരുന്നു. വിദഗ്ദ തൊഴിലാളികളെ ആവശ്യമുള്ള കമ്പനികൾക്കായി ഓരോ വർഷവും 65,000 എച്ച്1ബി വിസകളാണ് യുഎസ് അനുവദിക്കാറുള്ളത്. ഇതുകൂടാതെ ഉന്നത ബിരുദമുള്ള തൊഴിലാളികൾക്ക് വേണ്ടി അധികമായി 20,000 വിസകളും നൽകാറുണ്ട്. മൂന്ന് വർഷമായിരിക്കും ഈ വിസയുടെ കാലാവധി. ഇത് പിന്നീട് മൂന്ന് വർഷത്തേക്ക് പുതുക്കുകയും ചെയ്യാം.
ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ആമസോൺ, ആൽഫബെറ്റ്, മെറ്റാ എന്നീ കമ്പനികളാണ് സമീപ വർഷങ്ങളിൽ ഏറ്റവും കൂടുതൽ എച്ച്1ബി വിസ പ്രയോജനപ്പെടുത്തിയെന്നാണ് യുഎസ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. വിദഗ്ദരായ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന തരത്തിലാണ് എച്ച് 1 ബി വിസ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അതേസമയം അടുത്തിടെ അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള ഗ്രീൻ കാർഡ് സംബന്ധിച്ച യോഗ്യത വ്യവസ്ഥകളിലും ബൈഡൻ ഭരണകുടം ഇളവുവരുത്തിയിരുന്നു. യുഎസിൽ ജോലി ചെയ്യുന്നതിനും യുഎസിൽ തുടരുന്നതിനുമുള്ള യോഗ്യത മാനദണ്ഡങ്ങളിലാണ് ഇളവുവരുത്തിയത്. യുഎസില്‍ തൊഴില്‍ നേടുന്നവര്‍ക്ക് സ്‌ഥിരതാമസാവകാശം നല്‍കുന്ന രേഖയാണു ഗ്രീന്‍ കാര്‍ഡ്. യുഎസ് കുടിയേറ്റനിയമപ്രകാരം നിലവില്‍ ഏകദേശം 1,40,000 വിദേശികള്‍ക്കു പ്രതിവര്‍ഷം ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നുണ്ട്.
അതിനിടെ ഇന്ത്യയിലെ യുഎസ് എംബസികളിൽ കെട്ടികിടക്കുന്ന ഇന്ത്യക്കാരുടെ വിസ അപേക്ഷകളിലും ഉടൻ തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ആഴ്ച ഇരുരാജ്യങ്ങളിലേയും പ്രതിനിധികൾ തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications