കാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യ; 2025ൽ സൗജന്യമായി വിതരണം ചെയ്യും
മോസ്കോ: കാൻസറിനെതിരെ റഷ്യ വാക്സിൻ വികസിപ്പിച്ചതായി റിപ്പോർട്ട്. എം ആർ എൻ എ വാക്സിനാണ് റഷ്യ വികസിപ്പിച്ചത്. കാൻസർ രോഗികളുടെ ചികിത്സയ്ക്കാണ് വാക്സിനെന്നും ട്യൂമർ ഉണ്ടാവുന്നത് തടയാനല്ലെന്നുമാണ് റിപ്പോർട്ട്. ട്യൂമർ കോശങ്ങൾ വികസിക്കുന്നതും വ്യാപിക്കുന്നതും തടയാൻ വാക്സിന് സാധിക്കുന്നതായി പ്രീ ക്ലിനിക്കൽ ട്രയലുകളിൽ തെളിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്.
റഷ്യൻ റിപ്പോർട്ടുകൾ പ്രകാരം 2025 ന്റെ തുടക്കത്തിൽ വാക്സിൻ പുറത്തിറക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ മേധാവി ആൻഡ്രി കാപ്രിൻ പറഞ്ഞത്. ഒരു ഡോസിന് 300,000 റൂബിൾസ് ( USD 2,869 ) ചെലവാണ് വരിക. റഷ്യക്കാർക്ക് സൗജന്യമായി നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

" ഇപ്പോൾ ( വ്യക്തിഗത വാക്സിനുകൾ ) നിർമിക്കാൻ വളരെ സമയമെടുക്കും. കാരണം ഒരു വാക്സിൻ അല്ലെങ്കിൽ ഇഷ്ടാനുസൃതമാക്കിയ എം ആർ എൻ എ ഉപയോഗിച്ചുള്ള കമ്പ്യൂട്ടിംഗ് , ഗണിത ശാസ്ത്രപരമായ മാട്രിക്സ് രീതികൾ ഉപയോഗിക്കുന്നത് പോലെയായിരിക്കണം. ഞങ്ങൾ ഇവാനിക്കോവ് ഇൻസ്റ്റിറ്റ്യൂട്ടിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് ചെയ്യാൻ എ ഐയെ ആശ്രയിക്കും. അതായത് ന്യൂറൽ നെറ്റ് വർക്ക് കമ്പ്യൂട്ടിംഗ്, ഈ നടപടി ക്രമങ്ങൾക്ക് ഏകദേശം അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ എടുക്കും, " ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഡയറക്ടർ ( എപ്പിഡെമിയോളജി, മൈക്രോബയോളജി ) അലക്സാണ്ടർ ഗിൻ്റ്സ്ബർഗ് പറഞ്ഞു.
അതേ സമയം ഏത് തരത്തിലുള്ള കാൻസറിനാണ് വാക്സിൻ ഉപയോഗിക്കുന്നത്, വാക്സിന്റെ ഫലപ്രാപ്തി, വിതരണം എന്നിവിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല. 2022 ൽ 635, 000 ൽ അധികം കേസുകളാണ് റഷ്യയിൽ രേഖപ്പെടുത്തിയത്. ഈ സാഹതര്യത്തിലാണ് വാക്സിൻ കണ്ടുപിടിച്ചത്. റഷ്യക്കാർക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് വൻകുടൽ, സ്തന, ശ്വാസകോശ അർബുദങ്ങളാണെന്നാണ് റിപ്പോർട്ട്.
കാൻസർ വാക്സിൻ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. നമ്മൾ ഒരു പുതിയ തലമുറയുടെ കാൻസർ വാക്സിനുകളുടെയും ഇമ്മ്യണോമോഡുലേറ്ററി മരുന്നുകളുടെയും സൃഷ്ടിയോട് വളരെ അടുത്തെത്തിയിരിക്കുന്നുവെന്നാണ് പുടിൻ പറഞ്ഞത്.












Click it and Unblock the Notifications