എല്ലാവരും വിലയ്‌ക്കെടുത്തവര്‍, റിപബ്ലിക്കന്‍ പ്രൈമറി ഡിബേറ്റില്‍ തിളങ്ങി വിവേക് രാമസ്വാമി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പ്രൈമറി ഡിബേറ്റില്‍ തിളങ്ങി ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ വിവേക് രാമസ്വാമി. മില്‍വോക്കിയില്‍ നടന്ന ഡിബേറ്റില്‍ എട്ട് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളാണ് പങ്കെടുത്തത്. വലിയ മാധ്യമശ്രദ്ധയാണ് വിവേകിന് ലഭിച്ചത്. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ പോരാട്ടത്തില്‍ നേരത്തെ ഡൊണാള്‍ഡ് ട്രംപിന് പിന്നിലായി എത്തിയിരുന്നു വിവേക്.
നോര്‍ത്ത ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബര്‍ഗം, മുന്‍ ന്യൂജഴ്‌സ് ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റോസ്, മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലി, മുന്‍ അര്‍ക്കന്‍സ ഗവര്‍ണര്‍ ഹസാ ഹച്ചിന്‍സണ്‍, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സൗത്ത് കരോലിന ടിം സ്‌കോട്ട് എന്നിവരാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ഇവിടെയെത്തിയവരില്‍ വിലയ്ക്ക് വാങ്ങാത്തവരായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് താന്‍ മാത്രമാണ്. മറ്റുള്ളവരെല്ലാം വിലയ്ക്ക് വാങ്ങപ്പെട്ടവരാണെന്ന് വിവേക് ആരോപിച്ചു.

അതേസമയം മൈക്ക് പെന്‍സ് കടുത്ത ഭാഷയില്‍ തന്നെ വിവേകിനെ നേരിട്ടു. വെറുമൊരു തുടക്കക്കാരന്‍ മാത്രമാണ് വിവേക്. ജോലിയില്‍ പരിശീലനം നല്‍കേണ്ട ഒരാളെയല്ല ഇപ്പോള്‍ അമേരിക്കയ്ക്ക് ആവശ്യം. ജോ ബൈഡന്‍ ഈ രാജ്യത്ത് നാട്ടിലും, വിദേശത്തും ദുര്‍ബലമാക്കി. ഇനി ആ ജോലിയില്‍ പരിശീലനം വേണ്ടയാളെ അല്ല വേണ്ടത്. ഒരു പുതുമുഖത്തെ കൊണ്ടുവരേണ്ട ആവശ്യമില്ല. പരിചയസമ്പത്തുള്ളവരെയാണ് വേണ്ടതെന്നും പെന്‍സ് പറഞ്ഞു.
വിവേക്, നിങ്ങളുടെ അടുത്തിടെ പ്രസിഡന്റിന് എല്ലാ കാര്യങ്ങളും ചെയ്യാനാവില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും പ്രസിഡന്റും നേരിടേണ്ടി വരുമെന്നും പെന്‍സ് പറഞ്ഞു. വിവേകിന്റെ രാഷ്ട്രീയത്തിലെ പരിചയമില്ലായ്മയെയായിരുന്നു പെന്‍സ് ആയുധമാക്കിയത്.അതേസമയം പെന്‍സിന് വിവേക് മറുപടിയും നല്‍കി. മുന്‍കൂട്ടി തയ്യാറാക്കിയ മുദ്രാവാക്യങ്ങള്‍ അവസാനിച്ചെങ്കില്‍, യഥാര്‍ത്ഥ ചര്‍ച്ചകളിലേക്ക് നമുക്ക് കടക്കാമെന്നായിരുന്നു വിവേകിന്റെ മറുപടി.
യുഎസ് ഒരു ദേശീയ വ്യക്തിത്വ പ്രതിസന്ധിയിലാണെന്ന് ചര്‍ച്ചയില്‍ വിവേക് പറഞ്ഞപ്പോള്‍ പെന്‍സ് അതിനെ എതിര്‍ത്തു. അമേരിക്കയ്ക്ക് അത്തരമൊരു പ്രശ്‌നമേയില്ല. പുതിയ ദേശീയ വ്യക്തിത്വം അമേരിക്കയ്ക്ക് ആവശ്യമില്ലെന്നായിരുന്നു പെന്‍സിന്റെ മറുപടി. കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഇരുവരും ഏറ്റുമുട്ടി. നിങ്ങളെ പോലുള്ളവര്‍ ഇതൊരു പ്രഭാതമാണെന്ന് പറയും. എന്നാല്‍ ഇപ്പോള്‍ കാണുന്നത് പ്രഭാതമല്ല. നമ്മള്‍ ജീവിക്കുന്നത് ഇരുണ്ട കാലഘട്ടത്തിലാണ്. ആഭ്യന്തരമായ സാംസ്‌കാരിക യുദ്ധമാണ് നടക്കുന്നത്. അതിനെ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും വിവേക് പറഞ്ഞു.
ക്രിസ് ക്രിസ്റ്റിയും വിവേകിനെ പരിഹസിച്ച് രംഗത്തെത്തി. ചാറ്റ്ജിപിടിയില്‍ നിന്നാണ് രാമസ്വാമിയുടെ ഉത്തരങ്ങള്‍ വരുന്നതെന്നായിരുന്നു പരിഹാസം. ട്രംപിനെതിരെയുള്ള പകയുടെയും, പരാതികളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ക്രിസ്റ്റി പ്രചാരണം നയിക്കുന്നതെന്ന് വിവേക് തിരിച്ചടിച്ചു. യുക്രൈനുള്ള യുഎസ് പിന്തുണയില്‍ മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലിയെയും വിവേക് വിമര്‍ശിച്ചു.
നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ടതിന് പകരം മറ്റുള്ളവരുടെ അതിര്‍ത്തികളാണ് യുഎസ് സംരക്ഷിക്കുന്നതെന്ന് വിവേക് പറഞ്ഞു. യുക്രൈനെ റഷ്യക്ക് നല്‍കണമെന്നാണ് വിവേക് പറയുന്നതെന്ന് ഹാലി തിരിച്ചടിച്ചു. വിദേശ നയത്തില്‍ അദ്ദേഹത്തിന് യാതൊരു പരിചയസമ്പത്തുമില്ലെന്നും ഹാലി ആരോപിച്ചു. അതേസമയം ചര്‍ച്ചയില്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡീസാന്റോസ് തീര്‍ത്തും നിറം മങ്ങിപ്പോയി. മത്സരത്തില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ് ഡീസാന്റിസ്.












Click it and Unblock the Notifications