അവര്‍ക്ക് ഒന്നും കൊടുക്കരുത്....അല്ലെങ്കില്‍ അവര്‍ രാജിവെക്കണം, ട്രംപിന് കത്ത്, 17 അംഗങ്ങള്‍!!
വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയെ വിടാതെ അമേരിക്ക. ട്രംപിന് സ്വന്തം പാര്‍ട്ടിയിലെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ ഈ വിഷയത്തില്‍ കത്തയച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയിലേക്ക് ഒരൊറ്റ ഡോളര്‍ പോലും കൊടുക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപ് നേരത്തെ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചിരുന്നു. ലോകത്ത് കോവിഡ് വ്യാപനത്തെ തടയാന്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സമയത്തായിരുന്നു സംഘടനയ്ക്ക് തിരിച്ചടിയേറ്റത്. ട്രംപിനെതിരെ വിവിധയിടങ്ങളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഇതിന് പിന്നാലെ ഉയര്‍ന്നത്. കൊറോണയ്‌ക്കെതിരെയുള്ള ലോകത്തിന്റെ പ്രതിരോധ പ്രവര്‍ത്തനം ട്രംപ് അട്ടിമറിച്ചെന്നായിരുന്നു ആരോപണം.

യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത് ലോകാരോഗ്യ സംഘടനയ്ക്ക് ഫണ്ടേ നല്‍കേണ്ടതില്ലെന്നാണ്. ഇവര്‍ വേറെയും ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയുടെ അധ്യക്ഷന്‍ ടെഡ്രോസ് അദാനോസ് ഗെബ്രിയെസൂസ് അടക്കമുള്ളവരുടെ രാജിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വൈറ്റ് ഹൗസ് അഫയേഴ്‌സ് കമ്മിറ്റിയിലെ അംഗങ്ങളായ 17 റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് ട്രംപിന് കത്തയച്ചത്. ഗെബ്രിയെസൂസിന്റെ നേതൃത്വത്തിലുള്ള ലോകാരോഗ്യ സംഘടനയില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ ലോകാരോഗ്യ സംഘടന വലിയ പങ്കുവഹിക്കുന്നുണ്ട്. പക്ഷേ അതിന്റെ നേതൃത്വം ശരിയല്ലെന്നും ഇവര്‍ ആരോപിച്ചു.
ട്രംപ് ചൈനീസ് ബന്ധം ആരോപിച്ചാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത്. ചൈന യഥാര്‍ത്ഥ മരണനിരക്കുകള്‍ മറച്ചുവെക്കുകയാണെന്നും അതിന് ഗെബ്രിയെസൂസിന്റെ സഹായമുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ട്രംപിന്റെ രാഷ്ട്രീയമാണ് ഉള്ളതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോവിഡിനെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടം പരാജയമായിരുന്നു. ഇതിന്റെ വീഴ്ച്ചകള്‍ മറച്ചുവെക്കാന്‍ ലോകാരോഗ്യ സംഘടനയെ മറയാക്കുകയാണ് ട്രംപ്. എച്ച്‌ഐവിക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയെ നേരിടുന്നതില്‍ ഗെബ്രിയെസൂസ് വന്‍ പരാജയമായതായി കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. റിപബ്ലിക്കന്‍ നേതാവ് മൈക്കല്‍ മക് കോളിന്റെ നേതൃത്വത്തിലുള്ളവരാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
നിലവില്‍ ലോകാരോഗ്യ സംഘടനയ്ക്ക് 400 മില്യണ്‍ എല്ലാ വര്‍ഷവും യുഎസ് നല്‍കുന്നുണ്ട്. ഇത് മുടങ്ങിയാല്‍ സംഘടനയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാവും. അതേസമയം വിവിധ രാജ്യങ്ങള്‍ സംഘടനയെ സഹായിക്കാനായി രംഗത്തിറങ്ങുമെന്നാണ് സൂചന. ലോകാരോഗ്യ സംഘടന പ്രതിസന്ധിയെ തെറ്റായ രീതിയിലാണ് നേരിട്ടത്. രോഗവ്യാപനത്തിന്റെ ഗൗരവം അവര്‍ മറച്ചുവെച്ചു. അത് പടരുന്നതിന് മുമ്പേ തന്നെ ഇക്കാര്യം ലോകരാജ്യങ്ങളെ അറിയിക്കാമായിരുന്നു. ആഗോള വിപണി തകരുക്കയും, ഒന്നരലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
ഗെബ്രിയെസൂസ് ചൈന പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വസിച്ചു. തായ്‌വാന്റെ മുന്നറിയിപ്പും അവഗണിച്ചു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പടരുമെന്ന് കൃത്യമായി തെളിവുണ്ടായിട്ടും ഗെബ്രിയെസൂസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചെന്ന് യുഎസ് കുറ്റപ്പെടുത്തി. മാര്‍ച്ച് 11നാണ് ലോകാരോഗ്യ സംഘടന കോവിഡ് മഹാമാരിയാണെന്ന് പ്രഖ്യാപിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് വലിയ തോതില്‍ പ്രവര്‍ത്തനം നടത്താന്‍ സാധിക്കും. അക്കാര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ ഗെബ്രിയെസൂസില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായതായും ഇവര്‍ പറഞ്ഞു. ലോകത്തെ മോശം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു സംഘടനയാണ് ലോകാരോഗ്യ സംഘടന. അവരെ യുഎസ് ഇനിയും പിന്തുണയ്ക്കണമെന്നും, സുതാര്യത സംഘടനയില്‍ വേണമെന്നും, അതിനായി ഗെബ്രിയെസൂസ് രാജിവെക്കണമെന്നും യുഎസ് ആരോപിച്ചു.












Click it and Unblock the Notifications