കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യ: മ്യാന്‍മര്‍ സമിതി കണ്ണില്‍ പൊടിയിടാനെന്ന്; യുഎസ് പ്രതിനിധി രാജിവച്ചു

  • By Desk
Google Oneindia Malayalam News

യാംഗൂണ്‍: റോഹിംഗ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് മ്യാന്‍മര്‍ സര്‍ക്കാരിന് ഉപദേശങ്ങള്‍ നല്‍കാന്‍ രൂപീകരിച്ച അന്താരാഷ്ട്ര സമിതി ശുദ്ധ തട്ടിപ്പാണെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രതിനിധി ബില്‍ റിച്ചാര്‍ഡ്‌സന്‍ സമിതിയില്‍ നിന്ന് രാജിവച്ചു. മുതിര്‍ന്ന യു.എസ് നയതന്ത്രജ്ഞനും ബില്‍ ക്ലിന്റന്‍ സര്‍ക്കാരിലെ ഊര്‍ജ സെക്രട്ടറിയുമായ റിച്ചാര്‍ഡ്‌സണാന് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഇഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ് സമിതിയെന്നാരോപിച്ച് രാജിപ്രഖ്യാപിച്ചത്.

സൂകിക്ക് ധാര്‍മികതയില്ല

സൂകിക്ക് ധാര്‍മികതയില്ല

മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂകിക്ക് ധാര്‍മികമായി നേതൃത്വം നല്‍കാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് മ്യാന്‍മര്‍ അറസ്റ്റ് ചെയ്ത രണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരുടെ കാര്യം സൂകിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവര്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. ഉപദേശക സമിതി യോഗത്തിനിടയിലായിരുന്നു താന്‍ വിഷയം ഉന്നയിച്ചത്. എന്നാല്‍ അത് സമിതിയുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നായിരുന്നു സൂകിയുടെ മറുപടിയെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അവരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.

അജണ്ടയ്ക്ക് പുറത്തുള്ള കാര്യം

അജണ്ടയ്ക്ക് പുറത്തുള്ള കാര്യം

അതേസമയം, റോഹിംഗ്യന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു യോഗത്തിന്റെ അജണ്ടയെന്നും എന്നാല്‍ അതിന് പുറത്തുള്ള കാര്യമാണ് റിച്ചാര്‍ഡ്‌സണ്‍ സംസാരിച്ചതെന്നും തെറ്റിദ്ധാരണ മൂലമുണ്ടായ രാജിയില്‍ ഖേദമുണ്ടെന്നും സൂകിയുടെ വക്താവ് പറഞ്ഞു. എന്നാല്‍ റഖിനെ പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരായ വാ ലോണ്‍, ക്യോ സോ ഊ എന്നിവര്‍ അറസ്റ്റിലായതെന്നാണ് റിച്ചാര്‍ഡ്‌സന്റെ വാദം.

രാജി ആദ്യ സന്ദര്‍ശനത്തിനിടെ

രാജി ആദ്യ സന്ദര്‍ശനത്തിനിടെ

പത്തംഗ അഡൈ്വസറി ബോര്‍ഡ് മ്യാന്‍മറിലെ പ്രശ്‌നബാധിത പ്രദേശമായ റഖിനെ സംസ്ഥാനത്ത് ആദ്യ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ രാജി. കഴിഞ്ഞ ആഗസ്തിലുണ്ടായ സൈനിക അതിക്രമങ്ങളെ തുടര്‍ന്ന് ഏഴു ലക്ഷത്തോളം റോഹിംഗ്യകള്‍ ഇവിടെ നിന്ന് പലായനം ചെയ്തിരുന്നു. ഉപദേശക സമിതി വെറുമൊരു കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന തിരിച്ചറിവാണ് തന്റെ രാജിക്കുള്ള പ്രധാന കാരണമെന്ന് റിച്ചാര്‍ഡ്‌സണ്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭരണകൂടത്തിന് ഓശാന പാടുന്ന ഒരു സംഘത്തിന്റെ ഭാഗമാവാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ന്യൂ മെക്‌സിക്കോയിലെ മുന്‍ ഗവര്‍ണര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്റേത് സര്‍ക്കാര്‍ ഭാഷ്യം

ചെയര്‍മാന്റേത് സര്‍ക്കാര്‍ ഭാഷ്യം

സമിതിയുടെ അധ്യക്ഷന്‍ മുന്‍ തായ് ഉപപ്രധാനമന്ത്രി സുരകിയര്‍ത്ത് സതിരതായ്‌ക്കെതിരേയും രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. അദ്ദേഹത്തിന് വിഷയത്തില്‍ ആത്മാര്‍ഥതയില്ല. അന്താരാഷ്ട്ര എന്‍.ജി.ഒ പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്നും ജീവകാരുണ്യ സംഘടനകള്‍ റോഹിംഗ്യന്‍ സായുധ വിഭാഗത്തിന് പിന്തുണ നല്‍കുന്നുവെന്നുമുള്ള വാസ്തവ വിരുദ്ധവും അപകടകരവുമായ സര്‍ക്കാര്‍ വാദമാണ് ചെയര്‍മാന്‍ വച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജിവയ്ക്കാനുള്ള റിച്ചാര്‍ഡ്‌സന്റെ തീരുമാനം ഗൗരവതരമായ കാര്യമാണെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നവേര്‍ട്ട് പ്രതികരിച്ചു.


English summary
A veteran US diplomat has resigned from an international panel set up by Myanmar to advise on the Rohingya crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X