റോഹിംഗ്യന്‍ വംശഹത്യ: സൂചിക്കെതിരേ കടുത്ത വിമര്‍ശനവുമായി യുഎന്‍ റിപ്പോര്‍ട്ട്; സൈനിക മേധാവിമാര്‍ക്കെതിരെ കുറ്റം ചുമത്തണം
ജനീവ: കഴിഞ്ഞ ആഗസ്തില്‍ മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്ലിംകളെ കൂട്ടക്കൊലയ്ക്കിരയാക്കിയ സംഭവത്തില്‍ സൈനിക മേധാവിയെയും അഞ്ച് ജനറല്‍മാരെയും വിചാരണ ചെയ്യണമെന്ന് യു.എന്‍. കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം നടത്തിയ മൂന്നംഗ വസ്തുതാന്വേഷണ സംഘമാണ് വിചാരണക്ക് ശുപാര്‍ശ ചെയ്തത്. ഇവര്‍ക്കെതിരെ കൂട്ടക്കൊല കേസ് ചുമത്തണമെന്നും യുഎന്‍ റിപ്പോര്‍ട്ട് കര്‍ശനമായി നിര്‍ദേശിക്കുന്നു.
മ്യാന്മറിലെ റഖിനെ പവിശ്യയില്‍ വംശഹത്യയും മറ്റുള്ളിടങ്ങളില്‍ കടുത്ത മനുഷ്യാവകാശധ്വംസനവും നടത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഏഴുലക്ഷം പേരാണ് ഇതേത്തുടര്‍ന്ന് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്തത്. ബലാത്സംഗം, കുട്ടികളെ പീഡിപ്പിക്കല്‍, ഗ്രാമങ്ങള്‍ തീയിടല്‍ എന്നിവയെ ഒരിക്കലും സൈനിക നടപടിയായി കാണാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മ്യാന്മര്‍ ഭരണാധികാരി ആങ് സാന്‍ സൂചിക്കെതിരെയും കടുത്ത വിമര്‍ശനമുണ്ട്. റോഹിംഗ്യകള്‍ക്കെതിരേ സൈനിക അതിക്രമങ്ങള്‍ നടക്കുമ്പോള്‍ സൂചി മൗനം പാലിച്ചു. ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും സൈനിക അതിക്രമങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാതെയും വംശഹത്യയ്ക്കു കൂട്ടുനില്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളെ വംശീയവിദ്വേഷം പടര്‍ത്താന്‍ സൈന്യവും സര്‍ക്കാരും ഉപയോഗിച്ചെന്നും കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 875 ദൃക്സാക്ഷികളുടെ വിവരണവും മീഡിയ റിപ്പോര്‍ട്ടുകളും സാറ്റലൈറ്റ് ചിത്രങ്ങളും ഫോട്ടോഗ്രാഫുകളുമാണ് റിപ്പോര്‍ട്ടില്‍ തെളിവുകകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്ന് മിഷന്‍ ചെയര്‍മാന്‍ മര്‍സൂഖി ദാറുസ്മാന്‍ പറഞ്ഞു. റിപ്പോര്‍ട്ടിനു പിന്നാലെ, മ്യാന്‍മര്‍ സൈനിക മേധാവിയുടെ അക്കൗണ്ടും സൈനിക ടി.വി ചാനലിന്റേതുള്‍പ്പെടെ സൈന്യവുമായി ബന്ധപ്പെട്ട പേജുകളും ഫെയ്സ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications