അടിസ്ഥാന വികസനം മുതൽ ഹൈടെക് വരെ: ഇന്ത്യൻ വ്യാപാര രംഗത്തെ ചൈനീസ് പങ്കാളിത്തം
ദില്ലി: ഇന്ത്യ- ചൈന സംഘർഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലും ഉലച്ചിലുണ്ടായിരുന്നു. അടിസ്ഥാന സൌകര്യ വികസനം, ഫിസിക്കൽ ഗുഡ്സ്, ഹൈടെക് എന്നീ രംഗങ്ങളിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ ആറ് വർഷത്തിനിടെ ഉഭയകക്ഷി വ്യാപാരം 20 ശതമാനം ഉയർന്നിട്ടുണ്ട്. ഇന്ത്യ- ചൈന സംഘർത്തിന്റെ സാഹചര്യത്തിലാണ് ചൈനീസ് കമ്പനികളുടെ ബാന്ധവം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ ചൈനീസ് കമ്പനികൾ നടത്തിയ കോടികളുടെ നിക്ഷേപങ്ങൾ വീണ്ടും ചർച്ചയാവുന്നത്.
ലാത്തിയാണ് ആയുധമെങ്കിൽ അതിർത്തിയിലേക്ക് ആർഎസ്എസുകാരെ അയക്കൂ! കേന്ദ്രത്തിനെതിരെ അമരീന്ദർ സിംഗ്

ഓലയും പേടിഎമ്മും
ചൈനീസ് കമ്പനികൾ ഇന്ത്യൻ ബ്രാൻഡുകളിൽ വൻ തോതിലുള്ള നിക്ഷേപങ്ങളാണ് നടത്തിയിയിട്ടുള്ളത്. ക്യാബ് സർവീസായ ഓല, ഫിൻടെക് കമ്പനി പേടിഎം, ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ, ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ലിപ്പ്കാർട്ട് എന്നിങ്ങനെ വിവിധ കമ്പനികളിൽ വമ്പൻ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുള്ള ഇന്ത്യ- ചൈന ഉഭയകക്ഷി വ്യാപാരത്തിൽ ഇരട്ട അക്കത്തിലുള്ള വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും ചൈനയുടെ നേട്ടം തന്നെയാണ്.

ഉഭയകക്ഷി വ്യാപാരത്തിൽ ഇടിവ്
കേന്ദ്ര വാണിജ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 2019ൽ 80 ബില്യൺ ഡോളറിന്റെ ചൈന- ഇന്ത്യ ഉഭയകക്ഷി വ്യാപാരമാണ് നടന്നിടുള്ളത്. 2019 ജനുവരിക്കും നവംബറിനുമിടയിൽ 84.3 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നിട്ടുള്ളതെന്നാണ് ഇന്ത്യയുടെ ബെയ്ജിംഗ് എംബസി വെബ്സൈറ്റിൽ നൽകിയിട്ടുള്ള കണക്ക്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 3.2% ശതമാനത്തിന്റെ ഇടിവും സംഭവിച്ചിട്ടുണ്ട്. 2018ൽ ഇത് 95.7 ബില്യൺ ഡോളറായിരുന്നു.

ഇന്ത്യയുടെ പോരായ്മയോ?
ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് ചൈന. എന്നാൽ വലിയ വ്യാപാരക്കമ്മിയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെയിൽ രണ്ട് രാജ്യങ്ങൾക്കുമുണ്ടായത്. ഇതിനർഥം ഇന്ത്യ ചൈനയ്ക്ക് വിൽക്കുന്നതിനേക്കാൾ കൂടുതൽ ചരക്കുകൾ ചൈനയിൽ നിന്ന് വാങ്ങുന്നുണ്ട് എന്ന് തന്നെയാണ്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ ശരാശരി 16 ശതമാനവും ചൈനയിൽ നിന്നാണ്. ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള മൊത്തം കയറ്റുമതി ഓഹരി 3.2 ശതമാനം മാത്രമാണ്. ചൈനയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ ഗണ്യമായി കുറഞ്ഞത് ഇന്ത്യയുടെ പോരായ്മയായി കണക്കാക്കപ്പെടുന്നുമുണ്ട്.

ചൈനീസ് ഓഹരികൾ കൂടുതൽ
കാര്യങ്ങൾ ഇങ്ങനെയെല്ലാം ആണെങ്കിലും ഇന്ത്യയുടെ സാങ്കേതിക മേഖലയിലുള്ള ചൈനീസ് ഓഹരികൾ വളരെ വലുതാണെന്നാണ് വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എഫ്ഡിഐ ഇന്റലിജൻസ് നൽകുന്ന കണക്ക് പ്രകാരം 2019-20 വർഷത്തിൽ ചൈനീസ് ടെക് കമ്പനികൾ കുടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത് ഇന്ത്യയിലാണ്.

ഇന്ത്യയിലെ നിക്ഷേപം വർധിപ്പിച്ചു
2019ൽ റഷ്യയിൽ എട്ട് പദ്ധതികളിലാണ് നിക്ഷേപം നടത്തിയതെങ്കിൽ ഇന്ത്യയിൽ ഇതിന്റെ ഇരട്ടിയാണ്. 19 പദ്ധതികളിലായാണ് ഇന്ത്യയിൽ ചൈനീസ് നിക്ഷേപകമുള്ളത്. എഫ്ഡിഐ ഇന്റലിജൻസ് ഏപ്രിൽ 22ന് പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ചാണിത് ചൈനീസ് നിക്ഷേപത്തിൽ രണ്ടാമത് ഇന്ത്യയാണ്. ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളിൽ ഒരു ബില്യൺ ഡോളറോളം വരുന്നത് ചൈനീസ് നിക്ഷേപമാണെന്നും കണക്കുകൾ പറയുന്നു.

ചൈനീസ് കമ്പനികളുടെ നിക്ഷേപം
2018ൽ ഓൺലൈൻ പലവ്യജ്ഞന വിൽപ്പന കമ്പനിയായ ബിഗ്ബാസ്കറ്റിൽ ആലിബാബ 216 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. 210 മില്യൺ ഡോളർ ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോയിലും നിക്ഷേപിച്ചിരുന്നു. ചൈനീസ് കമ്പനിയായ ടീസെന്റ് 400 ബില്യൺ ഡോളർ ഓല ആപ്പിലും 700 മില്യൺ ഡോളർ ഫ്ലിപ്പ്കാർട്ടിലും നിക്ഷേപിച്ചിരുന്നു. 2017ലായിരുന്നു ഫ്ലിപ്പ്കാർട്ടിൽ ചൈനീസ് കമ്പനി നിക്ഷേപം നടത്തിയത്. ഇതോടെ ഇന്ത്യയും ചൈനയും തമ്മിൽ ടെക് രംഗത്ത് നിക്ഷേപത്തിൽ റെക്കോർഡ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പേടിഎമ്മിൽ ആലിബാബ നടത്തിയതാണ് ഏറ്റവും ഉയർന്ന നിക്ഷേപം. ഇന്ത്യ എഡ്യുക്കേഷൻ സ്റ്റാർട്ട് അപ്പായ ബൈജൂസ് ആപ്പിലും ടീസെന്റ് നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇന്ത്യൻ കയറ്റുമതി
പരുത്തി, യാൺ, ഓർഗാനിക് കെമിക്കലുകൾ, അയിരുകൾ, പ്രകൃതിദത്ത മുത്തുകൾ, വിലകൂടിയ കല്ലുകൾ, വസ്ത്രങ്ങൾ എന്നിവയാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇലക്ട്രിക് മെഷീനുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആണവ റിയാക്ടറുകൾ, ബോയിലറുകൾ, സോളാർ ഉൽപ്പന്നങ്ങൾ, ഇന്ത്യൻ ഫാർമസി വ്യവസായത്തിന്റെ നട്ടെല്ലായ എപിഐകൾ എന്നിവയാണ് ഇന്ത്യയിലേക്ക് ചൈന കയറ്റുമതി ചെയ്യുന്നത്. ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് നിർത്തലാക്കാനുള്ള നീക്കമാണ് ഇന്ത്യയുടേത്.