അമ്യൂസ്മെന്റ് പാർക്കിലെ റോളർ കോസ്റ്റർ നിശ്ചലമായി! 60 യാത്രക്കാർ തലകീഴായി കിടന്നത് രണ്ട് മണിക്കൂർ...
പാർക്കിലെ അതിസാഹസിക റൈഡുകളിലൊന്നായ റോളർ കോസ്റ്റർ നിശ്ചലമായതായിരുന്നു സംഭവം.
ടോക്കിയോ: മരണം മുന്നിൽ കണ്ട നിമിഷങ്ങൾ, നൂറടിയോളം ഉയരത്തിൽ തലകീഴായി നിന്നത് രണ്ട് മണിക്കൂർ. അതിസാഹസിക റൈഡിൽ കയറിയ അറുപത് പേർക്കും ഇതൊരു പുനർജന്മമാണെന്നേ വിശ്വസിക്കാനാവൂ.
ജപ്പാനിലെ യൂണിവേഴ്സൽ സ്റ്റുഡിയോസ് എന്ന അമ്യൂസ്മെന്റ് പാർക്കിലാണ് കഴിഞ്ഞദിവസം നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പാർക്കിലെ അതിസാഹസിക റൈഡുകളിലൊന്നായ റോളർ കോസ്റ്റർ നിശ്ചലമായതായിരുന്നു സംഭവം. അറുപതോളം യാത്രക്കാരാണ് ഈ സമയം റോളർ കോസ്റ്ററിലുണ്ടായിരുന്നത്. ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷമാണ് സഞ്ചാരികളെ റോളർ കോസ്റ്ററിൽ നിന്നും താഴെയിറക്കിയത്.

യൂണിവേഴ്സൽ സ്റ്റുഡിയോസ്...
ജപ്പാനിലെ ഒസാക്കയിലെ യൂണിവേഴ്സൽ സ്റ്റുഡിയോസ് തീം പാർക്കിലായിരുന്നു സഞ്ചാരികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ സംഭവമുണ്ടായത്. മേയ് ഒന്ന് ചൊവ്വാഴ്ച വൈകീട്ട് 4.40ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സാഹസികപ്രിയരുടെ ഇഷ്ട റൈഡായ റോളർ കോസ്റ്ററിൽ കയറിയവർക്കാണ് ദുർഗതിയുണ്ടായത്. പാർക്കിലെ അഞ്ച് റോളർ കോസ്റ്ററുകളിൽ ഒന്ന് റൈഡിനിടെ നിശ്ചലമായി. റൈഡ് ആരംഭിച്ച് പകുതി സമയം പിന്നിട്ടതിന് ശേഷമായിരുന്നു സംഭവം.

തലകുത്തി നിന്നു...
നൂറടിയോളം ഉയരത്തിൽ വച്ചാണ് റോളർ കോസ്റ്റർ നിശ്ചലമായത്. സംഭവസമയത്ത് അറുപതോളം വിനോദസഞ്ചാരികൾ റോളർ കോസ്റ്ററിലുണ്ടായിരുന്നു. റൈഡ് ആരംഭിച്ച് പകുതി സമയം പിന്നിട്ടതിനാൽ നിശ്ചലമായ സമയത്ത് റോളർ കോസ്റ്ററിലെ യാത്രക്കാരെല്ലാം തലകീഴായി ഇരിക്കുന്ന അവസ്ഥയിലായിരുന്നു. തലകീഴായി സഞ്ചരിക്കുന്നതിനിടെ കോസ്റ്റർ നിശ്ചലമായെങ്കിലും ഇതെല്ലാം റൈഡിന്റെ ഭാഗമാകുമെന്നായിരുന്നു സഞ്ചാരികൾ ആദ്യം കരുതിയത്.

ശ്രദ്ധയോടെ...
എന്നാൽ കുറച്ചുസമയം പിന്നിട്ടിട്ടും റൈഡ് പുനരാരംഭിക്കാതിരുന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള യാത്രക്കാർ ഉറക്കെ നിലവിളിച്ചു. ഇതോടെ പാർക്കിലെ സുരക്ഷാ ജീവനക്കാരും അധികൃതരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. റോളർ കോസ്റ്റർ ബ്രേക്ക് ഡൗണായതാണെന്നും, ഭയപ്പെടേണ്ടതില്ലെന്നും സുരക്ഷാ ജീവനക്കാർ യാത്രക്കാരോട് വിളിച്ചുപറഞ്ഞെങ്കിലും ബഹളം നിലച്ചില്ല.

താഴേക്ക്...
യൂണിവേഴ്സൽ സ്റ്റുഡിയോസിലെ ഫ്ലൈയിങ് ദിനോസർ എന്ന റോളർ കോസ്റ്റർ റൈഡിലാണ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായത്. റോളർ കോസ്റ്ററിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെ മറുഭാഗത്ത് യാത്രക്കാരെ സമാധാനിപ്പിക്കലായിരുന്നു വലിയ വെല്ലുവിളി. സുരക്ഷാ ജീവനക്കാരുടെ അതീവ കരുതലോടെയുള്ള ഇടപെടലാണ് ഈ സമയത്തെല്ലാം യാത്രക്കാരെ സമ്മർദ്ദത്തിലാഴ്ത്താതെ സീറ്റുകളിൽ തന്നെ ഇരുത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം യാത്രക്കാർ ഇതേ അവസ്ഥയിൽ തന്നെ റോളർ കോസ്റ്ററിലിരുന്നു. ഇതിനിടെ ഓരോരുത്തരെയായി സുരക്ഷാ ജീവനക്കാർ താഴെയിറക്കുകയും ചെയ്തു.

അപകടം...
അപ്രതീക്ഷിതമായുണ്ടായ യന്ത്ര തകരാറാണ് ഫ്ലൈയിങ് ദിനോസർ എന്ന റോളർ കോസ്റ്റർ നിശ്ചലമാകാൻ കാരണമെന്നാണ് പാർക്ക് അധികൃതർ വ്യക്തമാക്കിയത്. മാർച്ച് മാസത്തിൽ ടോക്കിയോയിലെ അരക്കാവ അമ്യൂസ്മെന്റ് പാർക്കിലും സമാന സംഭവമുണ്ടായിരുന്നു. വേഗത കുറഞ്ഞ റോളർ കോസ്റ്റർ പാളം തെറ്റിയാണ് അന്ന് അപകടമുണ്ടായത്. റോളർ കോസ്റ്റർ പാളം തെറ്റിയെങ്കിലും യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു.












Click it and Unblock the Notifications