കാമുകിയുമായി അഞ്ചുവര്‍ഷം നീണ്ട ബന്ധം അവസാനിച്ചെന്ന് റൊണാള്‍ഡോ
മാഡ്രിഡ്: ലോകപ്രശസ്ത മോഡല്‍ ഇറിനാ ഷായെന്ന റഷ്യക്കാരിയുമായി അഞ്ചുവര്‍ഷമായി തുടരുന്ന പ്രണയം അവസാനിപ്പിച്ചെന്ന് ഫുട്‌ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡോ. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം കാമുകിയുമായുള്ള ബന്ധം വേര്‍പെടുത്തിയകാര്യം സ്ഥിതീകരിച്ചത്.
അടുത്തിടെ റൊണാള്‍ഡോയും കാമുകിയുമായി വേര്‍പിരിഞ്ഞെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല കാരണങ്ങളും ചൂണ്ടിക്കായായിരുന്നു റിപ്പോര്‍ട്ട്. ഇത്തരം ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാനാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിക്കുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞു. ബന്ധം വേര്‍പിരിഞ്ഞെന്നും ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അഞ്ചുവര്‍ഷമായി തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ജീവിതത്തില്‍ ഓര്‍ക്കാനായി അനവധി സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ഇക്കാലയളവില്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബന്ധം അവസാനിപ്പിക്കേണ്ടിവന്നിരിക്കുകയാണ്. ശരിയായ സമയത്താണ് ഇത്തരമൊരു തീരുമാനം ഇരുവരും കൈക്കൊണ്ടതെന്ന് റൊണാള്‍ഡോ വ്യക്തമാക്കി.
റൊണാള്‍ഡോയും കാമുകിയും തമ്മിലുള്ള ബന്ധത്തെ റൊണാള്‍ഡോയുടെ അമ്മ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. കാമുകിയെ വീട്ടില്‍ കയറ്റില്ലെന്നും അമ്മ പറഞ്ഞിരുന്നു. അടുത്തിടെ സൂറിച്ചില്‍ നടന്ന ലോക ഫുട്‌ബോളര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ കാമുകിയുടെ അസാന്നിദ്ധ്യത്തോടെയാണ് ഇരുവരും വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് ആക്കംകൂട്ടിയത്. തുടര്‍ച്ചയായ രണ്ടാംതവണയും റൊണാള്‍ഡോയാണ് ലോക ഫുട്‌ബോളര്‍ ബഹുമതി സ്വന്തമാക്കിയത്.












Click it and Unblock the Notifications