കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിച്ചോടിയ വീട്ടുജോലിക്കാരെ സംരക്ഷിച്ചതായി പരാതി; ഫിലിപ്പീന്‍സ് അംബാസഡറെ കുവൈത്ത് പുറത്താക്കി

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിലിപ്പീന്‍സ് ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം കൂടുതല്‍ രൂക്ഷമായി. അനധികൃതമായി വീടുകളില്‍ നിന്ന് ഒളിച്ചോടുന്ന ഫിലിപ്പിനോ ജോലിക്കാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന ഫിലിപ്പീന്‍സ് എംബസിയുടെ പ്രഖ്യാപനമാണ് പുതിയ പ്രശ്‌നങ്ങള്‍ക്കു കാരണം. ഇതേത്തുടര്‍ന്ന് ഫിലിപ്പീന്‍സ് അംബാസഡര്‍ റെനാറ്റോ വില്ലയെ കുവൈത്ത് പുറത്താക്കി. ഒരാഴ്ചയ്ക്കകം രാജ്യം വിടാനാണ് അംബാസഡര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഫിലിപ്പീന്‍സിലെ കുവൈത്ത് അംബാസഡറെ തിരിച്ചുവിളിച്ചിട്ടുമുണ്ട്.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ടതെന്ന് പറയപ്പെടുന്ന വീട്ടുജോലിക്കാരെ ഫിലിപ്പീന്‍സ് എംബസി ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അംബാസഡര്‍ക്കെതിരേ നടപടിയെടുത്തത്. ഇതിന്റെ വീഡിയോ തങ്ങള്‍ക്ക് ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വീടുകളില്‍ നിന്നും രക്ഷപ്പെട്ട ജോലിക്കാരെ \'തട്ടിക്കൊണ്ടുപോയ\' ജീവനക്കാരുടെ പേരു വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം കൈമാറാന്‍ എംബസിയോട് ആവശ്യപ്പെട്ടുവെങ്കിലും ഇതിന് മറുപടി നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

filipino

സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി അലന്‍ പീറ്റര്‍ കയെറ്റാനോ രംഗത്തെത്തിയിരുന്നു. കുവൈത്തിന്റെ പരമാധികാരത്തെയും നിയമങ്ങളെയും ഫിലിപ്പീന്‍സ് മാനിക്കുന്നുവെങ്കിലും പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ടുവരുന്ന തങ്ങളുടെ പൗരന്‍മാരെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കുവൈത്തിലെ 2.6 ലക്ഷത്തോളം ഫിലിപ്പീന്‍സ് പ്രവാസികളില്‍ 65 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം നാട്ടുകാരായ വീട്ടുജോലിക്കാരെ ജോലി സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് ഫിലിപ്പിനോ യുവാക്കളെ കഴിഞ്ഞ ദിവസം കുവൈത്ത് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഗൃഹനാഥന്റെ അനുവാദമില്ലാതെ വീടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഫിലിപ്പിനോകളെ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരേ ആരോപിച്ചിരിക്കുന്ന കുറ്റം.

കുവൈത്തില്‍ ഫിലിപ്പിനോ ഗാര്‍ഹികത്തൊഴിലാളികള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈയിടെ ഏറെ വഷളായിരുന്നു. ഇതേത്തുടര്‍ന്ന് കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നത് ഫിലിപ്പിനോ പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത്ത് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. വീട്ടുജോലിക്കാരിയായ ഒരു ഫിലിപ്പിനോ യുവതിയുടെ മൃതദേഹം ഈയിടെ ഫ്രീസറില്‍ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. വിദേശികളായ വീട്ടുടമസ്ഥര്‍ യുവതിയെ പീഡിപ്പിച്ചുകൊന്ന ശേഷം മൃതദേഹം ഫ്രീസറിലാക്കി സ്ഥലം വിടുകയായിരുന്നു.

അതിനിടെ, കുവൈത്തില്‍ പീഡനത്തിനിരയാവുന്ന വീട്ടുജോലിക്കാര്‍ക്ക് 24 മണിക്കൂറിനകം ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ അധികൃതര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ ഫിലിപ്പീന്‍സ് എംബസി അതിന് തയ്യാറാകുമെന്ന അംബാസഡറുടെ പ്രസ്താവനയും വിവാദമായിരുന്നു.

English summary
Kuwait expels Filipino envoy, recalls own ambassador
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X