ദുബായ് റോഡുകളില്‍ ഇനി സ്മാര്‍ട്ട് ബസ്സ് ഷെല്‍ട്ടറുകള്‍
ദുബായ്: ബസ്സ് ഷെല്‍ട്ടറുകള്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം മാത്രമാണെന്ന പഴയ രീതിയെ മാറ്റിമറിക്കുകയാണ് ദുബായ് ആര്‍.ടി.എ. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന വിവര സാങ്കേതിക വിദ്യാ പ്രദര്‍ശനമായ ജൈറ്റക്‌സിലാണ് ആര്‍.ടി.എ തങ്ങളുടെ ഏറ്റവും പുതിയ പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്നത്.

ബസ്സ് ഷെല്‍ട്ടറുകളില്‍ വൈഫൈ സംവിധാനങ്ങള്‍ ഒരുക്കുന്നതിനൊപ്പം മൊബൈല്‍ റീചാര്‍ജിംങ്, മിനി ചായക്കട, വിവിധ രാജ്യങ്ങളിലെ മൊബൈല്‍ സേവനങ്ങളുടെ ടോപ്അപ്, വിവിധ സര്‍ക്കാര്‍ സേവനങ്ങളിലേക്കുള്ള പണം അടക്കുവാനുള്ള സംവിധാനം തുടങ്ങി ബസ്സ് ഷെല്‍ട്ടറില്‍ അടുത്ത ബസ്സ് എത്തിച്ചേരുന്ന സമയം പ്രദര്‍ശിപ്പിക്കുന്ന മോണിറ്റര്‍ വരെ ഈ പുതിയ സ്മാര്‍ട്ട് ബസ്സ് ഷെല്‍ട്ടറില്‍ ഒരുക്കിയിട്ടുണ്ട്.

ദുബായിയെ സ്മാര്‍ട്ട് സിറ്റി ആക്കി മാറ്റുവാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയങ്ങളെ പിന്തുടര്‍ന്നാണ് തങ്ങള്‍ ഇത്തരത്തിലുള്ള സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നടപ്പിലാക്കുന്നതെന്ന് മുഹമ്മദ് അല്‍ അലി (ഡയറക്ടര്‍ ബസ്സ് ഡിപ്പാര്‍ട്‌മെന്റ്) വ്യക്തമാക്കി.

അടുത്ത രണ്ടു മാസത്തിനുള്ളില്‍ ദുബായിയുടെ വിവിധ ഭാഗങ്ങളിലുള്ള 50 ഓളം ബസ്സ് ഷെല്‍ട്ടറുകളില്‍ പുതിയ സംവിധാനം നിലവില്‍ വരും. 2016 ജനുവരിയോട ദുബായിലെ ഒട്ടുമിക്ക ഷെല്‍ട്ടറുകളും സ്മാര്‍ട്ട് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനുളള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications