വാഗ്നര്‍ ഗ്രൂപ്പുമായി ഒത്തുതീര്‍പ്പ്: 'പവര്‍ഫുള്‍ പ്രസിഡന്റ്' ഇമേജ് നഷ്ടമാക്കി? മിണ്ടാട്ടമില്ലാതെ പുടിന്‍
മോസ്‌കോ: വാഗ്നര്‍ ഗ്രൂപ്പിന്റെ ഭീഷണി തല്‍ക്കാലം കെട്ടടങ്ങിയെങ്കിലും മൗനം തുടര്‍ന്ന് വ്‌ളാഡിമിര്‍ പുടിനും ഭരണകൂടം. കാല്‍ നൂറ്റാണ്ട് നീണ്ട പുടിന്‍ ഭരണത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയ സംഭവമായിരുന്നു വാഗ്നര്‍ ഗ്രൂപ്പിന്റെ അപ്രതീക്ഷിത വിമത നീക്കം. എന്നാല്‍ ഈ നീക്കത്തെ കലാപശ്രമം എന്ന് മുദ്രകുത്തുകയും അക്രമികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്ന് മുന്നറിയിപ്പ് നല്‍കിയതിനും ശേഷം പുടിന്‍ പൊതുസ്ഥലത്തൊന്നും പ്രത്യക്ഷപ്പെട്ടില്ല.
ശനിയാഴ്ച രാത്രിയിലാണ് ബെലാറുസ് പ്രസിഡന്റുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പ്രകാരം വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തിനെതിരായ നീക്കം അവസാനിപ്പിച്ചത്. എന്നാല്‍ സായുധ കലാപത്തിന്റെ നാടകീയമായ പരിസമാപ്തിക്ക് ശേഷം റഷ്യയില്‍ വിചിത്രമായ ശാന്തതയാണ് നിലനില്‍ക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം പുടിന്റെ ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി എന്ന വിശേഷണത്തിന് കോട്ടം സംഭവിച്ചു എന്ന് അദ്ദേഹം സ്വയം കരുതുന്നു എന്നാണ് പലരുടേയും വിലയിരുത്തല്‍.

സഖ്യകക്ഷിയായ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ സംഭവത്തില്‍ വഹിച്ച മധ്യസ്ഥ ഇടപാടിനെക്കുറിച്ചും വ്ളാഡിമിര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല. വാഗ്നര്‍ നേതാവിനെ ബെലാറസിലേക്ക് പോകാന്‍ അനുവദിക്കുമെന്നും അദ്ദേഹത്തിനും കലാപത്തില്‍ ഉള്‍പ്പെട്ട പോരാളികള്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കലാപ കുറ്റങ്ങള്‍ പിന്‍വലിക്കാനും പ്രസിഡന്റ് പുടിന്‍ ഉറപ്പ് നല്‍കിയതായി ക്രെംലിന്‍ വക്താവാണ് മാധ്യമങ്ങളോട് പറഞ്ഞത്.
പ്രിഗോഷിന് മുന്നില്‍ പുടിന് ഇളവുകള്‍ നല്‍കുകയും യഥാര്‍ത്ഥത്തില്‍ കീഴടങ്ങുകയും ചെയ്യേണ്ടിവന്നു എന്നാണ് ഈ സംഭവത്തെ മുന്‍ റഷ്യന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് കിറില്‍ റോഗോവ് പറഞ്ഞത്. പ്രിഗോഷിനെ പരാജയപ്പെടുത്തുന്നതിന് പകരം, അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും സുരക്ഷാ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തത് വഴി തന്റെ ദുര്‍ബലത പരസ്യമായി പ്രകടമാക്കുകയാണ് പുടിന്‍ ചെയ്തത് എന്നും റോഗോവ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയതിന് പുടിന്‍ ലുകാഷെങ്കോയെ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞതായാണ് ബെലാറസ് സര്‍ക്കാര്‍ നടത്തുന്ന ബെല്‍റ്റ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. പ്രിഗോഷിനെയും കൂട്ടരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യേണ്ടതില്ലെന്ന തീരുമാനം, യുദ്ധത്തിനെതിരായ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് പോലും നീണ്ട ജയില്‍ ശിക്ഷ നല്‍കുന്ന ഭരണകൂടത്തിന്റെ തീവ്രനിലപാടിന് വിരുദ്ധവുമാണ്.
അതേസമയം പ്രിഗോഷിന്‍ എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. ശനിയാഴ്ച രാത്രി ടെലിഗ്രാമിലെ ഒരു ഓഡിയോ സന്ദേശത്തില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ സൈന്യം പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ സംഘര്‍ഷമായ യുക്രെയ്ന്‍ അധിനിവേശം റഷ്യയില്‍ രൂപപ്പെടുത്തിയ കടുത്ത ഭിന്നതകള്‍ക്കിടയിലാണ് പ്രതിസന്ധി ഉരുത്തിരിഞ്ഞത്.
അപ്രതീക്ഷിതമായ യുക്രേനിയന്‍ പ്രത്യാക്രമണം റഷ്യന്‍ സൈന്യത്തെ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. വാഗ്നര്‍ സംഘത്തിന്റെ കലാപം പുടിന്റെ അധികാരത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞത്.
ഈ സംഭവം ആഴത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വരുന്ന ദിവസങ്ങളില്‍ പുടിന് ഒരുപാട് ഉത്തരം നല്‍കേണ്ടി വരുമെന്ന് തങ്ങള്‍ക്കറിയാമെന്നും ബ്ലിങ്കണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം റഷ്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കെതിരെ സായുധ നടപടിയെടുക്കാന്‍ പ്രിഗോഷിന്‍ ഗൂഢാലോചന നടത്തുകയാണെന്ന് യുഎസിന് ദിവസങ്ങള്‍ക്ക് മുമ്പ് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications