റഷ്യ പെട്രോള്‍ കയറ്റുമതി നിരോധിച്ചു; ഇന്ത്യയേക്കാള്‍ വെട്ടിലാകുക യുഎഇ? ആ തീരുമാനത്തിന് പിന്നില്‍
മോസ്‌കോ: അപ്രതീക്ഷിത തീരുമാനവുമായി റഷ്യ. പെട്രോള്‍ കയറ്റുമതി ആറ് മാസത്തേക്ക് നിരോധിച്ചുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ അംഗീകാരം നല്‍കി. മാര്‍ച്ച് ഒന്ന് മുതല്‍ റഷ്യയില്‍ നിന്ന് പെട്രോള്‍ കയറ്റുമതി ചെയ്യില്ല. നിരോധനം ലംഘിച്ച് കയറ്റുമതി ചെയ്യുന്നത് കുറ്റകരമായി മാറി. റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബറിലും സമാനമായ തീരുമാനം റഷ്യ എടുത്തിരുന്നു എങ്കിലും ഹൃസ്വകാലത്തേക്കുള്ള നിരോധനമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ആറ് മാസത്തേക്കുള്ള നിരോധനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. റഷ്യയില്‍ നിന്ന് പെട്രോള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാണിത്. ആഗോള തലത്തില്‍ എണ്ണ വില ഉയരാനും ഇത് കാരണാകും. ഇന്ത്യയെ ബാധിക്കുമോ എന്ന് വിശദീകരിക്കാം...

റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തുടങ്ങിയതോടെ അമേരിക്ക റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രതിസന്ധിയിലായ റഷ്യ തങ്ങളുടെ അസംസ്‌കൃത എണ്ണ വില കുറച്ച് വിറ്റ് പണം കണ്ടെത്തുകയാണ്. ഈ അവസരം ചൈനയും ഇന്ത്യയും മുതല്‍ സൗദി അറേബ്യ വരെ മുതലെടുത്തു.
റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യ റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് വാങ്ങിയിരുന്നത്. എന്നാല്‍ വില കുറച്ച് ലഭിച്ചതോടെ ഇന്ത്യ വന്‍തോതില്‍ വാങ്ങാന്‍ തുടങ്ങി. നിലവില്‍ റഷ്യയില്‍ നിന്നാണ് കൂടുതല്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. രണ്ടാം സ്ഥാനത്താണ് ഇറാഖ്. സൗദി അറേബ്യ മൂന്നാം സ്ഥാനത്തും. യുഎഇ, യുഎസ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
അതേസമയം, റഷ്യയുടെ പുതിയ തീരുമാനം ഇന്ത്യയെ നേരിട്ട് ബാധിക്കില്ല എന്നാണ് വിലയിരുത്തല്‍. കാരണം, ഇന്ത്യ ക്രൂഡ് ഓയില്‍ ആണ് റഷ്യയില്‍ നിന്ന് ഇറക്കുന്നത്. ക്രൂഡ് ഓയില്‍ സംസ്‌കരിച്ചാണ് പെട്രോള്‍, ഡീസല്‍ തുടങ്ങിയവ വേര്‍ത്തിരിക്കുന്നത്. എങ്കിലും ആഗോള വിപണിയില്‍ റഷ്യയുടെ തീരുമാനത്തിന്റെ പ്രതിഫലനമുണ്ടാകും. അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് തീര്‍ച്ച.
ആഭ്യന്തര വിപണിയില്‍ ആവശ്യം ഉയരുന്ന വേളയിലാണ് ക്ഷാമം ഭയന്ന് റഷ്യ പെട്രോള്‍ കയറ്റുമതി നിരോധിക്കാറ്. കഴിഞ്ഞ സെപ്തംബറില്‍ ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആഗോള വിപണിയില്‍ മൊത്തം വില വര്‍ധിക്കുന്ന സാഹചര്യമുണ്ടായി. എന്നാല്‍ അന്ന് ആഴ്ചകള്‍ മാത്രമാണ് റഷ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തവണ ആറ് മാസമാണ് നിരോധനം എന്നതും എടുത്തു പറയണം.
റഷ്യയില്‍ പെട്രോളിന് ആവശ്യം ഏറി വരികയാണ്. ഈ വേളയില്‍ കയറ്റുമതി തുടര്‍ന്നാല്‍ ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരും. ഇത് ജനവികാരം എതിരാകാന്‍ ഇടയാക്കും. ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ടാണ് പെട്രോള്‍ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യൂറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍ രാജ്യങ്ങള്‍ക്ക് പെട്രോള്‍ നല്‍കുന്നത് തുടരാനാണ് റഷ്യയുടെ തീരുമാനം.
അടുത്ത മാസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ കൂടിയാണ് റഷ്യന്‍ ഭരണകൂടം പുതിയ തീരുമാനം എടുത്തത്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് റഷ്യയുടെ പെട്രോള്‍ പ്രധാനമായും വാങ്ങുന്നത്. നൈജീരിയ, ലിബിയ, ടുണീഷ്യ എന്നിവരെല്ലാം ഇതില്‍പ്പെടും. കൂടാതെ യുഎഇയും റഷ്യയുടെ പെട്രോള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യയുടെ പുതിയ തീരുമാനം യുഎഇയെ ഏത് രീതിയില്‍ ബാധിക്കുമെന്ന് അറിയാന്‍ കാത്തിരിക്കണം.












Click it and Unblock the Notifications