സൗദി അറേബ്യയും ഇറാഖും മാത്രമല്ല, അമേരിക്കയും വീണു: എണ്ണ ഇറക്കുമതിയില്‍ റഷ്യന്‍ മേധാവിത്വം
നിരവധി പ്രതികൂല സാഹച്യങ്ങളുണ്ടായെങ്കിലും ജുലൈ മാസത്തിലും ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത രാഷ്ട്രമായി റഷ്യ തുടരുന്നു. ജൂലൈയിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള 4.69 ദശലക്ഷം ബാരല്‍ ഇറക്കുമതിയുടെ 45 ശതമാനവും റഷ്യൻ എണ്ണയാണ്. ജൂണിലെ 4.6 ദശലക്ഷം ബിപിഡി ഇറക്കുമതിയുടെ 44.4 ശതമാനത്തിൽ നിന്ന് നേരിയ വർധനവും ജുലൈ മാസമുണ്ടായി.
ഒരു വർഷം മുമ്പ് ഇത് 44 ശതമാനമായിരുന്നു. 2023 മെയ് മാസത്തിലായിരുന്നു ഇന്ത്യൻ എണ്ണ ഇറക്കുമതി വിപണിയിൽ റഷ്യയുടെ റെക്കോർഡ് വിഹിതമായ 46 ശതമാനം രേഖപ്പെടുത്തിയത്. റഷ്യൻ ഉൽപ്പാദനം വെട്ടിക്കുറച്ചെങ്കിലും ഇന്ത്യയിലേക്കുള്ള വിതരണത്തെ ബാധിച്ചില്ല. ജൂലൈ ആദ്യ പകുതിയിൽ റഷ്യയുടെ കടൽ വഴിയുള്ള ക്രൂഡ് കയറ്റുമതി ജൂണിനെ അപേക്ഷിച്ച് ഏകദേശം 400,000 ബി പി ഡി കുറഞ്ഞ് 3.2 ദശലക്ഷം ബി പി ഡിയിലെത്തിയിരുന്നു. ഇത് റഷ്യ ഇന്ത്യന്‍ വിപണിക്ക് നല്‍കുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ്.

ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ് എന്നീ രാജ്യങ്ങൾ നയിക്കുന്ന പശ്ചിമേഷ്യൻ എണ്ണയുടെ ആകെ വിഹിതം 38 ശതമാനമാണ്. അതായത് റഷ്യയേക്കാൾ 7 ശതമാനം കുറവാണ്. 2022 വരെ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് സ്രോതസ്സായിരുന്നു ഈ രാജ്യങ്ങള്‍. പ്രത്യേകിച്ച് ഇറാഖും സൗദി അറേബ്യയും.
യുഎസ്, ഇറാഖി ഗ്രേഡുകളുടെ വിലയിൽ റഷ്യൻ ക്രൂഡ്സ് ഈ മാസം തങ്ങളുടെ വിഹിതം നിലനിർത്തിയപ്പോള്‍ യുഎസ് എണ്ണയുടെ ഇറക്കുമതി ഈ മാസം 372,000 ബി പി ഡിയിൽ നിന്ന് 260,000 ബി പി ഡിയിലേക്കും ഇറാഖി വിഹിതം 1000000 ബി പി ഡിയില്‍ നിന്നും 706000 ബി പി ഡിയിലേക്കും കുറഞ്ഞു. ശതമാനം അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ യുഎസ് എണ്ണയുടെ വിഹിതം ഈ മാസത്തിൽ 2.3 ശതമാനം ഇടിഞ്ഞ് 5.7 ശതമാനത്തിലെത്തി. ഇറാഖി എണ്ണയുടെ വിഹിതം ഈ കാലയളവിൽ 2 ശതമാനത്തിലധികം പോയിൻറ് കുറഞ്ഞ് 15 ശതമാനവുമായി. സമാനമായ തിരിച്ചടി സൌദി അറേബ്യയും നേരിട്ടിട്ടുണ്ട്.
റഷ്യ നല്‍കുന്ന കിഴിവുകളില്‍ കുറവ് വന്നെങ്കിലും ഈ വർഷം ആദ്യം സൗദി അറേബ്യ അടക്കമുള്ളവർ എണ്ണ വിലയില്‍ വരുത്തിയ വർധനവാണ് റഷ്യക്ക് സഹായകമായത്. അതേസമയം വെനസ്വേല ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ നിന്നും എണ്ണ എത്തിക്കാനുള്ള ശ്രമവും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications