ഇറാനല്ല... ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ? യുഎസിനും സംശയം, അന്വേഷണം
ഇറാന്‍ അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളിലെ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോള്‍ റഷ്യയുടെ സഹായം ലഭിച്ചിട്ടുണ്ടായിരിക്കാം എന്ന സംശയത്തില്‍ യുഎസ്. ഗള്‍ഫ് മേഖലയിലെ സിഐഎ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതില്‍ ഇറാനെ സഹായിക്കുന്നതിനായി റഷ്യ അത്യാധുനിക ഡ്രോണ്‍ സാങ്കേതികവിദ്യയോ ലക്ഷ്യസ്ഥാനം സംബന്ധിച്ച വിവരങ്ങളോ നല്‍കിയിട്ടുണ്ടോ എന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.
യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലുകളെക്കുറിച്ച് അറിവുള്ള നാല് പേരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പങ്കുവെക്കുന്നത്. ഈ ആക്രമണങ്ങളില്‍ മോസ്‌കോയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എന്നിരുന്നാലും, ആക്രമണങ്ങളുടെ കൃത്യതയും ഫലപ്രാപ്തിയും, ഒപ്പം ഇറാനുമായുള്ള റഷ്യയുടെ വിപുലമായ സാങ്കേതിക സഹകരണവും റഷ്യയുടെ പങ്കാളിത്തം സംബന്ധിച്ച സംശയങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് റഷ്യയുടെ പിന്തുണയുണ്ടായിരുന്ന കാര്യം യുഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ സമ്മതിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, സിഐഎ കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇതിനുമുമ്പ് പരസ്യമാക്കിയിരുന്നില്ല. മാര്‍ച്ച് മാസത്തില്‍ ഇറാനിയന്‍ ഡ്രോണുകള്‍ സിഐഎയുമായി ബന്ധമുള്ള കുറഞ്ഞത് രണ്ട് കേന്ദ്രങ്ങളിലെങ്കിലും ആക്രമണം നടത്തിയിരുന്നു. സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസി വളപ്പിനുള്ളിലെ സിഐഎ കേന്ദ്രമായിരുന്നു ഇതിലൊന്ന്.
മറ്റൊന്ന് കിഴക്കന്‍ ഇറാഖിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. സിഐഎയുടെ മറ്റ് കേന്ദ്രങ്ങളിലും ആക്രമണം നടന്നിട്ടുണ്ടാകാമെന്ന് ചില വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍, ഈ കേന്ദ്രങ്ങളുടെ അതീവ സുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. സിഐഎ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതില്‍ ഇറാനെ സഹായിക്കുന്നതില്‍ റഷ്യയ്ക്ക് പങ്കുണ്ടായിരിക്കാമെന്ന് മേഖലയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ഒരു പാശ്ചാത്യ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
എംബസി ആക്രമണ വേളയില്‍ റഷ്യ നല്‍കിയ ടാര്‍ഗെറ്റിംഗ് ഡാറ്റ ഇറാന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. റഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഷ്‌കരിച്ച ഇറാന്റെ ഷാഹെദ് ഡ്രോണുകളാണ് റിയാദ് ആക്രമണത്തില്‍ ഉപയോഗിച്ചതെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു. എംബസിയുടെ പുറംഭാഗത്തെ ഒരു ദുര്‍ബലമായ ഭാഗത്ത് ഒരു ഡ്രോണ്‍ കേടുപാടുകള്‍ വരുത്തിയെന്നും, അതിലൂടെ രണ്ടാമത്തെ ഡ്രോണിന് അകത്തേക്ക് കടന്ന് പൊട്ടിത്തെറിക്കാന്‍ സാധിച്ചുവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ കൃത്യവും എതിരാളികള്‍ക്ക് തടസപ്പെടുത്താന്‍ പ്രയാസകരവുമായ കൊമെറ്റ-എം സിസ്റ്റം ഉള്‍പ്പെടെയുള്ള സാറ്റലൈറ്റ് നാവിഗേഷന്‍ സാങ്കേതികവിദ്യ നല്‍കിക്കൊണ്ട് ഇറാന്റെ ഷാഹെദ്-136 ഡ്രോണുകള്‍ മെച്ചപ്പെടുത്താന്‍ റഷ്യ സഹായിച്ചിരിക്കാമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
മേഖലയിലെ യുഎസ് സ്വാധീനം കുറയ്ക്കുന്നതില്‍ മോസ്‌കോയ്ക്കും ടെഹ്റാനും പൊതുവായ താല്‍പ്പര്യം ഉള്ളതിനാല്‍, ആഴത്തിലുള്ള റഷ്യന്‍ ഇടപെടല്‍ അതിശയിക്കാനില്ലെന്ന് മുന്‍ സിഐഎ സ്റ്റേഷന്‍ മേധാവി ഡാനിയേല്‍ ഹോഫ്മാന്‍ പറഞ്ഞു.


Click it and Unblock the Notifications