ഉക്രെയ്‌നെതിരെ 500 ഡ്രോണുകളുമായി റഷ്യയുടെ വന്‍ വ്യോമാക്രമണം, എഫ്-16 പൈലറ്റ് കൊല്ലപ്പെട്ടു
ഉക്രെയ്‌നെതിരെ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. 2022 ല്‍ യുദ്ധ ആരംഭിച്ച ശേഷം റഷ്യ ഉക്രെയ്‌നിനെതിരെ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണ്. 470 ലധികം ഡ്രോണുകളും 60 വിവിധ തരം മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. റഷ്യന്‍ ആക്രമണത്തില്‍ ഒരു ഉക്രേനിയന്‍ എഫ്-16 പൈലറ്റ് കൊല്ലപ്പെട്ടു. റഷ്യ ഉക്രെയ്‌നിനെതിരെ ആകെ 537 വ്യോമായുധങ്ങള്‍ പ്രയോഗിച്ചു.
അതില്‍ 477 ഡ്രോണുകളും ഡെക്കോയികളും 60 മിസൈലുകളും ഉള്‍പ്പെടുന്നുവെന്ന് ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഇതില്‍ 249 എണ്ണം വെടിവച്ചിടുകയും 226 എണ്ണം ലക്ഷ്യത്തിലെത്തുകയും ചെയ്തു. രാത്രിയിലെ ആക്രമണം ഇതുവരെ രാജ്യത്ത് നടന്ന ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു. ഖേര്‍സണില്‍, ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റീജിയണല്‍ ഗവര്‍ണര്‍ ഒലെക്സാണ്ടര്‍ പ്രോകുഡിന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ചെര്‍കാസിയില്‍ ഒരു കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റതായി റീജിയണല്‍ ഗവര്‍ണര്‍ ഇഹോര്‍ ടാബുറെറ്റ്‌സ് പറഞ്ഞു. ''ഏതാണ്ട് രാത്രി മുഴുവന്‍, ഉക്രെയ്നിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പുകള്‍ മുഴങ്ങി. 477 ഡ്രോണുകള്‍ നമ്മുടെ ആകാശത്തുണ്ടായിരുന്നു, അവയില്‍ ഭൂരിഭാഗവും റഷ്യന്‍-ഇറാനിയന്‍ ഷഹെദുകളും വിവിധ തരം 60 മിസൈലുകളും ആയിരുന്നു,' ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.
'ആക്രമണം ചെറുക്കുന്നതിനിടെ, ഞങ്ങളുടെ എഫ് 16 പൈലറ്റ് മാക്‌സിം ഉസ്റ്റിമെന്‍കോ മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഹോദരങ്ങള്‍ക്കും എന്റെ അനുശോചനം. അദ്ദേഹത്തിന്റെ മരണത്തിന്റെ എല്ലാ സാഹചര്യങ്ങളും അന്വേഷിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉക്രേനിയന്‍ വ്യോമയാനം നമ്മുടെ ആകാശങ്ങളെ വീരോചിതമായി സംരക്ഷിക്കുന്നു. ഉക്രെയ്നെ പ്രതിരോധിക്കുന്ന എല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണങ്ങള്‍ നിര്‍ത്താന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കണം എന്ന് സെലന്‍സ്‌കി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ''ഈ ആഴ്ച മാത്രം, 114-ലധികം മിസൈലുകളും 1,270-ലധികം ഡ്രോണുകളും ഏകദേശം 1,100 ഗ്ലൈഡ് ബോംബുകളും ഉണ്ടായിട്ടുണ്ട്. ലോകം സമാധാനത്തിനായി ആഹ്വാനം ചെയ്തിട്ടും, യുദ്ധം തുടരുമെന്ന് പുടിന്‍ വളരെക്കാലം മുമ്പ് തീരുമാനിച്ചിരുന്നു,'' അദ്ദേഹം പറഞ്ഞു.
ഇസ്താംബൂളില്‍ പുതിയൊരു സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ ഉണ്ടായത്. എന്നിരുന്നാലും, യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമാധാന ശ്രമങ്ങള്‍ ഇതുവരെ ഒരു വഴിത്തിരിവും സൃഷ്ടിച്ചിട്ടില്ലാത്തതിനാല്‍ യുദ്ധം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല.












Click it and Unblock the Notifications