യുദ്ധം നീണ്ടുപോയാൽ പുടിൻ ഇനിയും ഭീഷണിയുമായി രംഗത്തെത്തും: യുഎസ് ഇന്റെലിജൻസ് ഏജൻസി റിപ്പോർട്ട്
വാഷിങ്ടൺ: യുക്രൈൻ കീഴടങ്ങാതെ പ്രതിരോധം തുടർന്നാൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഇനിയും ഭീഷണിയുമായി രംഗത്തെത്തുമെന്ന് യുഎസ് ഡിഎഫൻസ് ഇന്റെലിജൻസ് ഏജൻസി റിപ്പോർട്ട്. ആണവായുധ പ്രയോഗങ്ങൾ നടത്തുമെന്നത് ഉൾപ്പടെയുള്ള ഭീഷണിയുമായി പുടിൻ രംഗത്തെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. യുക്രൈൻ അധിനിവേശത്തെ തുടർന്ന് നിലവിൽ പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പടെയുള്ള രാജ്യങ്ങൾ റഷ്യക്കുമേൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നീക്കങ്ങളും യുക്രൈനിനെ പരാജയപ്പെടുത്താൻ കഴിയാത്ത അവസ്ഥയുമെല്ലാം കൂടിച്ചേരുമ്പോൾ റഷ്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കാമെന്നും ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസി ഡയറക്‌ടർ ലഫ്‌റ്റനന്‍റ് ജനറൽ സ്‌കോട്ട് ബെറിയർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആധുനിക ആയുധ നിർമാണ രംഗത്തെ റഷ്യയുടെ നിലവിലെ സ്ഥാനത്തെ ഈ നീക്കങ്ങൾ എല്ലാം പ്രതികൂലമായി ബാധിക്കുമെന്നും സ്‌കോട്ട് വാദിക്കുന്നു. യുക്രൈൻ അധിനിവേശത്തോടെ റഷ്യയുടെ വളർച്ച ചുരുങ്ങുമെന്നും റഷ്യ, ആണവായുധത്തെ മുൻനിർത്തിയാകും പാശ്ചാത്യ രാജ്യങ്ങളോടും മറ്റുള്ളവരോടും സംസാരിക്കുകയെന്നും സ്‌കോട്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ചൈനയെ കൂട്ടുപിടിച്ച് റഷ്യക്കുമേൽ കൂടുതൽ സമ്മർദം ചെലുത്താനുള്ള ശ്രമങ്ങളാണ് നിലവിൽ നടത്താൻ പോകുന്നത്. ഇതിനിടെയാണ് ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. ആണവായുധം തയ്യാറാക്കിവെക്കണമെന്ന് ഇതിനകം റഷ്യൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം യുഎസിലെ റഷ്യൻ എംബസി ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസി റിപ്പോർട്ടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേ സമയം യുക്രൈനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനയുമായി അമേരിക്ക ഇന്ന് ചർച്ച നടക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനെ ഫോണിലൂടെ ബന്ധപ്പെട്ടാകും ചർച്ച നടത്തുക. റഷ്യയെ സഹായിച്ചാല്‍ അതിന്റെ പ്രത്യാഘാതം സഹിക്കാന്‍ ചൈന തയാറായിരിക്കണമെന്ന് അമേരിക്ക ചൈനക്ക് താക്കീത് നൽകിയിരുന്നു. റഷ്യയ്ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ നികത്താന്‍ ഒരു രാജ്യവും തയാറാകരുതെന്നും ഒരു രാജ്യത്തെയും അതിന് അനുവദിക്കില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്.
റഷ്യൻ സേനയുടെ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് പേർ തങ്ങിയിരുന്ന മരിയുപോളിലെ ഒരു തീയേറ്ററിനു നേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചത്. ഇത് റഷ്യയുടെ മനുഷത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വന്‍ നഗരങ്ങള്‍ വൈകാതെ കീഴടക്കുമെന്ന് റഷ്യന്‍ പ്രതിരോധ വക്താവിന്‍റെ അവകാശവാദം.
ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശം മൂന്നാമത്തെ ആഴ്‌ചയിലേക്ക് കടന്നു. യുക്രൈനിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന് റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎൻ കോടതിയും നിർദേശിച്ചിട്ടുണ്ട്. യുക്രൈന്‍റെ പരാതിയെ തുടർന്നാണ് രാജ്യാന്തര കോടതി വിഷയം ചർച്ച ചെയ്‌തത്. അതേ സമയം സമാധാനശ്രമങ്ങൾ തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 15 ഇന രൂപരേഖ തയ്യാറാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വെടി നിർത്തൽ, സേനാ പിന്മാറ്റം, യുക്രൈൻ നാറ്റോ അംഗത്വം സ്വീകരിക്കില്ലെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രൂപരേയഖയിലുള്ളത്.












Click it and Unblock the Notifications