ഇന്ത്യയ്ക്ക് കൂടുതൽ എണ്ണ വാഗ്ദാനം ചെയ്ത് റഷ്യ; മന്ത്രി പുരിയുമായി സംസാരിച്ച് റഷ്യൻ ഉപപ്രധാനമന്ത്രി
ദില്ലി; പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉപരോധവും അമേരിക്കയിലേക്കുള്ള ഇന്ധന കയറ്റുമതി നിരോധനവും സൃഷ്ടിച്ച പ്രതിസന്ധിയ്ക്കിടെ ഇന്ത്യയിലേക്കുള്ള എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ റഷ്യ. റഷ്യൻ എണ്ണ മേഖലയിലെ ഇന്ത്യയുടെ നിക്ഷേപവും വർദ്ധിപ്പിക്കുമെന്നും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് അറിയിച്ചു. പെട്രോളിയം മന്ത്രി ഹർദീപ് പുരിയുമായി ഫോണിൽ സംസാരിക്കവേയാണ് നൊവാക് ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ മേഖലയിൽ ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ച് മുൻ ഊർജ മന്ത്രി കൂടിയായ നൊവാക്കുമായി പുരി സംസാരിച്ചുവെന്ന് റഷ്യൻ സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യയിലേക്കുള്ള റഷ്യയുടെ എണ്ണ, പെട്രോളിയം ഉൽപന്ന കയറ്റുമതി 1 ബില്യൺ ഡോളറിനടുത്തെത്തി. ഈ സംഖ്യ ഉയർത്താനുള്ള അവസരങ്ങൾ ഉണ്ട്. ഇന്ധന-ഊർജ്ജ വ്യവസായത്തിലെ നിലവിലുള്ളതും സാധ്യതയുള്ളതുമായ സംയുക്ത പദ്ധതികൾ, നിലവിലെ പദ്ധതികൾ സ്ഥിരമായി നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ഹർദീപ് പുരിയുമായി സംസാരിച്ചതായും റഷ്യൻ ഭരണകുടം പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ എണ്ണ, വാതക മേഖലയിലേക്ക് ഇന്ത്യൻ നിക്ഷേപം കൂടുതൽ ആകർഷിക്കുന്നതിനും റഷ്യൻ കമ്പനികളുടെ ഇന്ത്യയിലെ വിൽപ്പന ശൃംഖലകൾ വികസിപ്പിക്കുന്നതിനും ഞങ്ങൾക്ക് ഏറെ താത്പര്യമുണ്ട്, പ്രസ്താവനയിൽ റഷ്യ വ്യക്തമാക്കി.
യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യുഎസും യൂറോപ്യൻ യൂണിയനും മറ്റ് രാജ്യങ്ങളും റഷ്യയ്ക്ക് മേൽ ഉപരോധം കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്നും എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുമെന്ന് അമേരിക്ക അറിയിച്ചത്. ഘട്ടം ഘട്ടമായി ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. യു എസിലെ എണ്ണ , പെട്രോളിയം ഉത്പന്നങ്ങള്ളുടെ ഇറക്കുമതിയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് റഷ്യയ്ക്ക് പങ്കുള്ളത്. അതുകൊണ്ട് തന്നെ ഉപരോധം ഏർപ്പെടുത്തിയാലും പ്രതിസന്ധി നേരിടാൻ സാധിക്കുമെന്നാണ് യു എസിന്റ പ്രതീക്ഷ.
അതേസമയം രാജ്യങ്ങളുടെ തിരുമാനം എണ്ണവില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. ഒരു ഘട്ടത്തിൽ എണ്ണ വില ബാരലിന് 139 ഡോളർ കടന്നിരുന്നു. ഇപ്പോഴും വില ബാരലിന് 100 ഡോളറിൽ കൂടുതലായി തുടരുകയാണ്. ഇതോടെ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആഗോള ആശങ്ക ശക്തമായിരിക്കുകയാണ്.
പ്രതിദിനം ഏകദേശം 7 ദശലക്ഷം ബാരല്‍ അല്ലെങ്കില്‍ ആഗോള വിതരണത്തിന്റെ 7 ശതമാനം എണ്ണ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് റഷ്യ. 2020 ൽ, റഷ്യ ലോകത്തിലെ എണ്ണയുടെ 12% ഉം ലോകത്തിലെ പ്രകൃതി വാതകത്തിന്റെ 16% ഉം ഉത്പാദിപ്പിച്ചിട്ടുണ്ട്. എണ്ണ വാങ്ങാനുള്ള പുതിയ സാധ്യതകൾ കണ്ടെത്തിയില്ലേങ്കിൽ റഷ്യയെ സംബന്ധിച്ചെടുത്തോളം അത് വലിയ തിരിച്ചടിയാകും.
കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വിൽക്കാൻ റഷ്യ ഇന്ത്യയ്ക്ക് "ഓപ്പൺ ഓഫർ" നൽകിയിട്ടുണ്ടെന്ന് നേരത്തേ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗതാഗത മാർഗങ്ങൾ, വില എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. അതേസമയം റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം സാമ്പത്തികമായി "റഷ്യയെ ഒറ്റപ്പെടുത്താൻ" ശ്രമിക്കുുന്ന ഇന്ത്യയുടെ അമേരിക്കൻ, യൂറോപ്യൻ പങ്കാളികളിൽ അത് അതൃപ്തിക്ക് ഇടയാക്കിയേക്കും.
Recommended Video
അതേസമയം എണ്ണ ഉപരോധം ഏർപ്പെടുത്താനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ തിരുമാനത്തിൽ നേരത്തേ റഷ്യ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരോധം തുടർന്നാല് യൂറോപ്പ് പ്രകൃതി വാതകത്തിന് പ്രധാനമായി ആശ്രയിക്കുന്ന വാതക പൈപ്പ്‌ലൈൻ നിർത്തിവയ്ക്കുമെന്നായിരുന്നു റഷ്യയുടെ ഭീഷണി. ഇത് ആഗോള വിപണയിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു.












Click it and Unblock the Notifications