സൗദി അറേബ്യക്കും ഇറാഖിനും ഇന്ത്യയില്‍ ഇനി ഒരു തിരിച്ചു വരവില്ല: സമഗ്രാധിപത്യവുമായി റഷ്യ
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ റഷ്യ തങ്ങളുടെ മേധാവിത്വം തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തപ്പോള്‍ പരമ്പരാഗത വിതരണക്കാരായ ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള വിതരണം ഇതേ കാലയളവിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നും എനർജി കാർഗോ ട്രാക്കർ വോർടെക്സ വ്യക്തമാക്കുന്നു.
ജൂണിൽ ഇറക്കുമതി ചെയ്ത പ്രതിദിനം 1.93 ദശലക്ഷം ബാരൽ (ബിപിഡി) എന്നതാണ് സമീപകാലത്ത് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് ഏറ്റവും ഉയർന്ന അളവ്. ജൂലൈയിൽ ഇത് 1.81 ദശലക്ഷം ബി പി ഡി ആയിരുന്നു. വിലക്കിഴിവില്‍ ഇടിവുണ്ടായിട്ടും ഇന്ത്യയിലേക്കുള്ള റഷ്യയുടെ എണ്ണ വിതരണത്തിൽ വർധനവുണ്ടായി എന്നതാണ് ശ്രദ്ധേയം.

2022-ൽ ഉക്രെയ്‌ന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരനായി റഷ്യ മാറുന്നത്. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം റഷ്യ ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഒയില്‍ നൽകുകയായിരുന്നു. എന്നാല്‍ സമീപ കാലത്ത് കൂടുതൽ രാജ്യങ്ങൾ റഷ്യൻ എണ്ണ സ്വീകരിക്കുന്നതിനാൽ ഇന്ത്യക്കുള്ള കിഴിവുകൾ കുറഞ്ഞു.
അതേസമയം, സൗദി അറേബ്യയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള ഇറക്കുമതി ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഇത് ഏറ്റവും അധികം പ്രകടമായത്. ജൂണിൽ സൗദി അറേബ്യ 454000 ബി പി ഡി ക്രൂഡ് ഇന്ത്യക്ക് നൽകിയപ്പോൾ ജൂലൈയിൽ അത് 606000 ബി പി ഡിയായിരുന്നു. ഇറാഖിൽ നിന്ന് ഇന്ത്യ ജൂണിൽ 801000 ബി പി ഡിയും ജൂലൈയിൽ 603000 ബി പി ഡിയും എണ്ണ ഇറക്കുമതി ചെയ്തു.
"റഷ്യൻ ക്രൂഡിനുള്ള കിഴിവ് വലിയ തോതിലില്ലെങ്കിലും ഇന്ത്യൻ റിഫൈനർമാരെ സംബന്ധിച്ച് അത് ആകർഷകമാണ്. ഇപ്പോൾ, GRM-കൾ (ഗ്രോസ് റിഫൈനിംഗ് മാർജിനുകൾ) ആഗോളതലത്തിൽ കുറഞ്ഞു, അതിനാൽ ഡിസ്കൗണ്ടുകൾ കുറയുമ്പോഴും റഷ്യൻ ക്രൂഡ് വാങ്ങുന്നത് റിഫൈനർമാർക്ക് സാമ്പത്തികമായി ലാഭം നല്‍കുന്നു " ഐ സി ആർ എയുടെ കോർപ്പറേറ്റ് റേറ്റിംഗ്സ് വൈസ് പ്രസിഡന്റുമായ കോ-ഹെഡുമായ പ്രശാന്ത് വസിഷ്ഠ് അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നീ മൂന്ന് പൊതുമേഖല കമ്പനികളുടെ ലാഭം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 77 ശതമാനമായി കുറഞ്ഞു.












Click it and Unblock the Notifications