സിറിയക്കെതിരേ വരുന്ന യുഎസ് മിസൈലുകള്‍ വെടിവച്ചിടുമെന്ന് റഷ്യ; എങ്കില്‍ ഒരുങ്ങിക്കോളൂ എന്ന് ട്രംപ്
ബെയ്റൂത്ത്: സിറിയന്‍ വിമത കേന്ദ്രമായ ദൗമയ്ക്കെതിരേ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയക്കെതിരേ യു.എസ് മിസൈലാക്രമണം നടത്തിയാല്‍ അവ വെടിവച്ചിടുമെന്ന് ലബനാനിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ സസിപ്കിന്.
മിസൈലുകള്‍ വെടിവച്ചിടുമെന്ന് മാത്രമല്ല, അവ തൊടുത്തുവിടുന്ന യു.എസ് സൈനിക കേന്ദ്രവും ആക്രമിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള അല്‍മനാര്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് റഷ്യന്‍ അംബാസഡറുടെ ഈ മുന്നറിയിപ്പ്. ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മീര്‍ പുട്ടിനും സൈനിക മേധാവി ജനറല്‍ വലേരി ജെറാസിമോവും വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
സിറിയന്‍ തലസ്ഥാനമായ ദമസ്ക്കസിന് സമീപത്തെ വിമത കേന്ദ്രമായ കിഴക്കന്‍ ദൗമയെ പൂര്‍ണമായി മോചിപ്പിക്കാന്‍ സിറിയ-റഷ്യ സംയുക്ത സൈന്യത്തിന് സാധിച്ചതായും അംബാസഡര്‍ വ്യക്തമാക്കി.
സിറിയക്കെതിരേ നടത്തുന്ന മിസൈലാക്രമണം ചെറുക്കുമെന്ന് പറഞ്ഞ റഷ്യയ്ക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തി. യു.എസ് മിസൈലുകള്‍ റഷ്യ വെടിവെച്ചിടുമെന്നാണെങ്കില് അതിന് ഒരുങ്ങിക്കൊള്ളാന്‍ ട്രംപ് തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. താമസിയാതെ അമേരിക്കയുടെ പുതിയതും സ്മാര്‍ട്ടായതുമായ ആയുധങ്ങള്‍ സിറിയയ്ക്കു നേരെ കുതിച്ചെത്തുമെന്നും ട്രംപ് പറഞ്ഞു.
സ്വന്തം ജനതയെ കൊന്നൊടുക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന മൃഗങ്ങള്‍ക്കൊപ്പം പങ്കാളികളാവരുതെന്ന് റഷ്യയെ ഉപദേശിക്കാനും ട്രംപ് മറന്നില്ല. സിറിയയിലെ വിമത കേന്ദ്രമായ ദൗമയ്ക്കെതിരേ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെ കുറിച്ചാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. അതേസമയം, അമേരിക്കയുടെ നൂതന ആയുധങ്ങള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടത്തിനെതിരേയല്ല, ഭീകരവാദികള്‍ക്കെതിരേയാണ് ഉപയോഗിക്കേണ്ടതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മറിയ സഖറോവ പ്രതികരിച്ചു.
അമേരിക്കയുടെയും യുറോപ്യന്‍ സഖ്യകക്ഷികളുടെയും ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സിറിയന്‍ ഭരണകൂടം സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഏത് സന്നിഗ്ധ ഘട്ടത്തെയും നേരിടാനുള്ള തയ്യാറെടുപ്പ് നടത്താനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ദൗമയ്ക്കെതിരേ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സിറിയന്‍ ഭരണകൂടം വ്യക്തമാക്കി.