യുഎസിന് റഷ്യ ഡീസല്‍ കൊടുക്കും.. പുടിനുമായി കരാറായെന്ന് ട്രംപ്; പറ്റിക്കപ്പെട്ടെന്ന് സെലെന്‍സ്‌കി
അമേരിക്കയിലേക്കും ആഗോള വിപണികളിലേക്കും 300000 മെട്രിക് ടണ്ണിലധികം ഡീസല്‍ അടിയന്തരമായി നല്‍കാന്‍ റഷ്യ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപ് ഈ കരാര്‍ പ്രഖ്യാപിച്ചത്. നവംബറില്‍ മോസ്‌കോ 500000 മെട്രിക് ടണ്‍ കൂടി നല്‍കുമെന്നും തുടര്‍ന്ന് ഉടന്‍ തന്നെ 1 ദശലക്ഷം മെട്രിക് ടണ്‍ കൂടി നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം യുഎസ്-റഷ്യ ഇടപാടിനെതിരെ ഉക്രേനിയന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി. 'അവസാനിപ്പിക്കേണ്ട ഒന്നാണ് യുദ്ധം, നീട്ടിക്കൊണ്ടുപോകേണ്ടതല്ല. ഇതൊരു യുദ്ധത്തിനുള്ള നിക്ഷേപമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ മോസ്‌കോയെ അനുവദിക്കുന്നത് ഉക്രെയ്നിനെതിരായ യുദ്ധം തുടരാന്‍ റഷ്യയ്ക്ക് അധിക ഫണ്ട് നല്‍കും,' സെലെന്‍സ്‌കി പറഞ്ഞു.

2022 ഫെബ്രുവരിയില്‍ ഉക്രെയ്നിനെതിരെ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിച്ച റഷ്യയുമായുള്ള സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉക്രേനിയന്‍ പ്രതിനിധി സംഘം യുഎസില്‍ എത്തിയപ്പോഴാണ് ഈ കരാര്‍ പ്രഖ്യാപിച്ചത് എന്നും ശ്രദ്ധേയമാണ്. പുടിന് നല്‍കുന്ന സമ്മാനങ്ങള്‍ സമാധാനമോ പരിഷ്‌കൃത ലോകത്തിന് എന്തെങ്കിലും നേട്ടമോ കൊണ്ടുവരില്ല എന്ന് സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു.
റഷ്യ ഈ ഡീസലിന് പകരമായി നല്‍കുന്നത് കൂടുതല്‍ ഭീകരതയും വഞ്ചനയുമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ ടീമിനെ കേവലം ഒരു മറയായി ഉപയോഗിക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് തീര്‍ച്ചയായും ശരിയല്ല, പങ്കാളികള്‍ പരസ്പരം പെരുമാറേണ്ട രീതിയും അതല്ല, ശക്തരായ പങ്കാളികളുടെ ഭാഗത്തുനിന്നുള്ള ദുര്‍ബലമായ തീരുമാനമാണ് ഈ കരാര്‍,' അദ്ദേഹം പറഞ്ഞു.
അതേസമയം നിലവില്‍ ഇന്ധനവില കുറയ്ക്കുന്നതിനാണ് മുന്‍ഗണനയെന്ന് ട്രംപ് പറഞ്ഞു. ഡീസല്‍ വില ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യത്തില്‍, അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കും, പ്രത്യേകിച്ച് കര്‍ഷകര്‍, കന്നുകാലി വളര്‍ത്തുകാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും ഇന്ധനച്ചെലവ് കുറയ്ക്കാന്‍ റഷ്യയില്‍ നിന്നുള്ള ഈ വിതരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യന്‍ ഡീസല്‍ ഇറക്കുമതിക്ക് ഏപ്രില്‍ 7 വരെ അനുമതി നല്‍കിക്കൊണ്ട് യുഎസ് ട്രഷറി വകുപ്പ് വെള്ളിയാഴ്ച ഒരു പൊതു ലൈസന്‍സ് പുറപ്പെടുവിച്ചു. ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഊര്‍ജ്ജ കമ്പനികള്‍ക്കെതിരെ വാഷിംഗ്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നിട്ടും ഇത്തരമൊരു നടപടി സ്വീകരിച്ചതാണ് എല്ലാവരേയും അമ്പരപ്പിക്കുന്നത്. ഡീസല്‍, ഊര്‍ജ്ജം എന്നീ മേഖലകളിലെ യുഎസ്-റഷ്യ സഹകരണത്തെ പുടിന്റെ പ്രതിനിധിയായ കിറില്‍ ദിമിത്രീവ് സ്വാഗതം ചെയ്തു.
ആദ്യഘട്ടത്തില്‍ നല്‍കുന്ന 3,00,000 മെട്രിക് ടണ്‍ ഡീസല്‍ ഏകദേശം 2.25 ദശലക്ഷം ബാരലിന് തുല്യമാണ്. അതേസമയം യുഎസ് പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ ഡീസല്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നിരുന്നാലും റഷ്യയില്‍ നിന്നുള്ള ഈ വിതരണ നീക്കം ഇന്ധനവിലയില്‍ കാര്യമായതോ ദീര്‍ഘകാലം നിലനില്‍ക്കുന്നതോ ആയ കുറവുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം ആരംഭിച്ചതുമുതല്‍ യുഎസില്‍ ഡീസല്‍ വിലയില്‍ ഏകദേശം 70 ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ട്. ഉക്രെയ്‌നിലെ യുദ്ധത്തോടൊപ്പം ഈ സംഘര്‍ഷവും ആഗോള ഇന്ധന വിതരണത്തില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു. വ്യാഴാഴ്ച യുഎസിലെ ശരാശരി ഡീസല്‍ വില ഗാലണിന് 6.28 ഡോളറായി ഉയര്‍ന്നു. ഈ കരാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ, യുഎസ് ഡീസല്‍ ഫ്യൂച്ചേഴ്‌സ് വിലയില്‍ വലിയ ഇടിവുണ്ടായി.
4.8 ശതമാനത്തിലധികം കുറഞ്ഞ് ഗാലണിന് 4.64 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടന്നത്. ആഭ്യന്തര ഇന്ധനവില നിയന്ത്രിക്കുന്നതിനുള്ള കൂടുതല്‍ നടപടികളും ഭരണകൂടം പരിഗണിക്കുന്നുണ്ട്. ഡീസല്‍ വില നിയന്ത്രിക്കാനുള്ള വഴികള്‍ പരിശോധിക്കാന്‍ ട്രംപ് ചില വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ മേഖലയിലെ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.


Click it and Unblock the Notifications
