'കാത്തിരുന്ന് കാത്തിരുന്ന് ഡിപ്രഷനാണ്'; 'വെള്ളമില്ല, പകരം മഞ്ഞുരുക്കി വെള്ളമാക്കി ഞങ്ങൾ'
കീവ് : റഷ്യ യുക്രൈൻ പ്രതിസന്ധി പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ, വിവിധ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന മലയാളികൾ ഇനിയും ഉണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാദൗത്യം സംബന്ധിച്ച് വ്യക്തത ഉണ്ടാകുന്നില്ല. സുമിയിൽ അടക്കം നിരവധി മലയാളി വിദ്യാർഥികൾ ഇപ്പോഴുമുണ്ട്.
ഇത്തരത്തിൽ കുടുങ്ങി കിടക്കുന്ന 2 വിദ്യാർഥികൾ അവരുടെ സാഹചര്യം വിശദീകരിക്കുകയാണ്. യുകെയിലെ മലയാളി വിദ്യാർത്ഥികളായ മേഗ്നയും ആഗ്നസുമാണ് തങ്ങളുടെ ദുരിതം വിശദീകരിക്കുന്നത്.
മേഗ്നയുടെയും ആഗ്നസിന്റെയും വാക്കുകൾ ഇങ്ങനെ ;-

'വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇല്ലാത്ത സാഹചര്യമാണ് ഇപ്പോൾ. ഈ അവസ്ഥയിൽ ഇനി തുടരാൻ സാധിക്കില്ല. എത്രയും പെട്ടെന്ന് രക്ഷാദൗത്യം ഞങ്ങളിലേക്ക് എത്തണം. യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണ്. ഇന്ത്യൻ എംബസിയുടെ രക്ഷാദൗത്യം ഉടൻ വേണം.
ഇവിടെ വെള്ളമില്ല. അതിനാൽ തന്നെ, ഇവിടെയുള്ള മഞ്ഞുരുക്കി ആണ് വെള്ളം ഉപയോഗിക്കുന്നത്. വേഗം വീട്ടിൽ എത്തണം എന്ന ആഗ്രഹം മാത്രമേ ഉള്ളൂ. എത്രയും പെട്ടെന്ന് ഇന്ത്യൻ എംബസി ഇടപെടണം. യുക്രൈൻ സർക്കാരിന്റെയും ഇന്ത്യൻ എംബസി യുടെയും അനുവാദം ലഭിക്കുന്നില്ല. അതിനാലാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. അങ്ങനെയാണ് ഇവിടെ കോഡിനേറ്റർ പറഞ്ഞത്. യുക്രൈൻ നഗരങ്ങളിന് ചുറ്റുമുള്ള റോഡുകളെല്ലാം പൊട്ടി പൊളിഞ്ഞു കിടക്കുന്നതായി കാണാം.
ഇനി ആകെ ഉള്ള മാർഗം എന്നത് റഷ്യ വഴിയാണ്. ഇതുവഴി മാത്രമേ രക്ഷാമാർഗ്ഗം പൂർത്തിയാക്കാൻ സാധിക്കൂ. ഇല്ലെങ്കിൽ ഈ പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ രണ്ടര മണിക്കൂർ യാത്ര ചെയ്യണം. എന്നാൽ മാത്രമേ കൃത്യ സ്ഥാനത്ത് എത്താൻ കഴിയൂ യുക്രൈനിന്റെ പല തെരുവുകളിലും അക്രമം നടക്കുകയാണ്.
ഈ സാഹചര്യത്തിൽ നടന്ന് നീങ്ങി റെയിൽവേ സ്റ്റേഷനിൽ എത്തുന്നത് വളരെ പ്രയാസകരമാണ്. കാത്തിരുന്ന് കാത്തിരുന്ന് ഡിപ്രഷൻ അവസ്ഥയിലേക്ക് എത്തി നിൽക്കുന്നു. ഒന്നും രണ്ടുമല്ല, 700 പരം വിദ്യാർഥികളാണ് സുമിയിൽ മാത്രം കുടുങ്ങി കിടക്കുന്നത് - മേഗ്നയും ആഗ്നസും പറയുന്നു.
അതേസമയം, യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസിയുടെ നിർദ്ദേശം ഇന്നലെ ഉണ്ടായിരുന്നു. ഇന്ത്യക്കാർ ഒഴിപ്പിക്കൽ നടപടികൾക്കായുളള ഫോം എത്രയും പെട്ടെന്ന് പൂരിപ്പിക്കണമെന്നാണ് ഇന്ത്യൻ എംബസി ആവിശ്യപ്പെടിരുന്നത്. ഇന്ത്യക്കാർക്കായി എംബസിയുടെ ഗൂഗിൾ ഫോം ലഭ്യമാകുമെന്നും ഈ ഫോമിൽ പേരും മറ്റു വിവരങ്ങളുമാണ് നൽകേണ്ടതെന്നും എംബസി അറിയിച്ചിരുന്നു. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യൻ എംബസിയുടെ നിർദ്ദേശം ഉണ്ടായിരുന്നത്.












Click it and Unblock the Notifications