കീവിലും കാര്‍ക്കീവിലും സ്‌ഫോടനം, ബെലാറസും റഷ്യക്കൊപ്പം ഔദ്യോഗികമായി ചേര്‍ന്നേക്കും
കീവ്: റഷ്യയുമായി ചര്‍ച്ച നടക്കാനിരിക്കുകയാണെങ്കിലും യുക്രൈനിലെ യുദ്ധ തീവ്രത കുറയുന്നില്ല. യുക്രൈന്‍ തലസ്ഥാന നഗരിയായ കീവിലും കാര്‍ക്കീവിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സി തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം യുദ്ധത്തില്‍ ഔദ്യോഗികമായി ബെലാറസും ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സൈന്യത്തെയാണ് സഹായിക്കുക. നിലവില്‍ അനൗദ്യോഗികമായി എല്ലാ സഹായവും റഷ്യക്ക് ബെലാറസ് നല്‍കുന്നുണ്ട്. ബെലാറസിന്റെ പാരാട്രൂപ്പര്‍മാര്‍ യുക്രൈനെതിരെ പോരാടാന്‍ ഇറങ്ങും. അതേസമയം യുദ്ധത്തില്‍ റഷ്യക്കും കനത്ത നാശനഷ്ടങ്ങളുണ്ടായതായി യുക്രൈന്‍ അധികൃതര്‍ പറയുന്നു. 4500 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. ടാങ്കുകളും, ആയുധം നിറച്ച വാഹനങ്ങളും അടക്കം തകര്‍ത്തത് വേറെയുണ്ട്.

യുക്രൈനിലെ ചെര്‍ണിഹീവിലും കനത്ത ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. ചെര്‍ണിഹീവിലെ ഒരു റെസിഡെഷ്യല്‍ കെട്ടിടം മിസൈല്‍ ആക്രമണത്തെ തകര്‍ന്നു. രണ്ട് നിലകളില്‍ തീപ്പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. അതേസമയം എത്ര പേര്‍ മരിച്ചുവെന്ന് വ്യക്തമല്ല. കീവിലും നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ചെര്‍ണിഹീവ്. റഷ്യന്‍ സൈന്യം എല്ലാ മേഖലയില്‍ നിന്നും ഷെല്ലാക്രമണം നടത്തുകയാണ് യുക്രൈനിലെ സൈനിക ജനറല്‍ സ്റ്റാഫ് പറയുന്നു. യുക്രൈന്‍ സൈന്യത്തിന് ഇത് വളരെ ബുദ്ധിമുട്ടേറിയ സമയമാണ്. റഷ്യക്കെതിരെ തിരിച്ചടിക്കുന്നുണ്ടെന്നും യുക്രൈന്‍ സൈനിക ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി.
ഇതിനിടെ യുഎസ്സ് സംസ്ഥാനങ്ങളിലെ പല ഗവര്‍ണര്‍മാരും റഷ്യന്‍ വോഡ്ക വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇങ്ങനൊരു പ്രഖ്യാപനം. കനേഡിയന്‍ മദ്യക്കടകള്‍ റഷ്യന്‍ വോഡ്ക വില്‍പ്പനശാലകളില്‍ നിന്ന് മാറ്റുകയാണ്. ഒപ്പം റഷ്യന്‍ നിര്‍മിത മദ്യങ്ങളെല്ലാം അവര്‍ വില്‍ക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെ റഷ്യന്‍ ചെചന്‍ പോരാളികളെ യുക്രൈനെതിരെ പോരാടാന്‍ സജ്ജമാക്കിയിരിക്കുകയാണ് റഷ്യ. ചെച്‌നിയ മേഖലയിലെ നേതാവ് റംസാന്‍ കാദിറോവ് ഇക്കാര്യം സ്ഥിരീകരിച്ചു. യുക്രൈന്‍ സര്‍ക്കാരിനെ ഇവര്‍ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യുക്രൈന്‍ വിഷയത്തില്‍ നാറ്റോ, യൂറോപ്പ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ജര്‍മനി, കാനഡ, ഫ്രാന്‍സ്, ഇറ്റലി, പോളണ്ട്, ജപ്പാന്‍, റൊമാനിയ എന്നിവരുമായി ചര്‍ച്ച നടത്തും.
റഷ്യക്കെതിരെ യൂറോപ്പ്യന്‍ യൂണിയന്‍ നടപടി കടുപ്പിച്ചിരിക്കുകയാണ്. റഷ്യന്‍ വിമാനങ്ങളെ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ വ്യക്തമാക്കി. റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലൊന്നും ഇതോടെ റഷ്യയുടെ വിമാനം ഇറങ്ങില്ലെന്ന് ഉറപ്പായി. അതേസമയം ബെലാറസില്‍ യുദ്ധ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന് അഞ്ഞൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. റഷ്യയുടെ യുദ്ധത്തെ ഇവര്‍ അപലപിച്ചിരുന്നു. അതേസമയം റഷ്യയുടെ കടന്നുകയറ്റത്തെ നേരത്തെ തന്നെ പിന്തുണച്ച രാജ്യമാണ് ബെലാറസ്. അതേസമയം ആണവായുധങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ പറഞ്ഞ വ്‌ളാദിമിര്‍ പുടിന് മറുപടിയുമായി യുഎസ് രംഗത്ത് വന്നു. സ്വയം നിര്‍മിത ഭീഷണികള്‍ വിലപ്പോവില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജാന്‍ പസാക്കി പറഞ്ഞത്.












Click it and Unblock the Notifications