ഞങ്ങള്‍ റെഡി; റഷ്യയ്‌ക്കെതിരെ ആയുധമെടുക്കാന്‍ തയ്യാറെന്ന് ബോക്‌സിംഗ് ചാമ്പ്യന്മാരായ സഹോദരങ്ങള്‍
കീവ്: റഷ്യയ്‌ക്കെതിരെ ആയുധമെടുക്കാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച് മുന്‍ ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യന്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോയും സഹോദരനും ഹാള്‍ ഓഫ് ഫെയിമറുമായ വ്ളാഡിമിര്‍ ക്ലിറ്റ്ഷ്‌കോയും. തങ്ങള്‍ സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ യുക്രെനിയന്‍ സൈനികര്‍ക്കൊപ്പം ആയുധമെടുത്ത് റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്നുള്ള 'രക്തരൂക്ഷിതമായ യുദ്ധത്തില്‍' പോരാടുമെന്ന് ഇരുവരും പറഞ്ഞു. 2014 മുതല്‍ യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ മേയറായ വിറ്റാലി ക്ലിറ്റ്ഷ്‌കോ, താന്‍ യുദ്ധത്തില്‍ പോരാടാന്‍ തയ്യാറാണെന്ന് പറഞ്ഞു. എനിക്ക് മറ്റൊരു വഴിയില്ല, ഞാന്‍ അത് ചെയ്യണം. ഞാന്‍ യുദ്ധം ചെയ്യും, അദ്ദേഹം പറഞ്ഞു.
കീവ് ഭീഷണിയിലാണെന്നും പൗരന്മാര്‍ക്ക് വൈദ്യുതി, ഗ്യാസ്, വെള്ളം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെ എത്തിക്കുന്നതിന് പൊലീസുമായും സൈനിക സേനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാന മുന്‍ഗണനയെന്നും വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. സൈനികരെന്ന നിലയില്‍ കീവിനെ പ്രതിരോധിക്കാന്‍ സാധാരണക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ യുക്രൈനില്‍ വിശ്വസിക്കുന്നു, ഞാന്‍ എന്റെ രാജ്യത്തെ വിശ്വസിക്കുന്നു, എന്റെ ജനങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു,' വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.

വ്ളാഡിമിര്‍ ക്ലിറ്റ്ഷ്‌കോ ഈ മാസം ആദ്യമാണ് യുക്രൈനിന്റെ റിസര്‍വ് ആര്‍മിയില്‍ ചേര്‍ന്നത്. തന്റെ രാജ്യത്തോടുള്ള സ്നേഹമാണ് അധിനിവേശത്തെ പ്രതിരോധിക്കാന്‍ തയ്യാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രേനിയന്‍ ജനത ശക്തരാണ്. ഈ ഭയാനകമായ അഗ്‌നിപരീക്ഷയിലും ആ സത്യം തുടരും. പരമാധികാരത്തിനും സമാധാനത്തിനും വേണ്ടി കാംക്ഷിക്കുന്ന ഒരു ജനത. റഷ്യന്‍ ജനതയെ തങ്ങളുടെ സഹോദരന്മാരായി കരുതുന്ന ഒരു ജനത,' വിറ്റാലി ക്ലിറ്റ്ഷ്‌കോ സോഷ്യല്‍ മീഡിയയില്‍ എഴുതി. അടിസ്ഥാനപരമായി ഈ യുദ്ധം ആവശ്യമില്ലെന്ന് അവര്‍ക്കറിയാം. യുേ്രകനിയന്‍ ജനത ജനാധിപത്യത്തെ തിരഞ്ഞെടുത്തു.

'പക്ഷേ ജനാധിപത്യം ദുര്‍ബലമായ ഭരണമാണ്. ജനാധിപത്യത്തിന് സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. അതിന് പൗരന്മാരുടെ ഇച്ഛ, എല്ലാവരുടെയും പ്രതിബദ്ധത ആവശ്യമാണ്. അടിസ്ഥാനപരമായി, ജനാധിപത്യവാദികളില്ലാതെ ജനാധിപത്യമില്ല, അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്നാണ് വ്യാഴാഴ്ചയാണ് കര, വ്യോമ, കടല്‍ വഴിയുള്ള ആക്രമണം റഷ്യ ആരംഭിച്ചത്. സ്ഫോടനങ്ങളും വെടിവെപ്പും പ്രധാന നഗരങ്ങളെ നടുക്കിയതോടെ 100,000 ആളുകള്‍ പലായനം ചെയ്തതായി കണക്കാക്കപ്പെടുന്നു. നൂറിലേറെ കൊല്ലപ്പെട്ടെന്നാണ് യുക്രേനിയന്‍ പ്രസിഡന്റ് അറിയിച്ചത്.

അതേസമയം യുക്രെയിനിലെ സൈനിക നടപടിയുമായി റഷ്യ മുന്നോട്ടു പോകുകയാണ്. എന്ത് സംഭവിച്ചാലും യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് റഷ്യ. അതിനിടെ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഒരു പൊതു സൈനിക സന്നാഹത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 18 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ യുക്രേനിയന്‍ പുരുഷന്‍മാര്‍ക്കും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് യുക്രൈന്‍. വ്യാഴാഴ്ച രാവിലെ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ഏര്‍പ്പെടുത്തിയ പട്ടാള നിയമത്തിന്റെ കാലാവധി വരെ നിരോധനം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം പൗരന്മാരോട് യുദ്ധത്തില്‍ പങ്കെടുക്കാന്‍ യുക്രെയിന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. റഷ്യന്‍ സേനയില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കണമെന്നും അതിന് തയ്യാറായ എല്ലാ പൗരന്മാരോടും മുന്നോട്ട് വരാന്‍ ആഹ്വാനം ചെയ്യുന്നതായും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വ്യാഴാഴ്ച ആഹ്വാനം ചെയ്തിരുന്നു. റഷ്യയില്‍ ഇതുവരെ മനസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവര്‍ക്കും, യുക്രെയ്നുമായുള്ള യുദ്ധത്തിനെതിരെ പ്രതിഷേധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന്റെ രണ്ടാം ദിനമായ ഇന്നും കനത്ത നാശനഷ്ടമാണ് റഷ്യ, യുക്രൈനില്‍ വിതയ്ക്കുന്നത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ യുക്രൈനിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.












Click it and Unblock the Notifications